ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും തമ്മിലുള്ള വമ്പന്‍ പോരാട്ടമാണ് നടക്കുന്നത്. അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ബെംഗളൂരു ദല്‍ഹിയെ ആദ്യം ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
എന്നാല്‍ ബാറ്റിങ്ങിനിറങ്ങിയ ദല്‍ഹിക്ക് വമ്പന്‍ പ്രഹരമാണ് ബെംഗളൂരു ബൗളര്‍മാര്‍ നല്‍കിയത്. നിലവില്‍ 11 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട ദല്‍ഹി 58 റണ്‍സാണ് നേടിയത്.
ഭുവനേശ്വര്‍ കുമാറിന്റെയും ജോഷ് ഹേസല്‍വുഡ്ഡിന്റെയും മിന്നല്‍ സ്‌പെല്ലിന് മുന്നില്‍ മുട്ടുകുത്തുകയായിരുന്നു ദല്‍ഹി. ഇരുവരുടെയും പവര്‍പ്ലേ സ്‌പെല്ലില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ വെറും 13 റണ്‍സ് മാത്രമായിരുന്നു ദല്‍ഹി അടിച്ചത്. ഇതോടെ ഒരു നാണംകെട്ട റെക്കോഡും ദല്‍ഹിയുടെ തലയില്‍ പതിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ഇന്നിങ്‌സിലെ ഏറ്റവും ചെറിയ പവര്‍പ്ലേ സ്‌കോറാണിത്.
— Royal Challengers Bengaluru (@RCBTweets) April 27, 2026
2022ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ് ഹൈദരാബാദ് 14/3 എന്ന നിലില്‍ മോശം പവര്‍പ്ലേ സ്‌കോര്‍ ഉയര്‍ത്തിയിരുന്നു. 2009ല്‍ രാജസ്ഥാന്‍ ബെംഗളൂരുവിനെതിരെ 14/2 എന്ന നിലയിലും മോശം സ്‌കോര്‍ രേഖപ്പെടുത്തിയിരുന്നു.
മത്സരത്തിലെ രണ്ടാം പന്തില്‍ സഹില്‍ പരാഗിനെ പൂജ്യം റണ്‍സിന് കൂടാരം കയറ്റി ഭുവിയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കം കുറിച്ചത്. രണ്ടാം ഓവറിനെത്തിയ ഹേസല്‍വുഡ് ആദ്യ പന്തില്‍ കെ.എല്‍. രാഹുലിനെയും (1), സമീര്‍ റിസ്‌വിയെയും പുറത്താക്കി വതകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെച്ചത്.
ബൗളിങ്ങില്‍ തിരിച്ചെത്തിയ ഭുവി അധികം വൈകാതെ മൂന്നാം ഓവറില്‍ ട്രിസ്റ്റന്‍ സ്റ്റബ്‌സിനെയും (5) പുറത്താക്കി വേട്ട തുടര്‍ന്നു. പ്രതീക്ഷ നിലനിര്‍ത്താന്‍ കളത്തിലിറങ്ങിയ ദല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേലിനെയും ഒരു ദയയും കാണിക്കാതെ ഭുവനേശ്വര്‍ എക്‌സ്പ്രസ് കൂടാരം കയറ്റി.
പിന്നീട് നിതീഷ് റാണയെയും തീര്‍ത്ത് ഹേസല്‍വുഡ് താണ്ഡവം തുടര്‍ന്നപ്പോഴേക്കും ദല്‍ഹിയുടെ ശക്തി തീര്‍ന്നിരുന്നു.