'അപ്രസക്തവും ചര്‍ച്ച ചെയ്ത് ഒഴിവാക്കിയതും'; ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ മുല്ലപ്പള്ളിയെ തള്ളി ഡീന്‍ കുര്യോക്കോസ്
കൊച്ചി: ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെ തള്ളി ഡീന്‍ കുര്യാക്കോസ് എം.പി.
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് അപ്രസക്തമെന്നും റിപ്പോര്‍ട്ട് മുന്‍പ് ചര്‍ച്ച ചെയ്ത് തള്ളിയതെന്നും ഡീന്‍ കുര്യാക്കോസ് പ്രതികരിച്ചു.
കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്മേല്‍ അന്തിമവിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കണമെന്നും കര്‍ഷകരുടെ താല്‍പ്പര്യം സംരക്ഷിക്കണമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.
എന്നാല്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ പിന്തുണക്കുന്നതായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്റെ നിലപാട്. മലയോരത്ത് ജീവിക്കുന്നവരെ ഓര്‍ത്താണ് കോണ്‍ഗ്രസ് നേരത്തെ റിപ്പോര്‍ട്ടിനെ എതിര്‍ത്തിരുന്നതെന്നും തന്റെ നിലപാട് ഇന്നും ഇന്നലെയും നാളെയും ഒന്നായിരിക്കുമെന്നുമായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം.
താത്ക്കാലിക ലാഭത്തിന് വേണ്ടി രാഷ്ട്രീയ നേതൃത്വം ഭൂമാഫിയകള്‍ക്ക് മുന്നില്‍ മുട്ടുമടക്കിയിട്ടുണ്ട്. ഓരാവര്‍ത്തി പോലും വായിക്കാതെയാണ് പലരും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ എതിര്‍ക്കുന്നത്. ഗാഡ്ഗിലിനെ കുറിച്ച് പറയുമ്പോള്‍ പലരും രോഷാകുലരായി തുള്ളുന്നത് കാണാം. അത് ശരിയല്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.