അംബേദ്കറെ പുറത്താക്കിയ ദല്‍ഹി ബി.ജെ.പി സര്‍ക്കാര്‍ സവര്‍ക്കറുടെ ചിത്രങ്ങളാല്‍ നിയമസഭ അലങ്കരിക്കാന്‍ പ്രമേയം പാസാക്കി
national news
അംബേദ്കറെ പുറത്താക്കിയ ദല്‍ഹി ബി.ജെ.പി സര്‍ക്കാര്‍ സവര്‍ക്കറുടെ ചിത്രങ്ങളാല്‍ നിയമസഭ അലങ്കരിക്കാന്‍ പ്രമേയം പാസാക്കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 22nd May 2025, 7:17 am

ന്യൂദല്‍ഹി: ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറിന്റെ ഛായാചിത്രങ്ങള്‍ ഉപയോഗിച്ച് നിയമസഭ അലങ്കരിക്കാന്‍ തീരുമാനിച്ച് ദല്‍ഹിയിലെ ബി.ജെ.പി സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ദല്‍ഹി സര്‍ക്കാര്‍ പ്രമേയം പാസാക്കി. സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത അധ്യക്ഷത വഹിച്ച പൊതുഉദ്ദേശ സമിതി യോഗത്തിലാണ് പ്രമേയം പാസാക്കിയത്.

സവര്‍ക്കറിന് പുറമെ ഹിന്ദു തത്വചിന്തകന്‍ ദയാനന്ദ് സരസ്വതി, ഹിന്ദു മഹാസഭ സ്ഥാപകന്‍ മദന്‍ മോഹന്‍ മാളവ്യ എന്നിവരുടെയും ചിത്രങ്ങളും ദല്‍ഹി നിയമസഭയില്‍ സ്ഥാപിക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യസമരം, സാമൂഹിക പരിഷ്‌കരണം, വിദ്യാഭ്യാസ നവോത്ഥാനം എന്നീ മേഖലകളില്‍ സംഭാവന നല്‍കിയവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് നിയമസഭ അലങ്കരിക്കുമെന്ന് സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത ഇന്നലെ (ബുധന്‍) പ്രഖ്യാപിക്കുകയായിരുന്നു.

നിയമസഭാ കെട്ടിടത്തിനുള്ളില്‍ ഇവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ഭാവി തലമുറകള്‍ക്ക് പ്രചോദനം നല്‍കുമെന്നും ദേശസ്‌നേഹം, സേവനം, ജനാധിപത്യ ആദര്‍ശങ്ങള്‍ എന്നിവയുടെ മൂല്യങ്ങളെ ശക്തിപ്പെടുത്തുമെന്നുമാണ് ദല്‍ഹി സര്‍ക്കാര്‍ പറയുന്നത്.

‘തീരുമാനത്തിന്റെ ലക്ഷ്യമെന്നത് സവര്‍ക്കര്‍, ദയാനന്ദ് സരസ്വതി, മാളവ്യ എന്നിവരുടെ മഹത്തായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, ജനാധിപത്യ ആദര്‍ശങ്ങള്‍ സംരക്ഷിക്കുകയും ദല്‍ഹിയിലെ ജനങ്ങള്‍ക്കിടയില്‍ ആഴത്തില്‍ വേരൂന്നിയ ദേശീയ അഭിമാനം, സാംസ്‌കാരിക പൈതൃകം, പൗര ഉത്തരവാദിത്തം എന്നിവ പ്രോത്സാഹിപ്പിക്കുകയുമാണ്,’ വിജേന്ദര്‍ ഗുപ്ത പറഞ്ഞു.

വിധാന്‍ സഭയുടെ പരിസരത്തായിരിക്കും സവര്‍ക്കര്‍ അടക്കമുള്ളവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ജനറല്‍ പര്‍പ്പസസ് കമ്മിറ്റി അംഗം അഭയ് വര്‍മ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നിലവില്‍ ദല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുന്നുണ്ട്. സവര്‍ക്കറെ പോലുള്ള വിവാദ നേതാക്കളുടെ ചിത്രങ്ങള്‍ നിയമസഭയില്‍ സ്ഥാപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ പ്രതികരണം.

നേരത്തെ ദല്‍ഹി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ബി.ആര്‍. അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്തത് വലിയ വിവാദമായിരുന്നു. അംബേദ്ക്കറുടെ ചിത്രം നീക്കം ചെയ്ത ബി.ജെ.പി രാഷ്ട്രപിതാവ് മഹാത്മാഗാന്ധി, രാഷ്ട്രപതി ദ്രൗപതി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുടെ ചിത്രങ്ങള്‍ ഓഫീസില്‍ സ്ഥാപിക്കുകയായിരുന്നു.

സംഭവത്തില്‍ പ്രതിഷേധവുമായി ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെയും സംസ്ഥാനത്തെ മറ്റെല്ലാ ഓഫീസുകളില്‍ നിന്നും അംബേദ്ക്കറുടെയും ഭഗത് സിങ്ങിന്റെയും ചിത്രങ്ങള്‍ നീക്കിയതായി പ്രതിപക്ഷ നേതാവ് അതിഷി മാര്‍ലേന അറിയിച്ചിരുന്നു. ബി.ജെ.പിയുടെ ദളിത്-സിഖ് വിരുദ്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അതിഷി പ്രതികരിച്ചിരുന്നു.

Content Highlight: Delhi Assembly to display portraits of Savarkar, Dayanand Saraswati, Malviya