എസ്.എ 20യില്‍ ഐ.പി.എല്‍ ടീമായ രാജസ്ഥാന്‍ റോയല്‍സ് താരം ഡൊണോവന്‍ ഫെരേര എന്ന വിക്കറ്റ് കീപ്പര്‍ ഓള്‍റൗണ്ട് പ്രകടനം നടത്തി ആരാധകരെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ആഴ്ച രണ്ട് മത്സരങ്ങളില്‍ കളിച്ച് 45 റണ്‍സ് വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സ്വന്തമാക്കിയതിനൊപ്പം മൂന്ന് വിക്കറ്റും താരം തന്റെ അക്കൗണ്ടിലെത്തിച്ചിരുന്നു. കൂടാതെ, ടൂര്‍ണമെന്റില്‍ ജോബര്‍ഗ് സൂപ്പര്‍ കിങ്‌സിനായി രണ്ട് റണ്‍ഔട്ടുകള്‍ നടത്തുകയും ചെയ്തിരുന്നു.
അത് ഒരു വിദേശ ലീഗിലായിരുന്നെങ്കില്‍ നമ്മുടെ ഇന്ത്യയിലാണ് മറ്റൊരു ‘ഞെട്ടിക്കല്‍ ഇന്നിങ്സ്’ പിറന്നിരിക്കുന്നത്. ഇന്ന് വിജയ് ഹസാരെയിലെ ഒരു ബൗളറുടെ അത്യുജ്ജലമായ ബാറ്റിങ്ങാണ് ആരാധകരെ ഞെട്ടിച്ചത്. ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത് ജമ്മു കാശ്മീര്‍ താരം ആക്വിബ് നബിയുടെ ഇന്നിങ്സാണ്.
ആക്വിബ് നബി. Photo: Danish/x.com
ഇന്ന് വിജയ് ഹസാരെയില്‍ ജമ്മു കാശ്മീര്‍ – ഹൈദരാബാദ് മത്സരത്തിലാണ് ആക്വിബ് നബിയുടെ ബാറ്റിങ് ക്രിക്കറ്റ് പ്രേമികള്‍ക്ക് വിരുന്നൊരുക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സെടുത്തിരുന്നു. ഈ വിജലക്ഷ്യം പിന്തുടര്‍ന്ന ജമ്മു ആക്വിബിന്റെ കരുത്തിലാണ് വിജയം നേടിയെടുത്തത്.
മറുപടി ബാറ്റിങ്ങില്‍ ജമ്മു കാശ്മീര്‍ ഏഴിന് 90 എന്ന നിലയില്‍ തകര്‍ന്നടിഞ്ഞിരുന്നു. ഹൈദരാബാദ് അനായാസം വിജയിക്കുമെന്ന് ഏവരും ഏറെ കുറെ ഉറപ്പിച്ചിരിക്കെയാണ് ആക്വിബ് രക്ഷകനായി രംഗ പ്രവേശം നടത്തിയത്. അവിടെനിന്ന് ഒരു വിക്കറ്റ് പോലും നഷ്ടമാവാതെയാണ് ജമ്മുവിന് ഫാസ്റ്റ് ബൗളര്‍ വിജയം സമ്മാനിച്ചത്.
ആക്വിബ് ടീമിന്റെ വിജയം ഉറപ്പിച്ചത് എട്ടാമനായി എത്തി സെഞ്ച്വറി അടിച്ചാണ്. എട്ടാമനായി എത്തിയ താരം 82 പന്തില്‍ പുറത്താവാതെ 114 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഏഴ് സിക്സും പത്ത് ഫോറുമാണ് 29കാരന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
സെഞ്ച്വറിക്ക് പുറമെ സഹതാരം വന്ശജ് ശര്‍മയ്ക്കൊപ്പം 150+ റണ്‍സിന്റെ കൂട്ടുകെട്ടും ആക്വിബ് ഉയര്‍ത്തി. ഇരുവരും ചേര്‍ന്ന് 182 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തത്. ഇതോടെ ജമ്മു കാശ്മീര്‍ 47.5 ഓവറില്‍ ചരിത്ര വിജയവും സ്വന്തമാക്കി.
ആക്വിബ് നബി. Photo: Saabir Zafar/x.com
ബൗളറുടെ ബാറ്റിങ് മികവില്‍ ജമ്മു കാശ്മീരിനേക്കാള്‍ ഏറെ സന്തോഷിക്കുന്നത് മറ്റൊരു ടീമായിരിക്കും. മറ്റാരുമല്ല ആക്വിബിനെ സ്വന്തം തട്ടകത്തില്‍ എത്തിച്ച ഐ.പി.എല്‍ ടീം ദല്‍ഹി ക്യാപ്റ്റില്‍സാണിത്. താരത്തെ ഇക്കഴിഞ്ഞ ഐ.പി.എല്‍ മിനി ലേലത്തില്‍ ദല്‍ഹി 8. 40 കോടി രൂപയ്ക്കാണ് ടീമില്‍ എത്തിച്ചത്.
30 ലക്ഷം അടിസ്ഥാന വിലയുള്ള ആക്വിബിനെ കടുത്ത പോരാട്ടത്തിനൊടുവിലാണ് ദല്‍ഹി സ്വന്തമാക്കിയത്. അതിനാല്‍ തന്നെ താരത്തിന്റെ ബാറ്റിങ് മികവ് ടീമിനും ആരാധകര്‍ക്കും നല്‍കുന്ന ആഹ്ലാദം ചെറുതല്ല.
Content Highlight: Delhi Capitals’ bowler Aquib Nabi score century in Vijay Hazare Trophy