തമിഴ്‌നാട്ടില്‍ ശബരിമല ആവര്‍ത്തിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സംഘപരിവാര്‍. തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തിലെ കാര്‍ത്തിക ദീപ വിവാദം ആളിക്കത്തിച്ചാണ് ഇവര്‍ കളം പിടിക്കാനൊരുങ്ങുന്നത്. ഒരര്‍ത്ഥത്തില്‍ വര്‍ഗീയ സംഘര്‍ഷത്തിന് വഴിമരുന്നിടാനുള്ള സാധ്യതയാണ് ഇവര്‍ തേടുന്നത്. എന്താണ് തിരുപ്രംകുണ്ഡ്രത്തെ ദീപവിവാദം? ഇതെങ്ങനെയാണ് സംഘപരിവാര്‍ ആയുധമാക്കുന്നത്? പരിശോധിക്കാം…
തമിഴ്‌നാട്ടില്‍ ഏറെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്രംകുണ്ഡ്രം താഴ്‌വാരത്തെ മുരുകക്ഷേത്രം. ശ്രീമുരുകന്റെ ആറ് പടൈവീടുകളില്‍ ഒന്നുകൂടിയാണിത്. ഈ കുന്നിന്‍ മുകളില്‍ സുല്‍ത്താന്‍ സിക്കന്ദര്‍ ദര്‍ഗയും സ്ഥിതി ചെയ്യുന്നു.

തിരുപ്രംകുണ്ഡ്രം മുരുകക്ഷേത്രം. Photo: Wikipedia
ഈ ദര്‍ഗയ്ക്ക് സമീപത്തുള്ള ദീപത്തൂണ്‍ എന്ന് വിളിക്കുന്ന ദീപസ്തംഭത്തില്‍ വിളക്ക് തെളിയിക്കണമെന്നാവശ്യപ്പെട്ടാണ് സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയിരിക്കുന്നത്.

കുന്നിന്‍മുകളിലെ ദർഗ. Photo: Tamil Nadu Tourism
നൂറ് വര്‍ഷത്തിലേറെയായി താഴ്വാരത്തെ മുരുകക്ഷേത്രത്തിന് സമീപത്തുള്ള ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തിലെ ദീപസ്തംഭത്തിലാണ് കാര്‍ത്തികദീപ മഹോത്സവത്തിന്റെ ഭാഗമായി ദീപം തെളിയിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ കുറച്ച് നാളുകളായി ദീപത്തൂണില്‍ വിളക്ക് തെളിയിക്കണമെന്നാണ് സംഘപരിവാര്‍ സംഘടനകളുടെ ആവശ്യം.
ഉച്ചിപ്പിള്ളയാര്‍ ക്ഷേത്രത്തില്‍ ദീപം തെളിയിക്കുന്ന തത്സ്ഥിതി തുടരാനാവശ്യപ്പെട്ട് 2014ല്‍ ഡിവിഷന്‍ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര-ദര്‍ഗ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നത്. ഈ സാഹചര്യത്തിലാണ് സംഘപരിവാറിന്റെ പുതിയ നീക്കം.
വിഷയത്തെ സുവര്‍ണാവസരമായിക്കണ്ട് ബാബരി മസ്ജിദ് – രാമക്ഷേത്ര മോഡലിലേക്കാണ് സംഘപരിവാര്‍ തിരുപ്രംകുണ്ഡ്രത്തെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്നത്.

കുന്നിന്‍ മുകളിലെ ദര്‍ഗയ്ക്ക് സമീപത്തുള്ള ദീപത്തൂണില്‍ ദീപം തെളിയിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദു മക്കള്‍ കച്ചി നേതാവായ രാമ രവികുമാര്‍ മധുരൈ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമാകുന്നത്.

