ഇങ്ങനെ പോയാൽ കോൺഗ്രസിന് ദോഷമാകും; വിമർശനവുമായി ദീപാദാസ് മുൻഷി
Kerala
ഇങ്ങനെ പോയാൽ കോൺഗ്രസിന് ദോഷമാകും; വിമർശനവുമായി ദീപാദാസ് മുൻഷി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 31st October 2025, 12:35 pm

തിരുവനന്തപുരം: സംസ്ഥാന കോൺഗ്രസ് നേതൃത്വവുമായി സഹകരിക്കാത്തതിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ പേരെടുത്ത് പറയാതെ വിമർശിച്ച് എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി.

കെ.പി.സി.സിയുടെ നിര്‍ണായക യോഗങ്ങളിൽ പങ്കെടുക്കാതെ
ഒഴിവാകുന്ന ഒരു നേതാവിന്റെ ശീലം പാർട്ടിക്ക് വലിയ നഷ്ടം വരുത്തുന്നുണ്ടെന്നും ഇങ്ങനെ പോയാൽ ദോഷം മാത്രമേ ഉണ്ടാകൂയെന്നും ദീപാദാസ് മുൻഷി യോഗത്തിൽ പറഞ്ഞു.

പാർട്ടിയിൽ ഗ്രൂപ്പ് തർക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ നേതൃത്വവുമായി സഹകരിക്കാത്തതിൽ ഹൈക്കമാൻഡും പ്രതിപക്ഷ നേതാവിന് താക്കീത് നൽകിയതായാണ് സൂചന. പാർട്ടിയിലെ നേതാക്കൾ തമ്മിലുള്ള പ്രശ്നങ്ങൾ പരസ്യമായി ചർച്ചയാകുന്നത് ഒഴിവാക്കണമെന്നും ഹൈക്കമാൻഡ് പറഞ്ഞു.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാനായി ഇന്ദിര ഭവനിൽ ചേർന്ന യോഗത്തിലായിരുന്നു വി.ഡി സതീശനെതിരെയുള്ള ഹൈക്കമാൻഡിന്റെ വിമർശനം. യോഗത്തിൽ കെ.പി.സി.സി പ്രസിഡന്റും വി.ഡി സതീശനും തമ്മിൽ വാക് തർക്കം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.

നേരത്തെ കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫ് ഉൾപ്പടെയുള്ള നേതാക്കൾക്കെതിരെ പ്രതിപക്ഷ നേതാവ് പരസ്യമായി കടുത്ത നിലപാടുകൾ ഉന്നയിച്ചിരുന്നു.

പാർട്ടിയിലെ സംഘടനാപരമായ കാര്യങ്ങളിൽ കെ.പി.സി.സി പ്രസിഡന്റുമായി സഹകരിക്കണമെന്നും പാർട്ടിയുടെ അധ്യക്ഷൻ എന്ന നിലയിലുള്ള ചുമതലകൾ ചെയ്യുന്നതിൽ അദ്ദേഹത്തിന് തടസമുണ്ടാക്കരുതെന്നും വി.ഡി സതീശനോട് ഹൈക്കമാൻഡ് നിർദേശിച്ചു.

എ.ഐ.സി.സി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ രാഹുല്‍ഗാന്ധി, പ്രിയങ്കഗാന്ധി എന്നിവര്‍ക്ക് പുറമെ കേരളത്തില്‍ നിന്നുള്ള നേതാക്കളായ സണ്ണി ജോസഫ്, വി.ഡി സതീശന്‍, കെ. മുരളീധരന്‍, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍, മൂന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.

Content Highlight: Deepadas Munshi criticized VD Satheesan, without naming him, for not cooperating with the state Congress leadership