ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി
Daily News
ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹി കോടതി തള്ളി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 20th May 2026, 7:37 am

ന്യൂദല്‍ഹി: പൗരത്വ സമരകാലത്തെ കേസുകളില്‍ വിചാരണ തടവില്‍ കഴിയുന്ന ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ ദല്‍ഹിയിലെ കര്‍കര്‍ദൂമ കോടതി തള്ളി. 15 ദിവസത്തേക്ക് ജാമ്യം ആവശ്യപ്പെട്ട്‌ ഉമര്‍ ഖാലിദ് സമര്‍പ്പിച്ച ജാമ്യഹരജിയാണ് കോടതി ചൊവ്വാഴ്ച തള്ളിയത്.

ജൂണ്‍ രണ്ടിന് തീരുമാനിച്ചിരിക്കുന്ന മാതാവിന്റെ ശസ്ത്രക്രിയ അടക്കമുള്ള ആവശ്യങ്ങള്‍ ജാമ്യ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മാതാവിന്റെ ശസ്ത്രക്രിയക്ക് മുന്‍പും ശേഷവുമുള്ള സഹായത്തിനായി ജാമ്യം വേണമെന്ന് ഹരജിയില്‍ ആവശ്യപ്പെടുന്നു. ഇതിന് പുറമെ തന്റെ അന്തരിച്ച അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കണമെന്ന ആവശ്യവും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

ഉമര്‍ ഖാലിദിനും കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മറ്റുള്ളവര്‍ക്കും മുമ്പ് ഇടക്കാല ജാമ്യം നല്‍കിയതിനാലും അവര്‍ ജാമ്യ വ്യവസ്ഥകള്‍ പാലിച്ചിരുന്നു എന്നതിനാലും വീണ്ടും ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. ഉമര്‍ ചൂണ്ടിക്കാട്ടിയ ആവശ്യങ്ങള്‍ ജാമ്യം അനുവദിക്കാനുള്ള കാരണമല്ലെന്നും  കര്‍കര്‍ദൂമ കോടതി അഡീഷനല്‍ സെഷന്‍സ് ജഡ്ജ് സമീര്‍ ബജ്‌പൈയുടെ ഉത്തരവില്‍ പറയുന്നു.

ഉമറിന് നാല് സഹോദരിമാരുണ്ടെന്നും മാതാവിന്റെ ശസ്ത്രക്രിയുടെ സമയത്ത് അവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അത്യാവശ്യമായ കാര്യമായി കാണാനാവില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

ഈ വര്‍ഷം ജനുവരിയില്‍ ഉമര്‍ ഖാലിദ് അടക്കമുള്ളവര്‍ക്ക് ജാമ്യം നിഷേധിച്ച സുപ്രീം കോടതി വിധിയില്‍ കോടതിയുടെ മറ്റൊരു ബെഞ്ച് കഴിഞ്ഞ ദിവസം വിയോജിപ്പ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉമറിന്റെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ദല്‍ഹി കോടതി വിധി.

ഉമര്‍ ഖാലിദിനും ഒപ്പം പൗരത്വ സമരകാലത്തെ കേസുകളില്‍ വിചാരണ തടവില്‍ കഴിയുന്ന ഷര്‍ജീല്‍ ഇമാമിനും ജാമ്യം നിഷേധിച്ച അരവിന്ദ് കുമാര്‍, എന്‍.വി. അഞ്ചാരിയ എന്നിവരുടെ ബെഞ്ചിന്റെ വിധിയിലായിരുന്നു ബി.വി. നാഗരത്ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് തിങ്കളാഴ്ച വിയോജിപ്പ് പ്രകടിപ്പിച്ചത്. നേരത്തെ മറ്റൊരു കേസില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി മറി കടന്നാണ് അരവിന്ദ് കുമാര്‍, അഞ്ചാരിയ എന്നിവരുടെ ബെഞ്ച് ജാമ്യം നിഷേധിച്ചതെന്ന് നാഗരത്ന, ഉജ്ജല്‍ ഭുയ്യാന്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചിരുന്നു.

യു.എ.പി.എ കേസുകളില്‍ വിചാരണക്കുള്ള കാലതാമസം ജാമ്യം നല്‍കാന്‍ മതിയായ കാരണമാണെന്ന് 2021ലെ കെ.എം. നജീബ് കേസില്‍ സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി നിലവിലുണ്ട്. ഈ വിധി ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹരജി പരിഗണിച്ച രണ്ടംഗ ബെഞ്ച് മറികടന്നു. കൂടുതല്‍ അംഗങ്ങളുള്ള ബെഞ്ചിന്റെ നേരത്തെയുള്ള വിധികള്‍ കുറഞ്ഞ അംഗങ്ങളുള്ള ബെഞ്ച് പിന്തുടരേണ്ടതുണ്ടെന്ന് നാഗരത്‌നയുടെയും ഉജ്ജല്‍ ഭുയ്യാന്റെയും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

ജാമ്യമാണ് നിയമമെന്നും ജയില്‍ എന്നത് അപൂര്‍വ സാഹചര്യങ്ങളില്‍ മാത്രമാണ് എന്നുമുള്ള വ്യവസ്ഥ യു.എ.പി.എ കേസുകളിലും ബാധകമാണെന്നും നാഗരത്നയുടെയും, ഉജ്ജല്‍ ഭുയ്യാന്റെയും ബെഞ്ച് നിരീക്ഷിച്ചിരുന്നു.

Content Highlight: Delhi Riots: Court Denies Interim Bail To Umar Khalid