രാമ രവികുമാര്‍. Photo: x.com
ജസ്റ്റിസ് ജി. ആര്‍. സ്വാമിനാഥന്റെ ബെഞ്ചിലാണ് ഇയാള്‍ ഹരജി സമര്‍പ്പിച്ചത്. കോടതി ഇയാള്‍ക്ക് അനുകൂലമായി വിധി പ്രഖ്യാപിക്കുകയും ദര്‍ഗയ്ക്ക് സമീപത്തുള്ള ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍ അനുമതി നല്‍കുകയുമായിരുന്നു. മധുരൈ സിറ്റി പൊലീസ് കമ്മീഷണര്‍ സുരക്ഷയൊരുക്കണമെന്നും വിധിയില്‍ പറഞ്ഞിരുന്നു.
ഇവിടെ നമ്മള്‍ കാണേണ്ടത് വിധിയെഴുതിയ ജഡ്ജിയുടെ പശ്ചാത്തലം കൂടിയാണ്. ജസ്റ്റിസ് ജി. ആര്‍. സ്വാമിനാഥന്‍ ആര്‍.എസ്.എസ് സ്ഥാപിച്ച തീവ്ര വലത് – ഹിന്ദുത്വ ആശയങ്ങള്‍ പിന്തുടരുന്ന ഹിന്ദു മുണിയുടെ ഭാഗമായി പ്രവര്‍ത്തിച്ച വ്യക്തിയാണ്. അഡീഷണല്‍ സോളിസിറ്റര്‍ ജനറലായി സേവനമനുഷ്ഠിക്കുന്ന കാലത്ത് ബി.ജെ.പി പരിപാടിയില്‍ പങ്കെടുത്തെന്ന ആരോപണവും സ്വാമിനാഥനെതിരെ ഉയര്‍ന്നിരുന്നു.
ജസ്റ്റിസ് ജി. ആര്‍. സ്വാമിനാഥന്‍. Photo: CDJ Law/ www.cdjlawjournal.com/
എന്നാല്‍ പ്രദേശത്തെ ക്രമസമാധാന നില തകരാതിരിക്കാനും പ്രദേശത്തെ ചൊല്ലി ദീര്‍ഘ കാലമായി തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യമുള്ളതിനാലും ദീപം തെളിയിക്കാനെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തരെ പൊലീസ് തടഞ്ഞു. ഈ സംഘര്‍ഷത്തില്‍ ആറ് പൊലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഈ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ പോയതോടെ അടുത്ത ദിവസം സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹരജിയിന്‍മേല്‍ വ്യാഴാഴ്ച ആറര മണിക്ക് ദര്‍ഗയുടെ സമീപത്തുള്ള ദീപത്തൂണില്‍ വിളക്ക് കൊളുത്താന്‍ രാമ രവികുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ സംഘത്തിന് കോടതിയുടെ ഇതേ ബെഞ്ച് അനുമതി നല്‍കി. ഇതുകൂടാതെ മധുരൈ ബെഞ്ചിന്റെ നിയന്ത്രണത്തിലുള്ള സി.ഐ.എസ്.എഫ് വിങ്ങിനെ അകമ്പടിയായും നിയമിച്ചു.
ഇതിന് പിന്നാലെ ബി.ജെ.പിക്കൊപ്പം ഹിന്ദു മക്കള്‍ കച്ചി, ഹനുമാന്‍ സേന, ഹിന്ദു തമിഴര്‍ കക്ഷി തുടങ്ങിയ തീവ്ര വലത് സംഘടനകളിലെ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ 60ഓളം വരുന്ന സി.ഐ.എസ്.എഫ് ഭടന്‍മാരുമൊന്നിച്ച് മാര്‍ച്ച് നടത്തി. ഇത് വര്‍ഗീയസംഘര്‍ഷത്തിന് തിരികൊളുത്തുമെന്നതിനാല്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
എന്നാല്‍ മദ്രാസ് ഹൈക്കോടതി ഈ നിരോധനാജ്ഞ റദ്ദാക്കി. ഇതിനെ ചോദ്യം ചെയ്ത് തമിഴ്നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

