കല്‍ബുര്‍ഗി ഡി.സിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ കേസ്
national news
കല്‍ബുര്‍ഗി ഡി.സിക്കെതിരായ അപകീര്‍ത്തി പരാമര്‍ശം; ബി.ജെ.പി നേതാവിനെതിരെ കേസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 28th May 2025, 10:13 am

ബെംഗളൂരു: കല്‍ബുര്‍ഗി ഡെപ്യൂട്ടി കമീഷണര്‍ ഫൗസിയ തരന്നമിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതില്‍ ബി.ജെ.പി എം.എല്‍.സിക്കെതിരെ കേസ്. നിയമനിര്‍മാണ കൗണ്‍സില്‍ പ്രതിപക്ഷ ചീഫ് വിപ്പ് കൂടിയായ എന്‍. രവികുമാറിനെതിരെയാണ് കേസെടുത്തത്. കല്‍ബുര്‍ഗി പൊലീസിന്റേതാണ് നടപടി.

കല്‍ബുര്‍ഗി ശരണ സിരസാഗി സ്വദേശി ദത്താത്രേയ ഇല്‍കലാഗി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പട്ടികജാതി-പട്ടികവര്‍ഗ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പ്രിയങ്ക് ഖാര്‍ഗെ

കര്‍ണാടക മന്ത്രി പ്രിയങ്ക് ഖാര്‍ഗെ രാജിവെക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി സംഘടിപ്പിച്ച ‘കല്‍ബുര്‍ഗി ചലോ’ റാലിക്കിടെയാണ് ഫൗസിയ തരന്നമിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ രവികുമാര്‍ സംസാരിച്ചത്.

‘ജില്ല ഡെപ്യൂട്ടി കമീഷണര്‍ പാകിസ്ഥാനില്‍ നിന്ന് എത്തിയ ഒരു വ്യക്തിയെ പോലെയാണ് പെരുമാറുന്നത്,’ രവികുമാറിന്റെ പ്രസ്താവന. അപകീര്‍ത്തി പരാമര്‍ശത്തിന് പിന്നാലെ ബി.ജെ.പി നേതാവിനെതിരെ സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

കര്‍ണാടകയിലെ ഐ.എ.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ അടക്കം ബി.ജെ.പി നേതാവിനെതിരെ രംഗത്തെത്തി. രവികുമാറിനെതിരെ കര്‍ശനമായ വകുപ്പുകള്‍ ചുമത്തി നടപടിയെടുക്കണമെന്ന് ഐ.എ.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

‘ബി.ജെ.പി നേതാവിന്റെ പ്രസ്താവന അടിസ്ഥാനരഹിതവും യുക്തിരഹിതവുമാണ്. പൊതുസേവന രംഗത്ത് പരിപൂര്‍ണ സത്യസന്ധയായ ഓഫീസറാണ് ഫൗസിയ തരന്നം. ബി.ജെ.പിയുടെ നേതാവിന്റെ പ്രസ്താവനക്ക് പിന്നില്‍ ഫൗസിയയുടെ സത്യസന്ധതയെ താറടിച്ചുകാണിക്കാനുള്ള മനഃപൂര്‍വമായ ശ്രമമാണ്.

ഇത്തരത്തില്‍ പൊതുയിടങ്ങളില്‍ പ്രകോപനപരമായ വ്യാജ പ്രസ്താവനകള്‍ നടത്തുന്നത് ഫൗസിയയുടെ അന്തസിനെ ഇടിച്ചുതാഴ്ത്തുകയും മാനസികമായി പീഡിപ്പിക്കുന്നതിന് തുല്യവുമാണ്. രാഷ്ട്രീയ സമ്മര്‍ദമില്ലാതെ ഉദ്യോഗസ്ഥര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയണം. ഫൗസിയ തരന്നമിന് സമ്പൂര്‍ണ പിന്തുണ നല്‍കുന്നു. അപകീര്‍ത്തി പരാമര്‍ശം പിന്‍വലിച്ച് രവികുമാര്‍ മാപ്പ് പറയണം,’ ഐ.എ.എസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ കര്‍ണാടക ഘടകം പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം മികച്ച തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രപതി പുരസ്‌കാരം നേടിയ ഐ.എ.എസ് ഉദ്യോഗസ്ഥയാണ് ഫൗസിയ തരന്നം.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫൗസിയക്ക് പുറമെ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പൊലീസ് മഹേഷ് മേഘന്നവര്‍, ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് ശങ്കര്‍ഗൗഡ പാട്ടീല്‍, സര്‍ക്കിള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ചന്ദ്രശേഖര്‍ എന്നിവരെയും രവികുമാര്‍ അപമാനിച്ചതായി പരാതിയില്‍ പറയുന്നുണ്ട്.

ആരോപണത്തില്‍ അന്വേഷണം തുടരുന്നതായി കല്‍ബുര്‍ഗി പൊലീസ് പ്രതികരിച്ചു.

Content Highlight: Defamatory remarks against Kalburgi DC; Case filed against BJP MLC Ravikumar