ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്. തോല്‍വിയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുമ്പോഴും തളരരുത് എന്ന ആത്മശ്വാസം തന്ന് എല്ലാ പോരാട്ടങ്ങളുടെയും തുടര്‍ചലനമായത് കൊണ്ടാണ്. ജീവിക്കുവാനും പിടിച്ചു നില്‍ക്കാനുമുള്ള പ്രചോദനമായിരുന്നു വി.എസിന്റെ ഇടപെടലുകളെന്നും ദീദി ദാമോദരന്‍
കോഴിക്കോട്: നീതിതേടി തെരുവിലിറങ്ങുന്ന പെണ്‍പോരാട്ടങ്ങള്‍ക്കൊപ്പം വരുംവരായ്കകള്‍ നോക്കാതെ നില്‍ക്കാന്‍ തയ്യാറുള്ള നേതാവാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെന്ന് സിനിമാപ്രവര്‍ത്തക ദീദി ദാമോദരന്‍.
പെണ്‍പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ മനസിലാകുന്ന ആണൊരുത്തനാണ് വി.എസ്സെന്നും അത്രയും വിശ്വാസം മറ്റൊരു രാഷ്ട്രീയനേതാവിനോടും ഇന്നോളം തോന്നിയിട്ടില്ലെന്നും ദീദി ദാമോദരന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് ദീദി അനുശോചനം രേഖപ്പെടുത്തിയത്.
2017ല്‍ സിനിമയിലെ സഹപ്രവര്‍ത്തക ആക്രമിക്കപ്പെട്ടപ്പോള്‍ അനാരോഗ്യം മറന്നും ‘അവള്‍ക്കൊപ്പം’ എന്ന പോരാട്ടത്തില്‍ വി.എസ് തങ്ങള്‍ക്കൊപ്പം നിന്നുവെന്നും കറകളഞ്ഞ നിലപാടായിരുന്നു അദ്ദേഹത്തിന്റേതെന്നും ദീദി ദാമോദരന്‍ പറഞ്ഞു.
‘ഇരയാക്കപ്പെട്ട സഹോദരിക്ക് ഒപ്പമല്ല കേരളത്തിലെ ചില രാഷ്ട്രീയക്കാരും, സിനിമാ പ്രവര്‍ത്തകരും വേട്ടക്കാര്‍ക്കൊപ്പമാണ് നിലകൊള്ളുന്നത്. പക്ഷേ ഞാന്‍ നിലകൊള്ളുന്നത് ഇരയ്‌ക്കൊപ്പം തന്നെയായിരിക്കും, നീതി ലഭിക്കും വരെ അവള്‍ക്കൊപ്പമാണ് ഞാന്‍,’ വി.എസിന്റെ പരാമര്‍ശം ഓര്‍ത്തെടുത്ത് ദീദി ദാമോദരന്‍.
മൂന്നാറിലെ തേയിലത്തോട്ടങ്ങളിലെ കോടമഞ്ഞില്‍ ഉണര്‍ന്ന ‘പൊമ്പിളൈ ഒരുമൈ’ തെരുവിലേക്കിറങ്ങി നിന്ന രാത്രിയില്‍ വി.എസിന്റെ വരവ് ഒരു ചരിത്ര സംഭവമായിരുന്നു. നിരാലംബരായ നഴ്‌സുമാര്‍ വേതനനീതിക്കായി പൊരിവെയിലില്‍ തെരുവിലിറങ്ങിയപ്പോഴും കക്ഷിരാഷ്ട്രീയത്തിന്റെ ഹൃസ്വദൃഷ്ടികള്‍ വകവെക്കാതെ ഒപ്പം നില്‍ക്കാന്‍ വി.എസുണ്ടായിരുന്നുവെന്നും ദീദി ദാമോദരന്‍ കുറിച്ചു.
ഏറ്റെടുത്ത എല്ലാ പോരാട്ടങ്ങളും ജയിച്ചത് കൊണ്ടല്ല വി.എസ്. പ്രിയങ്കരനായത്. തോല്‍വിയുടെ നെല്ലിപ്പടിയില്‍ നില്‍ക്കുമ്പോഴും തളരരുത് എന്ന ആത്മശ്വാസം തന്ന് എല്ലാ പോരാട്ടങ്ങളുടെയും തുടര്‍ചലനമായത് കൊണ്ടാണ്. ജീവിക്കുവാനും പിടിച്ചു നില്‍ക്കാനുമുള്ള പ്രചോദനമായിരുന്നു വി.എസിന്റെ ഇടപെടലുകളെന്നും ദീദി കൂട്ടിച്ചേര്‍ത്തു.
Content Highlight: A man who understands women’s issues; Deedi Damodaran on VS