അധികാരത്തിലെത്തി അഞ്ച് മാസത്തിനകം ദൽഹിയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടു; ചേരി പൊളിച്ചുമാറ്റലുകളിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്‌രിവാൾ
national news
അധികാരത്തിലെത്തി അഞ്ച് മാസത്തിനകം ദൽഹിയിലെ ജനങ്ങൾ വഞ്ചിക്കപ്പെട്ടു; ചേരി പൊളിച്ചുമാറ്റലുകളിൽ ബി.ജെ.പിയെ കടന്നാക്രമിച്ച് അരവിന്ദ് കെജ്‌രിവാൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 30th June 2025, 8:07 am

ന്യൂദൽഹി: ദൽഹിയിലെ ചേരികൾ പൊളിച്ചുമാറ്റുന്നതിൽ സർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ. ബി.ജെ.പി സർക്കാർ തങ്ങളുടെ ‘സമ്പന്നരായ സുഹൃത്തുക്കൾക്ക്’ വേണ്ടി ചേരിയിലെ വാസസ്ഥലങ്ങൾ തകർക്കുകയാണെന്ന് ദൽഹി മുൻ മുഖ്യമന്ത്രി വിമർശിച്ചു. പൊളിച്ചുമാറ്റൽ തുടർന്നാൽ ഭരണകക്ഷിക്ക് കാലാവധി പൂർത്തിയാക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

25 വർഷത്തിനുശേഷം ദൽഹിയിൽ അധികാരത്തിൽ തിരിച്ചെത്തിയ ബി.ജെ.പി, ‘ജഹാൻ ജുഗ്ഗി വഹാൻ മകാൻ’ (താമസിക്കുന്നിടത്ത് തന്നെ വീട്) എന്ന വാഗ്ദാനം ലംഘിച്ചുവെന്നും സർക്കാർ രൂപീകരിച്ച് മാസങ്ങൾക്കുള്ളിൽ ചേരികൾ തകർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തറിൽ തന്റെ അനുയായികളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചേരിയിലെ സാധാരണക്കാർക്ക് വ്യാജ ഉറപ്പുകൾ നൽകിയെന്നും പൊളിക്കൽ നിർത്തിയില്ലെങ്കിൽ തന്റെ പാർട്ടി പുതിയ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

‘പ്രധാനമന്ത്രി നരേന്ദ്ര മോദി ‘ജഹാൻ ജുഗ്ഗി, വഹാൻ മകാൻ’ (താമസിക്കുന്നിടത്ത് തന്നെ വീട്) എന്ന് പറഞ്ഞിരുന്നു. എന്നാൽ അദ്ദേഹം ഉദ്ദേശിച്ചത് ‘ജഹാൻ ജുഗ്ഗി, വഹാൻ മൈതാൻ’ (താമസിക്കുന്നിടത്ത് തന്നെ മൈതാനം) എന്നാണ്. അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ വ്യാജമാണ്. ഭാവിയിൽ അവയിൽ വീഴരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു,’ ആം ആദ്മി തലവൻ പറഞ്ഞു.

പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചുകൊണ്ട് കെജ്‌രിവാൾ അദ്ദേഹത്തെ നുണയൻ എന്ന് വിളിക്കുകയും ചേരി നിവാസികളോട് ബി.ജെ.പിക്കോ കോൺഗ്രസിനോ വോട്ട് ചെയ്യരുതെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തു.

രേഖ ഗുപ്തയുടെ നേതൃത്വത്തിലുള്ള ദൽഹി സർക്കാർ വെറും അഞ്ച് മാസം കൊണ്ട് നഗരത്തെ നശിപ്പിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു. തങ്ങൾ അധികാരത്തിൽ നിന്നിറങ്ങുമ്പോൾ ഉണ്ടായിരുന്ന ദൽഹിയുടെ മികച്ച രൂപത്തെ അവർ വികൃതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ‘മണിക്കൂറുകൾ നീണ്ട വൈദ്യുതി മുടക്കം, സ്കൂൾ ഫീസ് വർധന, അവരുടെ മന്ത്രിമാരും എം.എൽ.എമാരും ദൽഹിയെ കൊള്ളയടിക്കുന്ന തിരക്കിലാണ്,’ അദ്ദേഹം വിമർശിച്ചു.

അതേസമയം കെജ്‌രിവാളിന്റെ പ്രതിഷേധത്തെ പരാജയ പ്രകടനം എന്നുപറഞ്ഞുകൊണ്ട് ബി.ജെ.പി തള്ളിക്കളഞ്ഞു. കൊവിഡ് -19 സമയത്ത് ദരിദ്രരെ ദുരിതത്തിലാക്കിയ ഇരട്ടമുഖമുള്ള നേതാവാണ് കെജ്‌രിവാളെന്ന് ബി.ജെ.പി ആരോപിച്ചു.

 

Content Highlight: Delhi betrayed in just 5 months: Arvind Kejriwal vs BJP showdown over demolitions