ജെമീമ സ്‌പെഷ്യല്‍; മുംബൈയെ ഹാട്രിക്ക് തോല്‍വിയിലേക്ക് തള്ളിയിട്ട് ദല്‍ഹി
WPL
ജെമീമ സ്‌പെഷ്യല്‍; മുംബൈയെ ഹാട്രിക്ക് തോല്‍വിയിലേക്ക് തള്ളിയിട്ട് ദല്‍ഹി
ഫസീഹ പി.സി.
Tuesday, 20th January 2026, 11:32 pm

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ച് ദല്‍ഹി ക്യാപിറ്റല്‍സ്. ഇന്ന് ടൂര്‍ണമെന്റില്‍ ഏഴ് വിക്കറ്റിനാണ് ടീമിന്റെ വിജയം. ഒരു ഘട്ടത്തില്‍ പതറിയ ദല്‍ഹിയെ ക്യാപ്റ്റന്‍ ജെമിമയുടെ ഇന്നിങ്സാണ് വിജയിപ്പിച്ചത്.

മത്സരത്തില്‍ ആദ്യ ബാറ്റ് ചെയ്ത മുംബൈ 155 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി. ഇത് പിന്തുടര്‍ന്ന ദല്‍ഹി ആറ് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. ഇതോടെ മുംബൈ ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങി.

ദല്‍ഹിക്കെതിരെ ആദ്യം ചെയ്ത മുംബൈക്കായി നാറ്റ് സിവര്‍ ബ്രണ്ടും ഹര്‍മന്‍ പ്രീത് കൗറും തിളങ്ങി. സിവര്‍ ബ്രണ്ട് 45 പന്തില്‍ 65 റണ്‍സെടുത്തപ്പോള്‍ കൗര്‍ 33 പന്തില്‍ 41 റണ്‍സും സ്‌കോര്‍ ചെയ്തു. ഒപ്പം നിക്കോള കാരിയും ഹെയ്ലി മാത്യൂസും 12 റണ്‍സ് വീതം സംഭാവന ചെയ്തു.

ക്യാപിറ്റല്‍സിനായി നല്ലപുരേഡ്ഡി ചരണി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാരിസന്‍ കാപ്പും നന്ദിനി ശര്‍മയും ഓരോ വിക്കറ്റ് വീതവും പിഴുതു.

മറുപടി ബാറ്റിങ്ങില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും ഒന്ന് പതറിയിരുന്നു. എന്നാല്‍, അവസാന ഓവറുകളിലെ ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസിന്റെ വെടിക്കെട്ട് ടീമിന് വിജയം സമ്മാനിച്ചു. ടീമിനായി മികച്ച പ്രകടനം നടത്തിയതും ക്യാപ്റ്റന്‍ തന്നെയാണ്.

ജെമീമ 37 പന്തില്‍ പുറത്താവാതെ 51 റണ്‍സ് സ്‌കോര്‍ ചെയ്തു. ഒപ്പം ലീസല്ലെ ലീ (28 പന്തില്‍ 46), ഷെഫാലി വര്‍മ (24 പന്തില്‍ 29 ) എന്നിവര്‍ സംഭാവന ചെയ്തു.

വൈഷ്ണവി ശര്‍മയും അമന്‍ജോത് കൗറുമാണ് മുംബൈക്കായി വിക്കറ്റ് വീഴ്ത്തിയത്.

Content Highlight: Delhi Capitals defeated Mumbai Indians with Jemimah Rodrigues heriocs; MI face hat – trick defeat in WPL 2026

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി