ചരിത്ര നേട്ടങ്ങളോടെയാണ് ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ദീപ്തി ശര്‍മ 2025നോട് വിടപറയുന്നത്. 2025 ഐ.സി.സി ഏകദിന വനിതാ ലോകകപ്പ് നേട്ടത്തിന് പുറമെ ലോകകപ്പിന്റെ താരമടക്കം നിരവധി വ്യക്തിഗത നേട്ടങ്ങളും അന്താരാഷ്ട്ര റെക്കോഡുകളും ദീപ്തിയുടെ പേരില്‍ കുറിക്കപ്പെട്ടിരുന്നു.
ഏറ്റവുമധികം അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ നേടുന്ന വനിതാ താരമെന്ന ഐതിഹാസിക നേട്ടമാണ് ഇതിലാദ്യം. ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലാണ് ദീപ്തി ഈ റെക്കോഡ് സ്വന്തമാക്കുന്നത്.
പരമ്പരയിലെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ ദീപ്തി 152 കരിയര്‍ വിക്കറ്റുകളും തന്റെ പേരില്‍ കുറിച്ചു. ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം മേഗന്‍ ഷട്ടിന്റെ 151 വിക്കറ്റിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ടി-20യില്‍ 150 വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ മറ്റൊരു ചരിത്ര നേട്ടവും ദീപ്തി സ്വന്തമാക്കി. ഏകദിനത്തിലും ടി-20യിലും 150 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന ആദ്യ വനിതാ താരമെന്ന നേട്ടമാണ് ദീപ്തി ശര്‍മ സ്വന്തമാക്കിയത്.
ദീപ്തി ശര്‍മ – Photo: BCCI Women/x.com
120 വനിതാ ഏകദിനങ്ങളില്‍ നിന്നായി 162 വിക്കറ്റുകള്‍ ദീപ്തി വീഴ്ത്തിയിട്ടുണ്ട്. ഈ ഇരട്ട നേട്ടത്തിലെത്തുന്ന ആദ്യ വനിതാ താരം കൂടിയാണ് ദീപ്തി.
സാക്ഷാല്‍ മുത്തയ്യ മുരളീധരന്റെ ഡബിള്‍ 500-നൊപ്പമാണ് ദീപ്തിയുടെ ഈ നേട്ടവും ചേര്‍ത്തുവെക്കുന്നത്. ടെസ്റ്റിലും ഏകദിനത്തിലും 500 വിക്കറ്റ് വീഴ്ത്തിയ ഏക താരം മുരളീധരന്റെ നേട്ടം പോലെ അന്താരാഷ്ട്ര വനിതാ ഏകദിനത്തിലും വനിതാ ടി-20യിലും 150 വിക്കറ്റ് വീഴ്ത്തിയ ഏക താരമായ ദീപ്തിയുടെ നേട്ടവും സ്‌പെഷ്യലാണെന്നാണ് ആരാധകര്‍ പറയുന്നത്.
മുത്തയ്യ മുരളീധരന്‍
ഈ വര്‍ഷം കളിച്ച വിവിധ ഫോര്‍മാറ്റുകളില്‍ നിന്നുമായി 54 വിക്കറ്റുകളാണ് ദീപ്തി സ്വന്തമാക്കിയത്.
ഇതോടെ മൂന്ന് വിവിധ വര്‍ഷങ്ങളില്‍ 50+ വിക്കറ്റ് നേടുന്ന ആദ്യ വനിതാ താരമായും ദീപ്തി ചരിത്രമെഴുതി.
ഒരു കലണ്ടര്‍ ഇയറില്‍ 50+ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങള്‍
(താരം – ടീം – വര്‍ഷം – വിക്കറ്റ് എന്നീ ക്രമത്തില്‍)
തിപാച്ച പുത്തുവോങ് – തായ്‌ലന്‍ഡ് – 2025 – 64
ആഷ്‌ലീ ഗാര്‍ഡ്ണര്‍ – ഓസ്‌ട്രേലിയ – 2023 – 58
ദീപ്തി ശര്‍മ – ഇന്ത്യ – 2024 – 58
സോഫി എക്കല്‍സ്റ്റോണ്‍ – ഇംഗ്ലണ്ട് – 2022 – 56
പൂനം യാദവ് – ഇന്ത്യ – 2018 – 55
ദീപ്തി ശര്‍മ – ഇന്ത്യ – 2025 – 53
ദീപ്തി ശര്‍മ – ഇന്ത്യ – 2022 – 51
എച്ച് ഇഷിംവേ – റുവാണ്ട – 2024 – 50
സ്യൂന്‍ ലസ് – സൗത്ത് ആഫ്രിക്ക – 2016 – 50
ഈ പ്രകടനത്തിന് പിന്നാലെ വനിതാ ക്രിക്കറ്റില്‍ ഏറ്റവുമധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ വീഴ്ത്തുന്ന വനിതാ താരങ്ങളില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാനും ദീപ്തിക്ക് സാധിച്ചു.