ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി; സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ച് ദൽഹി കോടതി
India
ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തി; സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ച് ദൽഹി കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th December 2025, 3:59 pm

ന്യൂദൽഹി: ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയ സംഭവത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് നോട്ടീസ് അയച്ച് ദൽഹി കോടതി.

1983 ൽ ഇന്ത്യൻ പൗരത്വം നേടുന്നതിന് മുമ്പ് 1980 ലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ചേർത്തിട്ടുണ്ടെന്ന് അവകാശപ്പെട്ടുകൊണ്ടുള്ള ഹരജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചൂണ്ടിക്കാട്ടി സോണിയ ഗാന്ധിക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നാണ് ഹരജിയിലെ ആവശ്യം.

1980 ൽ ദൽഹി മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയെന്നാരോപിച്ച് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വിസമ്മതിച്ച മജിസ്റ്റീരിയൽ കോടതി ഉത്തരവിനെ ചോദ്യം ചെയ്ത വികാസ് ത്രിപാഠി സമർപ്പിച്ച ഹരജിയിലാണ് നടപടി.

2026 ജനുവരി ആറിലേക്ക് കേസ് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.

സോണിയ ഗാന്ധിക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെ ഹരജിക്കാരൻ ആവശ്യപ്പെടുന്നത് പോലെ അന്വേഷണം നടത്താൻ കഴിയില്ലെന്ന് കോടതി പറഞ്ഞിരുന്നു.

ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അധികാരപരിധിയിൽ കടന്നുകയറ്റം നടത്താൻ കഴിയില്ലെന്നും കോടതി പറഞ്ഞു.

1980 ലെ സാക്ഷ്യപ്പെടുത്താത്ത വോട്ടർ പട്ടികയുടെ പകർപ്പായ വോട്ടർ പട്ടികയെ മാത്രമാണ് ഹരജിക്കാരൻ ആശ്രയിച്ചതെന്നും അതിനാൽ വഞ്ചനയുടെയോ വ്യാജരേഖ ചമയ്ക്കലിന്റെയോ നിയമപരമായ ഘടകങ്ങൾ ഉൾപ്പെടുത്തുന്നതിന് ആവശ്യമായ വിശദംശങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: Delhi court issues notice to Sonia Gandhi for including her name in voter list before acquiring Indian citizenship