'സാദരം' ആ പെണ്‍കുട്ടിയെ ക്ഷണിച്ച, അവളെ ഒരു വ്യക്തിയായി പരിഗണിച്ച വിശ്വാസിയോടാണ് എനിക്ക് അനുഭാവവും സ്‌നേഹവും: ദീപ നിഷാന്ത്
Kerala News
'സാദരം' ആ പെണ്‍കുട്ടിയെ ക്ഷണിച്ച, അവളെ ഒരു വ്യക്തിയായി പരിഗണിച്ച വിശ്വാസിയോടാണ് എനിക്ക് അനുഭാവവും സ്‌നേഹവും: ദീപ നിഷാന്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 10th May 2022, 4:11 pm

കോഴിക്കോട്: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച ഇ.കെ. സമസ്ത നേതാവ് അബ്ദുള്ളമുസ്ലിയാരുടെ വീഡിയോ ചര്‍ച്ചാവിഷയമായതോടെ പ്രതികരണവുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിഷാന്ത്.

ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറി അവളുടെ അര്‍ഹതയ്ക്കുള്ള അംഗീകാരം കൈപ്പറ്റിയാല്‍ തകര്‍ന്നു പോകുന്നത്ര ദുര്‍ബലമാണ് സ്വന്തം വിശ്വാസമെങ്കില്‍ അതങ്ങ് തകരട്ടെ എന്നു തന്നെ കരുതേണ്ടി വരുമെന്നും ദീപ ഫേസ്ബുക്കില്‍ എഴുതി.

ആ സ്റ്റേജിലേക്ക് ‘സാദരം’ ആ പെണ്‍കുട്ടിയെ ക്ഷണിച്ച, അവളെ ഒരു വ്യക്തിയായി പരിഗണിച്ച വിശ്വാസിയോടാണ് എനിക്ക് അനുഭാവവും സ്‌നേഹവും. അതാണ് യഥാര്‍ത്ഥവിശ്വാസമെന്നും കരുതുന്നു.
മതമൗലികവാദത്തിനെതിരെ നിലകൊള്ളേണ്ടത് ഒരു ജനാധിപത്യമതേതര രാഷ്ട്രത്തിലെ പൗരധര്‍മ്മങ്ങളിലൊന്നാണ് എന്ന ബോധ്യത്തില്‍ത്തന്നെ മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.

‘ഓരോ മതത്തിലെയും പുനരുത്ഥാന നിലപാടുകളേയും സാമ്പ്രദായിക വിശ്വാസങ്ങളേയും സമന്വയിപ്പിച്ചവര്‍ക്കു മാത്രമേ സാംസ്‌കാരികാര്‍ത്ഥത്തില്‍ ഒരു ജനതയെ മുന്നോട്ടു നയിക്കാനാകൂ എന്ന് തെളിയിച്ച ഒരു മനുഷ്യനാണ് ചിത്രത്തിലുള്ളത്.
‘പുരുഷന്‍ അധ്വാനിച്ച് നേടിയത് അവര്‍ക്കാണ്.. സ്ത്രീകള്‍ അധ്വാനിച്ച് നേടിയത് അവര്‍ക്കുമാണ് ‘ എന്നാണ് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുള്ളത്. യാഥാസ്ഥിതിക മതമൗലികവാദികള്‍ക്ക് അതിന്റെ അര്‍ത്ഥം പിടികിട്ടാന്‍ സമയമെടുക്കും. മതയാഥാസ്ഥിതികത്വം പലപ്പോഴും ഭീഷണിയാകുന്നതും വിലങ്ങുതടിയാകുന്നതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ്. അത്തരമിടങ്ങളില്‍ അവരെ പലപ്പോഴും ‘വ്യക്തി’യായി പരിഗണിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ഓരോ മതത്തിലും പ്രാകൃതമായ വിശ്വാസസംഹിതകളുണ്ടായിരിക്കും. അവയെ അതേപടി പിന്‍പറ്റുന്നവരുണ്ടാകാം. അവരെ നിരാകരിച്ച്, നവോത്ഥാന കാഴ്ചപ്പാടുകളെ കാലാനുസാരിയായി സ്വാംശീകരിച്ചില്ലെങ്കില്‍ ഒരു ജനാധിപത്യമതേതരരാഷ്ട്രത്തില്‍ അവഹേളിക്കപ്പെടാന്‍ വേറെ കാരണമൊന്നും വേണ്ട,’ ദീപ നിഷാന്ത് എഴുതി.

ഒരു മതവും അവ രൂപം കൊണ്ട ആദിമഘട്ടത്തിലെ വിശ്വാസസംഹിതകളനുസരിച്ചല്ല ഇന്ന് നിലകൊള്ളുന്നത്. സമസ്തമേഖലകളിലും കാലാനുസാരിയായ മാറ്റങ്ങളുണ്ടായിട്ടുണ്ട്.
ഒരു പെണ്‍കുട്ടി സ്റ്റേജില്‍ കയറി അവളുടെ അര്‍ഹതയ്ക്കുള്ള അംഗീകാരം കൈപ്പറ്റിയാല്‍ തകര്‍ന്നു പോകുന്നത്ര ദുര്‍ബലമാണ് സ്വന്തം വിശ്വാസമെങ്കില്‍ അതങ്ങ് തകരട്ടെ എന്നു തന്നെ കരുതേണ്ടി വരും.. അക്കാര്യം തുറന്നു പറയുന്നവരോട് അസഹിഷ്ണുത കാട്ടിയിട്ടൊന്നും ഒരു പ്രയോജനവുമില്ല.. നിങ്ങളുടെ ചിന്തകളുടെ ഇരുട്ടു നിറഞ്ഞ ശ്മശാനഭൂവില്‍ എന്നെങ്കിലും സൂര്യനുദിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാനേ പറ്റൂവെന്നും ദീപ നിഷാന്ത് കൂട്ടിച്ചേര്‍ത്തു.