സംസ്ഥാനത്ത് പോക്സോ കേസുകൾ തീർപ്പാക്കാൻ കാലതാമസം: ബാലാവകാശ കമ്മീഷൻ
Kerala
സംസ്ഥാനത്ത് പോക്സോ കേസുകൾ തീർപ്പാക്കാൻ കാലതാമസം: ബാലാവകാശ കമ്മീഷൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 2nd November 2025, 8:22 am

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്സോ കേസുകൾ തീർപ്പാക്കാൻ കാലതാമസമുണ്ടാകുന്നെന്ന് ബാലാവകാശ കമ്മീഷൻ. പോലീസും ഫോറൻസിക് ഡിപ്പാർട്മെന്റും പ്രോസിക്യൂട്ടർമാരുമാണ് ഇതിന് ഉത്തരവാദികളെന്ന് ബാലാവകാശ കമ്മീഷൻ ചെയർ പേഴ്സൺ കെ.വി മനോജ് കുമാർ ന്യൂസ് മലയാളം 24X 7 നോട് പറഞ്ഞു.

അതിജീവിതർക്കുള്ള പുനരധിവാസം നടപ്പാക്കാൻ നഷ്ടപരിഹാരം നൽകണമെന്ന വ്യവസ്ഥയുണ്ടെന്നും കോടതി ഉത്തരവിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പണം നൽകാൻ കഴിയുന്നില്ലെന്നും കേന്ദ്ര ഫണ്ട് ലഭിക്കാത്തതാണ് കാരണമെന്നും മനോജ് കുമാർ പറഞ്ഞു. അതിജീവിതരിൽ ഏറെ പേരും ദുരിതത്തിലാണെന്നും 98 % പേർക്കും നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘സമയബന്ധിതമായി കേസുകൾ തീർക്കുക എന്നത് ബാലാവകാശ കമ്മീഷന്റെ മുന്നിൽ മാത്രമുള്ള കാര്യമല്ല കോടതിയുടെ മുമ്പാകെയുള്ള കാര്യമാണ്. പ്രത്യേകിച്ച് കുട്ടികളുടെ കേസുകൾ ഇന്ന് അവർ കുട്ടിയായിരിക്കും എന്നാൽ നാളെ അവർ കുട്ടിയല്ലാതാവുകയാണ്,’ മനോജ് കുമാർ പറഞ്ഞു.

നീതിന്യായവ്യവസ്ഥയുടെ പ്രശ്നങ്ങൾ കൊണ്ടും പൊലീസ്, ഫോറൻസിക്, പ്രോസിക്യൂഷൻ എന്നിവരുടെ ഇടപെടൽ വൈകുന്നതുമാണ് കാലതാമസം ഉണ്ടാകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.

‘നഷ്ടപരിഹാരം നൽകാൻ സംസ്ഥാനസർക്കാരിന്റേയും കേന്ദ്ര സർക്കാരിന്റെയും ഫണ്ടുകളുണ്ട്. ഇപ്പോൾ സംസ്ഥാന ഫണ്ട് ഉപയോഗിച്ചാണ് ആശ്വാസ നിധി, നിർഭയ തുടങ്ങിയ പദ്ധതികൾ നടത്തുന്നത്. കേന്ദ്ര ഗവൺമെന്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് അതിജീവിതയ്ക്കുള്ള നഷ്ടപരിഹാരം നൽകുന്നത്. എന്നാൽ അതിൽ ചെറിയ തുക മാത്രമേ ലഭിച്ചിട്ടുള്ളു,’ മനോജ് കുമാർ പറഞ്ഞു.

Content Highlight: Delay in resolving POCSO cases in the state: Child Rights Commission