| Sunday, 5th October 2025, 7:55 pm

പാകിസ്ഥാനെതിരെ നാല് റണ്‍സില്‍ നാലായിരം! ചരിത്രമെഴുതി ഇന്ത്യയുടെ വണ്ടര്‍ വുമണ്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ഏകദിന ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ചരിത്ര നേട്ടവുമായി ഇന്ത്യന്‍ സൂപ്പര്‍ താരം ദീപ്തി ശര്‍മ. അന്താരാഷ്ട്ര തലത്തില്‍ 4,000 റണ്‍സ് പൂര്‍ത്തിയാക്കിയാണ് ദീപ്തി ശര്‍മ ചരിത്രമെഴുതിയത്.

പാകിസ്ഥാനെതിരായ മത്സരത്തില്‍ നാല് റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ദീപ്തി ശര്‍മ 4,000 അന്താരാഷ്ട്ര റണ്‍സ് എന്ന കരിയറിലെ മറ്റൊരു നാഴികക്കല്ല് താണ്ടിയത്. മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന എന്നിവര്‍ക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ഇന്ത്യന്‍ താരമാണ് ദീപ്തി ശര്‍മ.

ഇതിന് പുറമെ അന്താരാഷ്ട്ര തലത്തില്‍ 4000 റണ്‍സും 300 വിക്കറ്റും സ്വന്തമാക്കുന്ന രണ്ടാമത് താരം, ആദ്യ ഇന്ത്യന്‍ താരം എന്നീ നേട്ടങ്ങളും ദീപ്തി സ്വന്തമാക്കി. ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം എല്ലിസ് പെറിയാണ് ഈ നേട്ടം ആദ്യമായി സ്വന്തമാക്കിയത്.

പാകിസ്ഥാനെതിരെ 25 റണ്‍സ് നേടിയതോടെ ഏകദിനത്തില്‍ താരത്തിന്റെ സ്‌കോര്‍ 2602 ആയി ഉയര്‍ന്നു. ടെസ്റ്റില്‍ 319 റണ്‍സ് നേടിയ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ ടി-20യില്‍ 1100 റണ്‍സും അടിച്ചെടുത്തിട്ടുണ്ട്.

അതേസമയം, പാകിസ്ഥാനെതിരെ ഇന്ത്യ നിശ്ചിത ഓവറില്‍ 247 റണ്‍സാണ് സ്വന്തമാക്കിയത്. ഹസ്തദാന വിവാദത്തിന് പുറമെ ടോസടക്കം വിവാദമായ മത്സരത്തില്‍ പാക് ക്യാപ്റ്റന്‍ ഇന്ത്യയെ ബാറ്റിങ്ങിനയച്ചു.

ആദ്യ വിക്കറ്റില്‍ മോശമല്ലാത്ത കൂട്ടുകെട്ടുണ്ടാക്കിയ ശേഷം സ്മൃതി മന്ഥാന 32 പന്തില്‍ 23 റണ്‍സ് നേടി മടങ്ങി. അധികം വൈകാതെ പ്രതീക റാവലും (37 പന്തില്‍ 31) പുറത്തായി.

പിന്നാലെയെത്തിയവര്‍ തങ്ങളുടേതായ സംഭാവനകള്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി പാകിസ്ഥാന്‍ മൊമെന്റം നഷ്ടപ്പെടുത്താതെ പിടിച്ചുനിന്നു.

ഹര്‍ലീന്‍ ഡിയോളാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍. 65 പന്തില്‍ 46 റണ്‍സാണ് താരം സ്വന്തമാക്കിയത്.

അവസാന ഓവറുകളില്‍ വെടിക്കെട്ട് തീര്‍ത്ത വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെ ഇന്നിങ്‌സും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി. 20 പന്ത് നേരിട്ട താരം പുറത്താകാതെ 35 റണ്‍സ് അടിച്ചെടുത്തു.

ജെമീമ റോഡ്രിഗസ് (37 പന്തില്‍ 32), ദീപ്തി ശര്‍മ (33 പന്തില്‍ 25) എന്നിവരാണ് ഇന്ത്യയുടെ മറ്റ് റണ്‍ ഗെറ്റര്‍മാര്‍.

പാകിസ്ഥാനായി ദിയാന ബായ്ഗ് നാല് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ ഫാത്തിമ സന, സാദിയ ഇഖ്ബാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും റമീന്‍ ഷമീം, നഷ്‌റ സന്ധു എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

Content highlight: Deepti Sharma completes 4000 international runs

We use cookies to give you the best possible experience. Learn more