നിലവിലെ സ്ഥിതി മാറ്റാന്‍ ചൈന നീക്കം നടത്തി; ഇന്ത്യന്‍ സൈനികരുടെ സമയോചിത ഇടപെടലില്‍ പി.എല്‍.എ പിന്‍വലിഞ്ഞു: ലോക്‌സഭയില്‍ രാജ്‌നാഥ് സിങ്
World News
നിലവിലെ സ്ഥിതി മാറ്റാന്‍ ചൈന നീക്കം നടത്തി; ഇന്ത്യന്‍ സൈനികരുടെ സമയോചിത ഇടപെടലില്‍ പി.എല്‍.എ പിന്‍വലിഞ്ഞു: ലോക്‌സഭയില്‍ രാജ്‌നാഥ് സിങ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th December 2022, 12:55 pm

ന്യൂദല്‍ഹി: ഇന്ത്യ- ചൈന സംഘര്‍ഷത്തില്‍ ലോക്‌സഭയില്‍ പ്രസ്താവന നടത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്.

ഇന്ത്യാ- ചൈനാ സൈനികര്‍ക്കിടയില്‍ ഡിസംബര്‍ ഒമ്പത് വെള്ളിയാഴ്ച നടന്ന സംഭവത്തെ കുറിച്ച് കഴിഞ്ഞ ദിവസമായിരുന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ചൈനയുടെയും ഇന്ത്യയുടെയും സൈനികര്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുകയും ഇരു വിഭാഗത്തുമുള്ളവര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നായിരുന്നു റിപ്പോര്‍ട്ട് പുറത്തുവന്നത്.

പിന്നീട് സൈന്യം തന്നെ ഇത് സ്ഥിരീകരിച്ചിരുന്നു. ഈ വിഷയത്തിലാണ് പ്രതിരോധ മന്ത്രി ലോക്‌സഭയില്‍ മറുപടി പറഞ്ഞിരിക്കുന്നത്. ആക്രമണം നടന്നു എന്നുള്ള കാര്യം മന്ത്രിയും സ്ഥിരീകരിച്ചു.

അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ അതിര്‍ത്തിയില്‍ ഇക്കഴിഞ്ഞ ഡിസംബര്‍ ഒമ്പതിന് നടന്ന ഒരു സംഘര്‍ഷത്തെ കുറിച്ച് പറയേണ്ടതുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് രാജ്‌നാഥ് സിങ് പ്രസംഗം ആരംഭിച്ചത്.

”ഡിസംബര്‍ ഒമ്പതിന് പി.എല്‍.എ (പീപ്പിള്‍സ് ലിബറേഷന്‍ ട്രൂപ്പ്) അതിര്‍ത്തി കടന്ന് ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍ കടന്ന് ആക്രമണം നടത്തുകയും നിലവിലെ സ്റ്റാറ്റസില്‍ മാറ്റം വരുത്താന്‍ ശ്രമിക്കുകയും ചെയ്തു.

ഇന്ത്യന്‍ സേന പി.എല്‍.എയെ നേരിടുകയും നമ്മുടെ പ്രദേശത്ത് ആക്രമണം നടത്തുന്നതില്‍ നിന്നും അവരെ തടയുകയും പിന്തിരിയാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ഇതിനിടയില്‍ ഇരു വിഭാഗത്തുമുള്ള കുറച്ച് സൈനികര്‍ക്ക് പരിക്കേറ്റു.

എന്നാല്‍ ഒരു കാര്യം ഞാന്‍ ഉറപ്പിച്ച് പറയുന്നു, നമ്മുടെ ഒരു സൈനികനും സംഭവത്തില്‍ കൊല്ലപ്പെടുകയോ ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയോ ചെയ്തിട്ടില്ല,

ഇന്ത്യന്‍ മിലിറ്ററി കമാന്‍ഡര്‍മാരുടെ സമയോചിത ഇടപെടല്‍ കാരണം പി.എല്‍.എ സൈനികര്‍ തങ്ങളുടെ പ്രദേശത്തേക്ക് പിന്‍വലിഞ്ഞു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏരിയയുടെ ലോക്കല്‍ കമാന്‍ഡര്‍ തങ്ങളുടെ ചൈനീസ് കൗണ്ടര്‍പാര്‍ടുമായി ഡിസംബര്‍ 11ന് ഒരു യോഗം ചേര്‍ന്നു. ഇത്തരത്തില്‍ മുന്നേറ്റം നടത്തരുതെന്ന് ചൈനയെ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ സമാധാനം പുനസ്ഥാപിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

എനിക്ക് ഈ സഭയോട് പറയാനുള്ളത്, നമ്മുടെ സൈന്യം നമ്മുടെ ഭൂമി സംരക്ഷിക്കാനും അതിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കാനും പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണ് എന്നാണ്. ഇതിന് തടസമാകുന്ന എന്തിനെയും നേരിടാന്‍ നമ്മുടെ സേനയ്ക്ക് സാധിക്കും,” രാജ്‌നാഥ് സിങ് പറഞ്ഞു.

രാജ്യസഭയില്‍ 12:30നും സമാനമായി പ്രസ്താവന നടത്തുമെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ലോക്‌സഭ ചേരുന്നതിന് മുമ്പ് രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ ദല്‍ഹിയില്‍ ഉന്നതതലയോഗംചേര്‍ന്നിരുന്നു. വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍, സംയുക്ത സൈനിക മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവനെ, കര,നാവിക, വ്യോമസേനാ മേധാവിമാര്‍ എന്നിവരായിരുന്നു യോഗത്തില്‍ പങ്കെടുത്തത്.

ഇതിന് ശേഷമാണ് രാജ്‌നാഥ് സിങ് പാര്‍ലമെന്റില്‍ മറുപടി പറഞ്ഞത്.

ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ വിശദമായ ചര്‍ച്ച നടത്തണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എം.പി. മനീഷ് തിവാരിയാണ് ലോക്‌സഭയില്‍ നോട്ടീസ് നല്‍കിയത്.

നാസിര്‍ ഹുസൈന്‍, ശക്തി സിങ് ഗോഹില്‍ എന്നിവര്‍ രാജ്യസഭയിലും നോട്ടീസ് നല്‍കി. തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി എന്നിവരും ചര്‍ച്ച ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Defence Minister Rajnath Singh confirms clash between Indian and Chinese army in Arunachal Pradesh