ദല്‍ഹിയില്‍ കോണ്‍ഗ്രസില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു; തിങ്കളാഴ്ച പാര്‍ട്ടി വിട്ടത് മുന്‍ എം.എല്‍.എയും മുന്‍ എം.പിയുടെ മകനും
national news
ദല്‍ഹിയില്‍ കോണ്‍ഗ്രസില്‍ നിന്ന് ആംആദ്മി പാര്‍ട്ടിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു; തിങ്കളാഴ്ച പാര്‍ട്ടി വിട്ടത് മുന്‍ എം.എല്‍.എയും മുന്‍ എം.പിയുടെ മകനും
ന്യൂസ് ഡെസ്‌ക്
Monday, 13th January 2020, 6:25 pm

ന്യൂദല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ നിന്നുള്ള നേതാക്കള്‍ ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നത് തുടരുന്നു. തിങ്കളാഴ്ച രണ്ട് നേതാക്കളാണ് കോണ്‍ഗ്രസ് വിട്ടത്.

രാം സിങ് നേതാജി, വിനയ് മിശ്ര എന്നീ നേതാക്കളാണ് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മുന്‍ എം.എല്‍.എയാണ് രാം സിങ് നേതാജി. മുന്‍ കോണ്‍ഗ്രസ് എം.പി മഹാബല്‍ മിശ്രയുടെ മകനാണ് വിനയ് മിശ്ര.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇവരെ കൂടാതെ ജയ് ഭഗവാന്‍ ഉപഹാര്‍, നവീന്‍ ദീപു ചൗധരി എന്നിവരും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുടെ സാന്നിദ്ധ്യത്തിലാണ് ഈ നേതാക്കളെല്ലാം അംഗത്വം സ്വീകരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്‍ ദല്‍ഹി യൂത്ത് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ജഗദീഷ് യാദവും മുന്‍ എം.എല്‍.എയും മുന്‍ ഡെപ്യൂട്ടി സ്പീക്കറുമായിരുന്ന ഷൊഹൈബ് ഇഖ്ബാലും കോണ്‍ഗ്രസ് വിട്ട് ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ദല്‍ഹി ഒ.ബി.സി കമ്മീഷന്‍ ചെയര്‍മാനായും ജഗദീഷ് യാദവ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രിതാല മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു ജഗദീഷ് യാദവ്. നിലവില്‍ കോണ്‍ഗ്രസ് പ്രകടന പത്രിക സമിതിയിലും തെരഞ്ഞെടുപ്പ് സമിതിയിലും പ്രവര്‍ത്തിച്ചു വരികയായിരുന്നു ജഗദീഷ് യാദവ്.

ജഗദീഷ് യാദവിനോടൊപ്പം കോണ്‍ഗ്രസ് വിജയ് വിഹാര്‍ ബ്ലോക്ക് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ വികാസ് യാദവും ബി.ജെ.പിയുടെ ബന്‍സി ദോഗ്രയും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.

മാതിയ മഹലില്‍ നിന്നും അഞ്ച് തവണ എം.എല്‍.എയായിട്ടുണ്ട് ഷൊഹൈബ് ഇഖ്ബാല്‍. ഷൊഹൈബിനോടൊപ്പം എം.സി.ഡി കൗണ്‍സിലര്‍മാരായ മൊഹമ്മദ് ഇഖ്ബാലും സുല്‍ത്താന അബാദിയും ആംആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടുണ്ട്.