ഉദ്യോഗസ്ഥരെ ജഗ്ഗി വാസുദേവിന്റെ യോഗ കേന്ദ്രത്തില്‍ പരിശീലനത്തിനയയ്ക്കാന്‍ ദല്‍ഹി സര്‍ക്കാര്‍
India
ഉദ്യോഗസ്ഥരെ ജഗ്ഗി വാസുദേവിന്റെ യോഗ കേന്ദ്രത്തില്‍ പരിശീലനത്തിനയയ്ക്കാന്‍ ദല്‍ഹി സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 21st October 2025, 10:48 pm

ന്യൂദല്‍ഹി: ദല്‍ഹിയിലെ സര്‍ക്കാര്‍ ജീവനക്കാരെ ജഗ്ഗി വാസുദേവിന്റെ കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററില്‍ നേതൃത്വ പരിശീലന ക്ലാസിന് അയയ്ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്.

ബി.ജെ.പി ഭരിക്കുന്ന ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ സമ്മിശ്ര പ്രതികരണങ്ങളാണ് വരുന്നത്.

തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാര്‍ ജീവനക്കാരെയാണ് ‘ഇന്നര്‍ എഞ്ചിനീയറിങ് ലീഡര്‍ഷിപ്പ്’ പരിപാടിക്ക് അയയ്ക്കുന്നതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

പരിശീലന പരിപാടിക്കായി യോഗ്യതയുള്ള ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ അതത് സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതലയുള്ള ഐ.എ.എസ് ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

1500 മുതല്‍ 3000 രൂപ വരെ ഫീസ് വാങ്ങിയാണ് ഇന്നര്‍ എഞ്ചിനീയറിങ് പ്രോഗ്രാം ഇഷ ഫൗണ്ടേഷന്‍ നടത്തുന്നതെന്നാണ് ഇവരുടെ വെബ്‌സൈറ്റ് നല്‍കുന്ന വിവരം. വൊളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായി യോഗ സെന്ററും പരിസരവും സന്ദര്‍ശിക്കാനാകും.

യോഗാ ശാസ്ത്രത്തിലധിഷ്ടിതമായ ഇന്നര്‍ എഞ്ചിനീയറിങ് ലീഡര്‍ഷിപ്പ് പരിപാടി ഒരാള്‍ക്ക് കരുത്തുറ്റ മനശക്തി നല്‍കാന്‍ സഹായിക്കുന്ന ഉപകരണമായി പ്രവര്‍ത്തിക്കുമെന്ന് ഇഷ ഫൗണ്ടേഷന്‍ വെബ്‌സൈറ്റില്‍ കുറിച്ചു.

സദ്ഗുരു എന്നറിയപ്പെടുന്ന ജഗ്ഗി വാസുദേവ് സ്ഥാപിച്ച ഇഷ ഫൗണ്ടേഷന്‍ കോയമ്പത്തൂരിലെ വെള്ളിയാന്‍ഗിരിയിലാണ് സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രം കൂടിയാണ് ഇഷ ഫൗണ്ടേഷന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സ്.

Content  Highlight: Delhi government to send government officials for training at Jaggi Vasudev’s yoga center