വ്യാജവാര്‍ത്ത ആരോപണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ടി .ഐ. മധുസൂദനന്‍ എം.എല്‍.എ നിയമനടപടിക്ക്
Kerala News
വ്യാജവാര്‍ത്ത ആരോപണം; ഏഷ്യാനെറ്റ് ന്യൂസിനെതിരെ ടി .ഐ. മധുസൂദനന്‍ എം.എല്‍.എ നിയമനടപടിക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th May 2022, 11:40 am

പയ്യന്നൂര്‍: ഏഷ്യാനെറ്റ് ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്ത അപകീര്‍ത്തികരമാണെന്ന് ആരോപിച്ച് പയ്യന്നൂര്‍ എം.എല്‍.എ ചാനലിനെതിരെ നിയമനടപടിക്കൊരുങ്ങുന്നു. വ്യാജ വാര്‍ത്തകള്‍ മൂലമുണ്ടായ മാനഹാനിയില്‍ ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മധുസൂദനന്‍ എം.എല്‍.എ ഏഷ്യാനെറ്റിന് വക്കീല്‍ നോട്ടിസ് അയച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് മാനേജിംഗ് ഡയറക്ടര്‍, ചീഫ് കോഓര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, പി.ജി. സുരേഷ് കുമാര്‍, റിപ്പോര്‍ട്ടര്‍മാരായ ഷാജഹാന്‍, നൗഫല്‍ ബിന്‍ യൂസഫ് എന്നിവര്‍ക്കാണ് അഭിഭാഷകന്‍ അഡ്വ. കെ വിജയകുമാര്‍ മുഖേന വക്കീല്‍ നോട്ടിസ് അയച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ഏപ്രില്‍ 30നും മെയ് 2നും പ്രഭാതപരിപാടിയായ ‘നമസ്തേ കേരള’ത്തിലും പിന്നീട് മെയ് 7ന് വാര്‍ത്താധിഷ്ഠിത പരിപാടിയായ കവര്‍ സ്റ്റോറിയിലും വ്യക്തിപരമായി അവഹേളിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങള്‍ സംപ്രേഷണം ചെയ്തുവെന്നും അത് മാനഹാനിയുണ്ടാക്കിയെന്നുമാണ് നോട്ടിസില്‍ പറയുന്നത്.

നോട്ടിസ് ലഭിച്ച് ഏഴു ദിവസത്തിനകം ഏറ്റവും പ്രധാനപ്പെട്ട സമയത്ത് ചാനലില്‍ മുമ്പ് സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ അടിസ്ഥാനരഹിതവും കളവുമാണെന്ന് മൂന്ന് ദിവസങ്ങളിലായി പ്രേക്ഷകരെ അറിയിക്കുക, നോട്ടിസില്‍ പരാമര്‍ശിച്ച വാര്‍ത്തകള്‍ കളവായി പ്രസിദ്ധീകരിച്ചതാണ് എന്നും അതില്‍ നിര്‍വ്യാജം ഖേദിക്കുന്നു എന്നും രേഖാമൂലം അറിയിക്കുക, മാനഹാനിക്ക് നഷ്ടപരിഹാരമായി 1 കോടി രൂപ നല്‍കുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്.

പയ്യന്നൂരില്‍ സി.പി.ഐ.എം ഏരിയ കമ്മിറ്റി ഓഫീസ് നിര്‍മാണം, തെരഞ്ഞെടുപ്പ് ഫണ്ടില്‍ വ്യാജ രസീതി ഉപയോഗിക്കല്‍, ധനരാജ് കുടുംബസഹായ ഫണ്ട് വകമാറ്റല്‍ എന്നീ വിഷയങ്ങളില്‍ ഉയര്‍ന്നുവന്ന ആരോപണങ്ങളില്‍ മധുസൂദന് പങ്കുണ്ടെന്ന തരത്തിലായിരുന്നു വാര്‍ത്ത.

 

Content Highlights: Defamation news; TI Madhusoodanan to take legal action against Asianet News