'അങ്ങനെയെങ്കില്‍ പോയി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്ത്'; കര്‍ഷകര്‍ക്ക് പിന്നില്‍ ചൈനയും പാകിസ്ഥാനുമെന്ന പ്രസ്താവനയില്‍ കേന്ദ്രത്തിനെതിരെ ശിവസേന
India
'അങ്ങനെയെങ്കില്‍ പോയി സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്ത്'; കര്‍ഷകര്‍ക്ക് പിന്നില്‍ ചൈനയും പാകിസ്ഥാനുമെന്ന പ്രസ്താവനയില്‍ കേന്ദ്രത്തിനെതിരെ ശിവസേന
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 10th December 2020, 12:25 pm

ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരെ അധിക്ഷേപിച്ച് രംഗത്തെത്തുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ശിവസേന.

കര്‍ഷക പ്രതിഷേധത്തിന് പിന്നില്‍ ചൈനയും പാകിസ്ഥാനുമാണെന്ന കേന്ദ്രമന്ത്രി റാവു സാഹേബിനെതിരെയാണ് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.

കര്‍ഷകരുടെ പ്രതിഷേധത്തിന് പിന്നില്‍ ചൈനയുടേയും പാക്കിസ്ഥാന്റേയും കരങ്ങളുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ഒരു അന്വേഷണം തന്നെ നടത്തട്ടെയെന്നായിരുന്നു സഞ്ജയ് റാവത്തിന്റെ പരിഹാസം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഒരു നിമിഷം വൈകാതെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് തന്നെ അങ്ങ് നടത്തൂ എന്നും റാവത്ത് പരിഹസിച്ചു.

‘ കര്‍ഷകരുടെ സമരത്തിന് പിന്നില്‍ ചൈനയും പാക്കിസ്ഥാനുമാണെന്ന് ഒരു കേന്ദ്രമന്ത്രിക്ക് വിവരം കിട്ടിയെങ്കില്‍ പ്രതിരോധമന്ത്രി എത്രയും പെട്ടെന്ന് ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് പ്ലാന്‍ ചെയ്യണം. രാഷ്ട്രപതിയും, പ്രധാനമന്ത്രിയും, ആഭ്യന്തരമന്ത്രിയും സേന തലവന്‍മാരും ഈ വിഷയം വളരെ ഗൗരവമായി തന്നെ ചര്‍ച്ച ചെയ്യണം’, റാവത്ത് പറഞ്ഞു. കര്‍ഷക സമരങ്ങളെ തുടര്‍ച്ചയായി അധിക്ഷേപിക്കുന്ന നിലപാട് കേന്ദ്രം ഇതുവരെ സ്വീകരിച്ചത്.

നേരത്തെ കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം നല്‍കിയ നിര്‍ദേശം കര്‍ഷകര്‍ തള്ളിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

നേരത്തെ സമാനമായ വാദവുമായി ഹരിയാന കാര്‍ഷിക മന്ത്രിയും രംഗത്തെത്തിയിരുന്നു. വൈദേശിക ശക്തികള്‍ ഇന്ത്യയുടെ സ്ഥിരത നശിപ്പിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ചായിരുന്നു ഹരിയാന മന്ത്രി ജെ. പി ദലാല്‍ കര്‍ഷക പ്രതിഷേധത്തിനെതിരെ രംഗത്തെത്തിയത്. ഇതിനെതിരെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെയുള്ള സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന ഉറച്ച തീരുമാനത്തിലാണ് കര്‍ഷകര്‍. സമരം കോര്‍പറേറ്റുകള്‍ക്കെതിരെ കൂടിയാണെന്നും പ്രഖ്യാപിച്ച കര്‍ഷകര്‍ ജിയോ ഉത്പന്നങ്ങള്‍ ഉപേക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
സമരം കടുപ്പിച്ച കര്‍ഷകര്‍ ഡിസംബര്‍ 14ന് ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നുമാണ് കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയത്.

ഡിസംബര്‍ 12ന് എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബി.ജെ.പി ഓഫീസുകള്‍ ഉപരോധിക്കാനും തീരുമാനിച്ചിട്ടുണ്ട്.

‘കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒട്ടും സത്യസന്ധത പുലര്‍ത്തുന്നില്ലെന്നും പഴയ നിയമങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ നിര്‍ദേശത്തെ എല്ലാ കാര്‍ഷിക സംഘടനകളും ഒരുമിച്ച് തള്ളിയെന്നും ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

നിയമം പിന്‍വലിക്കാനുള്ള സമരം തുടരും. ഇതിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തും. ജില്ലാടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ധര്‍ണകള്‍ സംഘടിപ്പിക്കും,’ അവര്‍ പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച നിര്‍ദേശങ്ങള്‍ എഴുതിനല്‍കാമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Defence Minister should immediately conduct a surgical strike on China and Pakistan.