ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പ്രതിചേര്‍ക്കപ്പെട്ട ഷര്‍ജീല്‍ ഇമാം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിച്ചു.
ഉമര്‍ ഖാലിദിനും ഷര്‍ജീല്‍ ഇമാമിനുമടക്കം ഒമ്പത് പേര്‍ക്ക് ദല്‍ഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു. സെപ്റ്റംബര്‍ 22നായിരുന്നു ഈ വിധി. ഇതിനുപിന്നാലെയാണ് ഷര്‍ജീല്‍ ഇമാം ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ഷര്‍ജീലിന്റെത് ഉള്‍പ്പടെയുള്ള ജാമ്യാപേക്ഷകള്‍ തള്ളിയ ദല്‍ഹി ഹൈക്കോടതി പ്രതിഷേധത്തിന്റെ പേരിലുള്ള അക്രമം അഭിപ്രായ സ്വാതന്ത്ര്യമല്ലെന്ന് പരാമര്‍ശിച്ചിരുന്നു.
പ്രതിഷേധങ്ങളുടെയോ പ്രകടനങ്ങളുടെയോ മറവില്‍ ഗൂഢാലോചന നടത്തിയുള്ള അക്രമങ്ങള്‍ അനുവദിക്കാനാകില്ല. ഈ പ്രവര്‍ത്തികളെ ഭരണകൂട സംവിധാനങ്ങള്‍ നിയന്ത്രിക്കണം, പരിശോധിക്കണം. സംസാരസ്വാതന്ത്ര്യത്തിന്റെയോ സംഘടനാ സ്വാതന്ത്ര്യത്തിന്റെയോ പരിധിയില്‍ ഇതൊന്നും പെടില്ലെന്നും കോടതി പറഞ്ഞിരുന്നു.
‘My speeches call for non-violence, not rebellion’; Sharjeel Imam in High Court
ജസ്റ്റിസ് നവീന്‍ ചൗള, ജസ്റ്റിസ് ഷാലിന്ദര്‍ കൗര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ജാമ്യഹരജി തള്ളിയത്. ഗൂഢാലോചനയില്‍ ഷര്‍ജീല്‍ ഇമാമിന്റെയും ഉമര്‍ ഖാലിദിന്റെയും പങ്ക് പ്രഥമദൃഷ്ട്യാ ഗുരുതരമാണെന്ന് കോടതി വിധിയില്‍ പറഞ്ഞിരുന്നു. സംഭവത്തിലെ മുഖ്യ ആസൂത്രകരാണ് ഇരുവരുമെന്നും 133 പേജുള്ള വിധിന്യായത്തില്‍ പറഞ്ഞിരുന്നു.
ഡിസംബര്‍ നാലിന് ജാമിയ മിലിയ, ഡി.യു, എ.എം.യു തുടങ്ങിയ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികളെ കൂട്ടത്തോടെ എത്തിക്കാനായി ഷര്‍ജീല്‍ ഇമാം വിവിധ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.
കൂടാതെ ഗൂഢാലോചനാ യോഗങ്ങളില്‍ പങ്കെടുത്തെന്നും ഇന്ത്യയിലുടനീളം ഇമാം പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നും പ്രോസിക്യൂഷന്‍ വാദിക്കുകയും ചെയ്തിരുന്നു.
2020ല്‍ വടക്കുകിഴക്കന്‍ ദല്‍ഹിയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായി(സി.എ.എ) നടന്ന പ്രതിഷേധത്തിനിടെ പൊട്ടിപ്പുറപ്പെട്ട അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് ഷര്‍ജീല്‍ ഇമാം ഉള്‍പ്പടെ ഒമ്പത് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം, മുഹമ്മദ് സലീം ഖാന്‍, ഷിഫാ-ഉര്‍-റഹ്‌മാന്‍, അത്തര്‍ ഖാന്‍, ഖാലിദ് സൈഫി, ഗുല്‍ഫിഷ ഫാത്തിമ, മീരാന്‍ ഹൈദര്‍, ഷദാബ് എന്നിവരാണ് പ്രതിപ്പട്ടികയില്‍ ഉള്ളത്. ഇവര്‍ക്ക് എതിരെ യു.എ.പി.എ ചുമത്തിയിട്ടുണ്ട്.