പ്രഭാസ് നായകനായി എത്തുന്ന ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്ന ഹരജി തള്ളി ദല്‍ഹി കോടതി. റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് ഹരജി നല്‍കിയത്.
സിനിമയുടെ റിലീസ് മാറ്റിവച്ചിരിക്കുകയാണെന്നും സിനിമയില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നതായും അറിഞ്ഞതിനാല്‍ കേസ് പിന്‍വലിക്കാന്‍ അനുവദിക്കണമെന്ന് അഭിഭാഷകന്‍ രാജ് ഗൗരവ് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ച കോടതി അഭിഭാഷകന്‍ നല്‍കിയ ഹരജി തള്ളുക ആയിരുന്നു.
അതേസമയം, പലതവണ റിലീസ് മാറ്റിവച്ച ആദിപുരുഷ് ജൂണ്‍ 16ന് റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. ജനുവരി 12ന് ആദിപുരുഷ് തിയറ്ററുകളില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും പിന്നീട് റിലീസ് മാറ്റുകയായിരുന്നു.
രാമായണത്തെ ആസ്പദമാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാവണനായി സെയ്ഫ് അലി ഖാനും രാമനായി പ്രഭാസും ആണ് എത്തുന്നത്. ടി സിരീസ്, റെട്രോഫൈല്‍സ് എന്നീ ബാനറുകളില്‍ ഭൂഷണ്‍ കുമാര്‍, കൃഷന്‍ കുമാര്‍, ഓം റാവത്ത്, പ്രസാദ് സുതാര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.
സണ്ണി സിംഗ്, ദേവ്ദത്ത നാഗെ, വല്‍സല്‍ ഷേത്ത്, സോണല്‍ ചൌഹാന്‍, തൃപ്തി തൊറാഡ്മല്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 16ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്.
ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസര്‍ ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ചിത്രത്തിന്റെ വി.എഫ്.എക്‌സിനെ പരിഹസിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.
കൊച്ചു ടിവിക്ക് വേണ്ടിയാണോ സിനിമ ഒരുക്കിയതെന്നാണ് പലരും ടീസറിനെക്കുറിച്ച് ചോദിച്ചത്. രാമായണത്തെയും രാവണനെയും ആദിപുരുഷ് തെറ്റായി ചിത്രീകരിക്കുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
content highlight: Delhi court dismisses petition stay on release of Adipurush