ജനരോഷം; പഴയ വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ ഇന്ധനവിലക്കില്‍ നിന്ന് താത്കാലികമായി പിന്മാറണമെന്ന് ദല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം
national news
ജനരോഷം; പഴയ വാഹനങ്ങള്‍ക്കേര്‍പ്പെടുത്തിയ ഇന്ധനവിലക്കില്‍ നിന്ന് താത്കാലികമായി പിന്മാറണമെന്ന് ദല്‍ഹി സര്‍ക്കാര്‍ നിര്‍ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd July 2025, 8:21 pm

ന്യൂദല്‍ഹി: കാലപ്പഴക്കം ചെന്ന വാഹനങ്ങള്‍ക്ക് പെട്രോള്‍ പമ്പുകളില്‍ നിന്ന് എണ്ണ നല്‍കില്ലെന്ന തീരുമാനത്തില്‍ നിന്ന് പിന്നോട്ടടിച്ച് ദല്‍ഹി സര്‍ക്കാര്‍. വാഹനങ്ങള്‍ക്ക് ഇന്ധന വിലക്ക് ഏര്‍പ്പെടുത്തിയ തീരുമാനം നടപ്പിലാക്കുന്നതില്‍ സാവകാശം ആവശ്യപ്പെട്ട് പരിസ്ഥിതി മന്ത്രിയായ മഞ്ജീന്ദര്‍ സിങ് സിര്‍സ കമ്മീഷന്‍ ഫോര്‍ എയര്‍ ക്വാളിറ്റി മാനേജ്‌മെന്റിന് കത്തയച്ചു.

ഇത്തരത്തില്‍ ഇന്ധനവിലക്ക് ഏര്‍പ്പെടുത്തുന്നതിന് നഗരത്തില്‍ സാങ്കേതിക തകരാറുണ്ടെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. ‘ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്നിഷന്‍ (എ.എന്‍.പി.ആര്‍) സംവിധാനം മുഴുവന്‍ നഗരത്തിലും തടസമില്ലാതെ സംയോജിപ്പിക്കുന്നതിനുള്ള നിര്‍ദേശം നമ്പര്‍. 89 വരെ നിര്‍ത്തിവെക്കാന്‍ ഞങ്ങള്‍ കമ്മീഷനോട് അഭ്യര്‍ത്ഥിക്കുന്നു,’ മന്ത്രി അയച്ച കത്തില്‍ പറയുന്നു.

വായുവിന്റെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിന് സര്‍ക്കാര്‍ നടത്തുന്ന ഇത്തരം ശ്രമങ്ങള്‍ ഗുണനിലവാരം ഉയര്‍ത്തുന്നതില്‍ വലിയ പുരോഗതി കൈവരിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ നീക്കത്തില്‍ ജനങ്ങള്‍ അതൃപ്തരാണെന്നും സര്‍ക്കാര്‍ അവരോടൊപ്പം നില്‍ക്കുന്നുവെന്നും സിര്‍സ പത്രസമ്മേളനത്തില്‍ പറഞ്ഞു.

15 വര്‍ഷത്തിന് മേല്‍ പഴക്കമുള്ള പെട്രോള്‍ വാഹനങ്ങള്‍ക്കും 10 വര്‍ഷത്തില്‍ കൂടുതലുള്ള ഡീസല്‍ വാഹനഹള്‍ക്കുമാണ് ഇന്ധന വിലക്ക് ഏര്‍പ്പെടുത്തിയത്. ജൂലായ് ഒന്ന് മുതല്‍ തീരുമാനം പ്രാവര്‍ത്തികമാക്കാനാണ് ദല്‍ഹിയിലെ ബി.ജെ. പി സര്‍ക്കാര്‍ പദ്ധതിയിട്ടിരുന്നത്.

പ്രസ്തുത ദിവസം മുതല്‍ കാലാവധി അവസാനിച്ച വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സി.എ.ക്യു.എം ഏപ്രിലില്‍ ഇന്ധന സ്റ്റേഷനുകള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. ദല്‍ഹി രജിസ്‌ട്രേഷന്‍ ഉള്ളതോ അല്ലാത്തതോ ആയ എല്ലാ വാഹനങ്ങള്‍ക്കും ഈ നിര്‍ദേശം ബാധകമായിരുന്നു.

പെട്രോള്‍ പമ്പുകളില്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ എഴുതി വെക്കാനും ഉത്തരവുണ്ടായിരുന്നു.

എന്നാല്‍ സര്‍ക്കാരിന്റെ ഈ തീരുമാനം ജനദ്രോഹപരമാണെന്നും വാഹനകമ്പനികള്‍ക്ക് ആദായമുണ്ടാക്കി കൊടുക്കാനുള്ള തന്ത്രമാണെന്നും പ്രതിപക്ഷമായ ആം ആദ്മി സര്‍ക്കാര്‍ ആരോപിക്കുന്നുണ്ട്.

Content Highlight: Delhi government seeks pause on fuel ban for end-of-life vehicles due  to protest