വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു കിരീടം സ്വന്തമാക്കിയിരുന്നു. അവസാന അങ്കത്തില്‍ ശക്തമായ പോരാട്ടം കാഴ്ചവെച്ച ദല്‍ഹി ക്യാപിറ്റല്‍സിനെ പരാജയപ്പെടുത്തിയാണ് ടീമിന്റെ വിജയം. ആറ് വിക്കറ്റിന് ജയിച്ചാണ് പ്ലേ ബോള്‍ഡ് ആര്‍മി തങ്ങളുടെ രണ്ടാം കപ്പുയര്‍ത്തിയത്.
വഡോദരയില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ദല്‍ഹി ഡബ്ല്യു.പി.എല്‍ ഫൈനലിലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറായ 203 റണ്‍സെടുത്തിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ സ്മൃതി മന്ഥാനായുടെയും ജോര്‍ജിയ വോളിന്റെയും പ്രകടനങ്ങളില്‍ ബെംഗളൂരു ഈ സ്‌കോര്‍ മറികടന്നു. അതോടെ ദല്‍ഹിയ്ക്ക് മറ്റൊരു ഫൈനലില്‍ കൂടി തോല്‍വി വഴങ്ങേണ്ടി വന്നു.
Four finals. Endless effort.
Delhi Capitals Women fall short once more, but their journey continues to inspire💙 pic.twitter.com/lSnopG3xRU
ഈ വര്‍ഷത്തെ ഫൈനല്‍ ദല്‍ഹിയുടെ നാലാമത്തേതായിരുന്നു. ഡബ്ല്യു.പി.എല്ലിന്റെ ഉദ്ഘാടന സീസണ്‍ മുതല്‍ ഓരോ എഡിഷനുകളിലെയും ഫൈനലില്‍ ദല്‍ഹിയെന്ന ടീമുണ്ടായിരുന്നു. ടൂര്‍ണമെന്റില്‍ തന്നെ ഇങ്ങനെയൊരു ടീം വേറെയില്ല.
ടൂര്‍ണമെന്റിന്റെ എല്ലാ എഡിഷനുകളിലും ദല്‍ഹി ഫൈനലില്‍ എത്തിയെങ്കിലും ഒരിക്കല്‍ പോലും അവര്‍ക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിച്ചില്ല. ഡബ്ല്യു.പി.എല്ലിന്റെ ഉദ്ഘാടന സീസണില്‍ മുംബൈ ഇന്ത്യന്‍സാണ് എതിരാളികളായി എത്തിയത്. അന്ന് പക്ഷേ, ടീമിന് ഫൈനലിൽ കിരീടം സ്വന്തമാക്കാനായില്ല.
അവിടെ നിന്ന് തുടങ്ങിയതാണ് ദല്‍ഹിയുടെ നിര്‍ഭാഗ്യം. രണ്ടാം സീസണില്‍ ബെംഗളൂരുമായി ഫൈനലില്‍ ടീം ഏറ്റുമുട്ടി. 2024ലും ടീമിന് ജേതാക്കളാവാന്‍ ഭാഗ്യം ലഭിച്ചില്ല. അടുത്ത വര്‍ഷവും ദല്‍ഹി പതിവ് പോലെ ഫൈനലിലെത്തി.
ഈ വര്‍ഷമെങ്കിലും തങ്ങളുടെ പ്രിയ ടീം കിരീടമുയര്‍ത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഇത്തവണയും നിരാശയായിരുന്നു ഫലം. 2025ലെ ഫൈനലില്‍ മുംബൈക്ക് മുന്നിലാണ് ടീമിന് അടിയറവ് പറയേണ്ടി വന്നത്.
അതിന് ശേഷം 2026ലെ സീസണിലും ദല്‍ഹി ഫൈനലില്‍ എത്തിയപ്പോള്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു. സീസണിന്റെ തുടക്കത്തിലെ നിരാശപ്പെടുത്തിയ പ്രകടനങ്ങള്‍ക്ക് ശേഷം പിന്നീട് ഒരു തിരിച്ചുവരവ് നടത്തിയാണ് ടീം ഫൈനലില്‍ പ്രവേശിച്ചത്. ഇതുകൊണ്ട് തന്നെ ഈ വര്‍ഷം നിരാശരാകേണ്ടി വരില്ലെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷകളത്രെയും.
എന്നാല്‍, ഇത്തവണയും ദല്‍ഹിക്ക് കപ്പിനും ചുണ്ടിനുമിടയില്‍ വീണ്ടും ചാമ്പ്യന്‍പട്ടം നഷ്ടമായി. ഇത്തവണയും കണ്ണീരോടെ തന്നെ ടീമിന് സീസണ്‍ അവസാനിപ്പിക്കേണ്ടിയും വന്നു.
Content Highlight: Delhi Capitals finish as runners up for the fourth consecutive final in WPL