ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ദല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ‘സേവ പഖ്വാര’ എന്ന പേരില്‍ പ്രത്യേക ആഘോഷപരിപാടികള്‍ക്ക് രൂപം നല്‍കിയെന്ന് ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത അറിയിച്ചു. മോദിയുടെ 75ാം പിറന്നാള്‍ ഗാന്ധി ജയന്തി വരെ ആഘോഷമാക്കാനാണ് ദല്‍ഹി സര്‍ക്കാരിന്റെ നീക്കം.
പ്രധാനമന്ത്രിയുടെ ജന്മദിനമായ സെപ്റ്റംബര്‍ 17 മുതല്‍ ഗാന്ധി ജയന്തിയായ ഒക്ടോബര്‍ രണ്ട് വരെയാണ് ആഘോഷ പരിപാടികള്‍ നീണ്ടുനില്‍ക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സേവ പഖ്വാരയില്‍ 75 പരിപാടികളാണ് സംഘടിപ്പിക്കുന്നത്. നാലോളം പുതിയ ആശുപത്രി കെട്ടിടങ്ങളുടെ ഉദ്ഘാടനവും 150ആയുഷ്മാന്‍ ആരോഗ്യ മന്ദിറുകളുടെ ഉദ്ഘാടനവും ഇതിന്റെ ഭാഗമായി നടക്കും.
കൂടാതെ, മറ്റ് ക്ഷേമപദ്ധതികള്‍ക്കും സേവ് പഖ്വാരയില്‍ തുടക്കമിടുന്നുണ്ട്. തീവ്രശുചിത്വ യജ്ഞം, വിദ്യാഭ്യാസം, പാര്‍പ്പിടം, ഗതാഗതം തുടങ്ങിയ മേഖലകളില്‍ കൂടുതല്‍ പദ്ധതികളും പ്രഖ്യാപിക്കുമെന്നും രേഖ ഗുപ്ത അറിയിച്ചു.
വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം, പുതിയ പ്രവൃത്തികളുടെ തറക്കല്ലിടല്‍,ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പുനരാംഭിക്കല്‍ തുടങ്ങിയവയാണ് സേവ പഖ്വാരയില്‍ നടക്കാനിരിക്കുന്നത്.
ഔപചാരികതയ്ക്ക് വേണ്ടിയല്ല സേവ് പഖ്വാരയില്‍ പരിപാടികള്‍ പ്രഖ്യാപിക്കുന്നതെന്നും പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഉറപ്പുവരുത്തുമെന്നും രേഖ ഗുപ്ത അറിയിച്ചു.
രാജ്യത്തിനായി ജീവിതത്തിലെ ഓരോ നിമിഷവും സമര്‍പ്പിച്ച പ്രധാനമന്ത്രിക്കുള്ള ആദരവായാണ് അദ്ദേഹത്തിന്റെ ജന്മദിനം വിപുലമായി ആഘോഷിക്കുന്നതെന്നും രേഖ ഗുപ്ത അറിയിച്ചു.
ഭരിക്കുന്ന പാര്‍ട്ടിയേതെന്ന് നോക്കാതെ എല്ലാ സംസ്ഥാനങ്ങള്‍ക്കും തുല്യമായ പ്രാധാന്യം നല്‍കുന്ന പ്രധാനമന്ത്രിയാണ് മോദിയെന്ന് രേഖ ഗുപ്ത അവകാശപ്പെട്ടു.
എല്ലാ പൗരന്മാര്‍ക്കും വേണ്ടി സമതയോടെ പ്രവര്‍ത്തിച്ച പ്രധാനമന്ത്രിക്കുള് ബഹുമാനാര്‍ത്ഥമാണ് ദല്‍ഹി സര്‍ക്കാര്‍ സേവ പഖ്വാര പ്രഖ്യാപിക്കുന്നതെന്നും രേഖ ഗുപ്ത മാധ്യമങ്ങളോട് പറഞ്ഞു.