ഇന്ത്യ ഒന്നാം നമ്പര്‍ രാജ്യമാകുന്നത് വരെ വിശ്രമിക്കില്ല; പുതിയ 'മിഷന്‍' ലോഞ്ച് ചെയ്ത് കെജ്‌രിവാള്‍
national news
ഇന്ത്യ ഒന്നാം നമ്പര്‍ രാജ്യമാകുന്നത് വരെ വിശ്രമിക്കില്ല; പുതിയ 'മിഷന്‍' ലോഞ്ച് ചെയ്ത് കെജ്‌രിവാള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th August 2022, 12:42 pm

ന്യൂദല്‍ഹി: ഇന്ത്യയെ നമ്പര്‍ വണ്‍ ആക്കുന്നതിനുള്ള മിഷന്‍ ലോഞ്ച് ചെയ്ത് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മിഷന്‍ ടു മേക്ക് ഇന്ത്യ നമ്പര്‍ വണ്‍ (Mission to Make India number 1) എന്ന പേരിലാണ് ആം ആദ്മി നേതാവ് കെജ്‌രിവാള്‍ ബുധനാഴ്ച ക്യാമ്പെയിന്‍ ആരംഭിച്ചത്.

2024ല്‍ നടക്കാനിരിക്കുന്ന അടുത്ത പൊതുതെരഞ്ഞെടുപ്പും ഉടന്‍ നടക്കാനിരിക്കുന്ന ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളും മുന്നില്‍ക്കണ്ടാണ് കെജ്‌രിവാളിന്റെ രാഷ്ട്രീയ നീക്കം.

സൗജന്യ വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, തൊഴില്‍, ‘സ്ത്രീകള്‍ക്ക് സുരക്ഷ, തുല്യത, ബഹുമാനം’, കാര്‍ഷിക വിളകള്‍ക്ക് ന്യായമായ വില എന്നിവയാണ് കെജ്‌രിവാള്‍ മുന്നോട്ടുവെക്കുന്ന അഞ്ച് പോയിന്റുകള്‍ അടങ്ങിയ വിഷന്‍.

ഇന്ത്യയെ ‘ലോകത്തിലെ വലിയ സാമ്പത്തിക ശക്തിയായും വിദ്വേഷത്തില്‍ നിന്നും ശത്രുതയില്‍ നിന്നും വിമുക്തി നേടിയ ഏറ്റവും മികച്ച രാജ്യമായും മാറ്റുന്നതില്‍’ കോണ്‍ഗ്രസും ബി.ജെ.പിയും തങ്ങള്‍ക്കൊപ്പം ചേരണമെന്നും ദല്‍ഹിയിലെ ടാല്‍കടോറ സ്‌റ്റേഡിയത്തില്‍ പ്രസംഗിക്കുന്നതിനിടെ കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.

”ഇത് എന്റെ പാര്‍ട്ടിയുടെ മാത്രം മിഷനല്ല. ഇത് ഇവിടത്തെ 130 കോടി ജനങ്ങളുടെ മിഷനാണ് എന്നാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്.

എല്ലാ പാര്‍ട്ടികളും ഇതിന് വേണ്ടി ഒരുമിച്ച് നില്‍ക്കണം. ഇനി നമുക്ക് പരസ്പരം പോരടിക്കാന്‍ പറ്റില്ല. നീണ്ട 75 വര്‍ഷങ്ങള്‍ നമ്മള്‍ പരസ്പരം പോരടിച്ച് പാഴാക്കിക്കളഞ്ഞു.

കോണ്‍ഗ്രസ് ബി.ജെ.പിയുമായി പോരടിക്കുന്നു, ബി.ജെ.പി ആം ആദ്മിയുമായി പോരടിക്കുന്നു. ഹിന്ദുക്കള്‍ മുസ്‌ലിങ്ങളോട് മത്സരിക്കുന്നു മുസ്‌ലിങ്ങള്‍ ക്രിസ്ത്യാനികളോട് മത്സരിക്കുന്നു. എല്ലാ ഫൈറ്റുകളും അവസാനിപ്പിക്കൂ.

നമ്മള്‍ ഇങ്ങനെ പരസ്പരം പോരടിക്കുന്നത് തുടര്‍ന്നാല്‍ നമ്മുടെ ഇന്ത്യ ഒരിക്കലും ഏറ്റവും മികച്ച രാജ്യമായി മാറില്ല. നമ്മള്‍ ഒരു കുടുംബം പോലെ ജീവിക്കേണ്ടതുണ്ട്,” കെജ്‌രിവാള്‍ പറഞ്ഞു.

തന്റെ മിഷന് എല്ലാ ജനങ്ങളുടെയും പിന്തുണയും പങ്കാളിത്തവും ഉറപ്പാക്കുന്നതിന് വേണ്ടി രാജ്യം മുഴുവന്‍ സഞ്ചരിക്കുമെന്നും ദല്‍ഹി മുഖ്യമന്ത്രി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Delhi CM Arvind Kejriwal launches new ‘mission to make India number 1 country’