മദ്രാസ് ഹൈക്കോടതി. Photo: Wikipedia
ഈ വിഷയം പാര്‍ലെമന്റിലും ചര്‍ച്ചകള്‍ക്കും തര്‍ക്കങ്ങള്‍ക്കും വഴിയൊരുക്കി. കഴിഞ്ഞ ദിവസം ലോക്സഭയില്‍ ഡി.എം.കെ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കോണ്‍ഗ്രസ്, എസ്.പി, എന്‍.സി.പി അംഗങ്ങളുടെ പിന്തുണയും ഈ പ്രതിഷേധത്തിനുണ്ടായി. ബഹളം കനത്തതോടെ സ്പീക്കര്‍ സഭാ നടപടികള്‍ താത്കാലികമായി നിര്‍ത്തിവെച്ചു.
തുടര്‍ന്ന്, ശൂന്യവേളയില്‍ വിഷയമുന്നയിക്കാന്‍ ഡി.എം.കെ നേതാവ് ടി.ആര്‍. ബാലുവിന് അവസരം നല്‍കിയപ്പോള്‍ കാര്‍ത്തിക ദീപം തെളിയിക്കാന്‍ അനുമതി നല്‍കി വിധി പറഞ്ഞ മദ്രാസ് ഹൈകോടതി ജഡ്ജിക്കെതിരെ നടത്തിയ പരാമര്‍ശം ഭരണപക്ഷ പ്രതിഷേധത്തിനിടയാക്കി. സഭാ അധ്യക്ഷന്‍ പരാമര്‍ശം സഭാ രേഖകളില്‍ നിന്ന് നീക്കാന്‍ നിര്‍ദേശം നല്‍കി.

ടി.ആര്‍. ബാലു. Photo: TR Balu official website/trbaalu.in/
തമിഴ്നാട്ടില്‍ പ്രത്യേക പാര്‍ട്ടി വര്‍ഗീയകലാപത്തിന് വഴി ഒരുക്കുകയാണെന്ന് ബി.ജെ.പിയെ ലക്ഷ്യമിട്ട് ഡി.എം.കെ നേതാവ് ബാലു പറഞ്ഞു. ദീപം തെളിയിക്കാന്‍ അനുവദിച്ച ജഡ്ജി താന്‍ പ്രത്യേക പ്രത്യയശാസ്ത്രത്തോട് കൂറ് പുലര്‍ത്തുന്നയാളെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടന്ന കാര്യം ചൂണ്ടിക്കാട്ടി.
കുന്നിന്‍ മുകളില്‍ ദീപം തെളിയിക്കേണ്ടത് ഹിന്ദു മത എന്‍ഡോവ്മെന്റ് ബോര്‍ഡ് പ്രതിനിധിയാണോ അതോ മദ്രാസ് ഹൈക്കോടതി ജഡ്ജിയില്‍ നിന്ന് ലഭിച്ച വിധിയുടെ പശ്ചാത്തലത്തില്‍ ചില അക്രമികളാണോ എന്നും ശ്രീപെരുംപുത്തൂര്‍ എം.പി ചോദിച്ചു.
അതേസമയം, തമിഴ്നാട്ടില്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള സംഘപരിവാര്‍ നീക്കം ശക്തമായി നേരിടുന്ന ഡി.എം.കെ സര്‍ക്കാറിന് മതേതര- ന്യൂനപക്ഷ-ഇന്ത്യ സഖ്യ കക്ഷികളില്‍ നിന്ന് പിന്തുണയും ഉയര്‍ന്നുവന്നിട്ടുണ്ട്.
സുപ്രീം കോടതി വിധിയടക്കം വരാനുള്ള സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തമിഴ്നാട് രാഷ്ട്രീയത്തെ ഈ വിഷയം ഏത്തരത്തില്‍ ബാധിക്കുമെന്ന് കണ്ടറിയണം.
Content Highlight: Deepathoon controversy in Thirupramkundram temple




