ലോണിന് അപേക്ഷിച്ച് തുടങ്ങിക്കോ, മലയാളവും തമിഴും തെലുങ്കും ഇംഗ്ലീഷുമടക്കം ഡിസംബറിലെത്തുന്നത് 12 പടങ്ങള്‍
Malayalam Cinema
ലോണിന് അപേക്ഷിച്ച് തുടങ്ങിക്കോ, മലയാളവും തമിഴും തെലുങ്കും ഇംഗ്ലീഷുമടക്കം ഡിസംബറിലെത്തുന്നത് 12 പടങ്ങള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th November 2025, 4:53 pm

ഒരുപിടി മികച്ച സിനിമകളും അതിലേറെ ഗംഭീര തിയേറ്റര്‍ എക്‌സ്പീരിയന്‍സുകളും സമ്മാനിച്ച വര്‍ഷമാണ് 2025. പല ഴോണറിലുള്ള സിനിമകള്‍ വന്ന ഈ വര്‍ഷം അവസാനിക്കാറാകുമ്പോഴും ത്രില്ലിന് കുറവൊന്നുമില്ല. ഡിസംബറില്‍ വ്യത്യസ്ത ഭാഷകളില്‍ വെവ്വേറെ ഴോണറുകളിലുള്ള ഒരുപിടി സിനിമകളാണ് ബോക്‌സ് ഓഫീസില്‍ മാറ്റുരക്കുന്നത്.

ഏറെക്കാലമായി സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന മലയാള ചിത്രം കളങ്കാവലാണ് ഡിസംബറിലെ ആദ്യ ആകര്‍ഷണം. നവംബര്‍ 27ന് പുറത്തിറക്കുമെന്ന് അറിയിച്ച ചിത്രം ഡിസംബറിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ ഇതേ ദിവസം രണ്ട് അന്യഭാഷാ സിനിമകളും കളങ്കാവലിനൊപ്പം തിയേറ്ററുകളിലെത്തുന്നുണ്ട്.

December Release/ theatrical poster

രണ്‍വീര്‍ സിങ് നായകനായെത്തുന്ന ധുരന്ധറും തെലുങ്ക് താരം നന്ദമൂരി ബാലകൃഷ്ണയുടെ അഖണ്ഡ 2വും ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. കേരളത്തിന് പുറത്ത് കളങ്കാവലിന് ഈ രണ്ട് സിനിമകളും വെല്ലുവിളിയുയര്‍ത്തുമെന്നാണ് കരുതുന്നത്. ഹണി റോസ് കേന്ദ്രകഥാപാത്രമായെത്തുന്ന റേച്ചല്‍, ഇന്ദ്രജിത്തിന്റെ ധീരം, ശ്രീനാഥ് ഭാസി, ധ്രുവന്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തുന്ന ഖജുരാഹോ ഡ്രീംസും ഡിസംബര്‍ അഞ്ചിനാണ് തിയേറ്ററുകളിലെത്തുന്നത്.

ഡിസംബര്‍ 12ന് കാര്‍ത്തിയുടെ വാ വാധ്യാരാണ് പ്രധാന റിലീസ്. ഏറെക്കാലമായി റിലീസ് ചെയ്യാതിരിക്കുന്ന ചിത്രവും ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം നടത്തുമെന്ന് കരുതുന്നു. മേയില്‍ റിലീസാകേണ്ട ചിത്രം നിര്‍മാതാക്കളുടെ സാമ്പത്തിക പ്രശ്‌നം കാരണം റിലീസ് നീണ്ടുപോവുകയായിരുന്നു.

December release/ theatrical poster

ക്രിസ്മസ് റിലീസുകള്‍ക്ക് തുടക്കമാകുന്നത് ഡിസംബര്‍ 18 മുതല്‍ക്കാണ്. ദിലീപിന്റെ 40 കോടി ബജറ്റിലൊരുങ്ങുന്ന ഭ ഭ ബയാണ് മലയാളത്തിലെ പ്രധാന റിലീസ്. തുടര്‍ച്ചയായ രണ്ട് 100 കോടി ചിത്രങ്ങള്‍ക്ക് ശേഷം പ്രദീപ് രംഗനാഥന്‍ നായകനാകുന്ന ലവ് ഇന്‍ഷുറന്‍സ് കമ്പനിയും ഡിസംബര്‍ റിലീസുകളില്‍ പ്രധാനിയാണ്. ഡിസംബര്‍ 18ന് തന്നെയാണ് ഈ ചിത്രവും തിയേറ്ററുകളിലെത്തുന്നത്.

ലോകമെമ്പാടുമുള്ള സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവതാര്‍: ഫയര്‍ ആന്‍ഡ് ആഷ് ഡിസംബര്‍ 19നാണ് റിലീസ്. പല വമ്പന്‍ സ്‌ക്രീനുകളിലും ചിത്രം പ്രദര്‍ശനത്തിനെത്തും. ഒപ്പം റിലീസാകുന്ന സിനിമകളെ ഇത് ബാധിക്കുമെന്നാണ് കരുതുന്നത്. ഈ വര്‍ഷം ആഗോള ബോക്‌സ് ഓഫീസില്‍ ഗംഭീര കുതിപ്പ് നടത്താന്‍ അവതാര്‍ 3ക്ക് സാധിക്കുമെന്നാണ് കരുതുന്നത്.

December Release/ theatrical poster

നിവിന്‍ പോളി- അഖില്‍ സത്യന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന സര്‍വം മായ ക്രിസ്മസ് ദിനത്തില്‍ തിയേറ്ററുകളിലെത്തും. നിവിന്റെ തിരിച്ചുവരവാകും ഈ ചിത്രമെന്നാണ് ആരാധകര്‍ കണക്കുകൂട്ടുന്നത്. ഷൂട്ട് പൂര്‍ത്തിയായിട്ടും റിലീസാകാത്ത മോഹന്‍ലാല്‍ ചിത്രം വൃഷഭയും ഇതേദിവസം തിയേറ്ററുകളിലെത്തുന്നുണ്ട്. ഹോളിവുഡ് വമ്പനായ അനാകോണ്ടയും ക്രിസ്മസ് റിലീസായി പ്രേക്ഷകരിലേക്കെത്തും.

Content Highlight: December releases in Kerala Box Office