ന്യൂദല്‍ഹി: അന്തരീക്ഷ മലീനീകരണം നേരിടാന്‍ ദല്‍ഹിയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം തിരിച്ചെത്തിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഇതുസംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ആവശ്യം വരുകയാണെങ്കില്‍ വാഹനഗതാഗത നിയന്ത്രണം കൊണ്ടുവന്നേ മതിയാകൂ. ഇതുസംബന്ധിച്ച തീരുമാനം രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ എടുക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു.
ഗുരുതരമായ അന്തരീക്ഷ മലിനീകരണത്തെ കുറിച്ചും എടുക്കേണ്ട നടപടികളെ കുറിച്ചും ചര്‍ച്ച ചെയ്യാനായി കെജ് രിവാള്‍ ഹരിയാന പഞ്ചാബ് മുഖ്യമന്ത്രിമാര്‍ക്ക് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. കേന്ദ്രസര്‍ക്കാരും ഹരിയാന പഞ്ചാബ് യു.പി സര്‍ക്കാരിലെ നേതാക്കന്‍മാരും ഒന്നിച്ചിരുന്ന് പരിഹാരം കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു കെജ് രിവാള്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നത്.
ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണം തിരികെയെത്തിയേക്കുമെന്നും അന്തിമ തീരുമാനം ഉടനുണ്ടാകുമെന്നു ദല്‍ഹി ഗതാഗതമന്ത്രി കൈലാഷ് ഗലോട്ട് കഴിഞ്ഞമാസം അറിയിച്ചിരുന്നു.
നിയന്ത്രണം നടപ്പാക്കിയാല്‍ നേരിടാനുള്ള സംവിധാനങ്ങള്‍ ക്രമീകരിക്കണമെന്നു ദല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനും (ഡിടിസി) ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.
കഴിഞ്ഞ വര്‍ഷം രണ്ടു തവണ ഗതാഗത നിയന്ത്രണം നടപ്പാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ പദ്ധതി വിജയമായിരുന്നില്ല. നിയന്ത്രണം വന്നാല്‍ ഒറ്റ തീയതികളില്‍ ഒറ്റ അക്ക റജിസ്‌ട്രേഷന്‍ നമ്പരുള്ള വാഹനങ്ങള്‍ക്കും ഇരട്ട തീയതികളില്‍ ഇരട്ട അക്ക റജിസ്‌ട്രേഷന്‍ നമ്പരുള്ള വാഹനങ്ങള്‍ക്കും മാത്രം സര്‍വീസ് നടത്താം. ആവശ്യത്തിനു പൊതുഗതാഗത സംവിധാനം ഇല്ലെന്നുള്ളതാണ് പദ്ധതി നടപ്പാക്കാനുള്ള വെല്ലുവിളി.
