നില്‍പ്പ് സമരം ദേശീയശ്രദ്ധയിലേക്ക്: ഐക്യദാര്‍ഢ്യവുമായി ചിത്രകാരന്‍മാര്‍ ദല്‍ഹിയില്‍
Daily News
നില്‍പ്പ് സമരം ദേശീയശ്രദ്ധയിലേക്ക്: ഐക്യദാര്‍ഢ്യവുമായി ചിത്രകാരന്‍മാര്‍ ദല്‍ഹിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th October 2014, 3:27 pm

nilp[] ന്യൂദല്‍ഹി: കേരളത്തില്‍ വ്യപകമായ പിന്തുണയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്ന  ആദിവാസികളുടെ നില്‍പ്പ് സമരം ദേശീയ ശ്രദ്ധയിലേയ്ക്ക്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ദല്‍ഹി ജന്തര്‍ മന്തറില്‍ ചിത്രമെഴുത്ത് സമരം നടന്നു. ദല്‍ഹിയിലെ പ്രമുഖ ചിത്രകാരന്മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍, ജവഹര്‍ലാല്‍ നെഹ് റു, ജാമിയ, ദല്‍ഹി യൂണിവേഴ്‌സിറ്റികളിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചിത്രമെഴുത്ത് സമരത്തില്‍ പങ്കെടുത്ത് കൊണ്ട് നില്പ് സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ആദിവാസികളുടെ പ്രശ്‌നങ്ങളും നില്‍പ്പ് സമരത്തിലെ സര്‍ക്കാറിന്റെ അനാസ്ഥയും ജംബോ ക്യാന്‍വാസില്‍ ചിത്രങ്ങളായി മാറി. നില്‍പ്പ് സമരത്തിന് ഐക്യദാര്‍ഢ്യ സന്ദേശങ്ങളും കേരള സര്‍ക്കാരിനോടുള്ള പ്രതിഷേധവും വിവിധ ഭാഷകളില്‍ ക്യാന്‍വാസുകളില്‍ രേഖപ്പെടുത്തപ്പെട്ടപ്പോള്‍ ഒരുസമരം ബഹുമുഖമായ പിന്തുണ ആര്‍ജിക്കുന്നതിന്റെ വ്യക്തമായ സന്ദേശമായി മാറി.

ജവഹര്‍ലാല്‍ നെഹ് റു യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയനും, ഐസ, ഡി.എസ്.എഫ്, എ.ഐ.എസ്.എഫ്, ഡി.എസ്.യു, എന്‍.എസ്.യു (ഐ), എസ്.ഐ.ഒ. തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും ചിത്രം വരച്ച് നില്‍പ് സമരത്തോട് അനുഭാവം പ്രകടിപ്പിച്ചത് ശ്രദ്ധേയമായി. മാതൃപാര്‍ട്ടിയില്‍ നിന്നും വ്യത്യസ്തമായ സമീപനം ആണ് ചില വിദ്യാര്‍ത്ഥി സംഘടനകള്‍ ഈ വിഷയത്തില്‍ സ്വീകരിച്ചത്.

ആദിവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് ദശാബ്ദങ്ങള്‍ പഴക്കമുണ്ടെന്നും അത് പരിഹരിക്കാന്‍ ഒരു യഥാര്‍ത്ഥ ജനകീയ സര്‍ക്കാറിനു മാത്രമെ സാധിക്കുകയുള്ളൂ എന്നു ചിത്രമെഴുത്ത് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രൊഫസര്‍ കൃഷ്ണനുണ്ണി അഭിപ്രായപെട്ടു.

ദല്‍ഹിയിലെ ഓപ്പണ്‍ ഫോറം ആണ് ചിത്രമെഴുത്ത് സമരം സംഘടിപ്പിച്ചത്. നില്‍പ്പ് സമരവുമായി ബന്ധപെട്ട് ഓപ്പണ്‍ ഫോറം നടത്തുന്ന രണ്ടാമത്തെ പരിപാടിയാണ് ചിത്രമെഴുത്ത് സമരം.

സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഈ സമരത്തില്‍ ഇടപെട്ട് ആദിവാസികളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണം എന്ന് ഓപ്പണ്‍ ഫോറം ആവശ്യപെട്ടു. ഈ സമരത്തിനു ഫലം കാണുന്നത് വരെ ദേശീയ തലസ്ഥാനത്ത് വിവിധ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോവാനാണ് ഓപ്പണ്‍ ഫോറം ഉദ്ദേശിക്കുന്നതെന്ന് ടി.ഹരിദാസ് അഭിപ്രായപെട്ടു. പ്രതിഷേധ ചിത്രങ്ങള്‍ എഴുതിയ ക്യാന്‍വാസ് തിരുവനന്തപുരത്തെ നില്‍പ് സമരപന്തലിലേക്ക് അയച്ച് കൊടുക്കും..