ദിവസവും കടക്കാർ എത്തുന്നു, പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിച്ചില്ല; വയനാട്ടിൽ ആത്മഹത്യ ചെയ്ത എൻ.എം വിജയന്റെ കുടുംബം
Kerala News
ദിവസവും കടക്കാർ എത്തുന്നു, പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിച്ചില്ല; വയനാട്ടിൽ ആത്മഹത്യ ചെയ്ത എൻ.എം വിജയന്റെ കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 4th May 2025, 6:13 pm

വയനാട്: കോൺഗ്രസ് നേതൃത്വത്തിനെതിരെ വയനാട് ഡി.സി.സി മുൻ ട്രഷറർ എൻ.എം വിജയന്റെ കുടുംബം. വഴിയരികിൽ കാത്തുനിന്നിട്ടും പ്രിയങ്ക ഗാന്ധിയെ കാണാൻ അനുവദിച്ചില്ലെന്ന് മകൻ വിജേഷും മരുമകൾ പത്മജയും പറഞ്ഞു. പ്രശ്നം പരിഹരിക്കാമെന്ന് പറയുന്നതല്ലാതെ യാതൊരു നടപടിയും കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും ഇരുവരും കൂട്ടിച്ചേർത്തു. വീട്ടിലേക്ക് ദിവസവും കടക്കാർ എത്തുകയാണെന്നും കുടുംബം പറഞ്ഞു.

പണംകൊടുക്കാനുള്ളവര്‍ വീട്ടിലേക്ക് വരുന്നെന്നും തെരുവില്‍ അലയേണ്ട അവസ്ഥയാണെന്നും കുടുംബം പറയുന്നു. സംരക്ഷണം ഏറ്റെടുത്ത പ്രിയങ്ക ഗാന്ധിയെ കാണാന്‍പോലും അവസരം തരുന്നില്ലെന്നും ഡി.സി.സി യോഗത്തില്‍ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്നും കുടുംബം പറഞ്ഞു.

‘പ്രിയങ്ക ഗാന്ധിയെ കാണാൻ ഞങ്ങൾ അപ്പോയിന്മെന്റ് ചോദിച്ചിരുന്നു. പി.എ കാണാൻ പറ്റില്ലെന്ന് പറഞ്ഞു. ഞങ്ങൾക്ക് കണ്ടേ പറ്റുള്ളൂ എന്ന് പി.എയോട് പറഞ്ഞിരുന്നു. ഞങ്ങൾ റോഡ് സൈഡിൽ കത്ത് നിന്ന് മാഡത്തെ കണ്ടോളാമെന്ന് പറഞ്ഞിരുന്നു. അതനുസരിച്ച് ഞങ്ങൾ ഒന്നര മണിക്കൂറോളം റോഡ്‌സൈഡിൽ കാത്ത് നിന്നു. ശേഷം പ്രിയങ്ക ഗാന്ധിയുടെ പി.എ ആണോ എന്നറിയില്ല. ഹിന്ദി സംസാരിക്കുന്ന ഒരാൾ ഞങ്ങളോട് അകത്തേക്ക് കയറിയിരിക്കാൻ പറഞ്ഞു.

എന്നിട്ട് ഞങ്ങളോട് കാണാൻ സാധിക്കില്ലെന്നും കത്ത് കൊടുക്കാമെന്നും പറഞ്ഞു. പിന്നീട് സംസാരിക്കാമെന്ന് പറഞ്ഞെങ്കിലും സംസാരിച്ചില്ല. മാഡം പോകുന്നതാണ് കണ്ടത്. അച്ഛന്റെ പേരിലുള്ള കേസുകൾ ഹസ്ബന്റിന്റെ പേരിലേക്ക് കൺവെർട്ട് ചെയ്ത് ഞങ്ങൾക്കിപ്പോൾ സമൻസ് വന്നിരിക്കുകയാണ്. അതിനൊക്കെ ആര് ഉത്തരവാദിത്വം പറയും?

അച്ഛൻ മരിച്ചത് പോലെ മരണം തന്നെയാണ് ഞങ്ങളുടെയും മുന്നിലുള്ളത്. ഞങ്ങൾ പൊരുതും, പോരാടി കഴിഞ്ഞിട്ട് അതിനവസാനം ഞങ്ങളുടെ ആത്മഹത്യയാണ് നടക്കുന്നതെങ്കിൽ അതിന് ഉത്തരവാദി ഐ.സി ബാലകൃഷ്ണൻ എം.എൽ.എ തന്നെയാണ്. ഞങ്ങൾ സാധാരണക്കാരാണ്. എന്താണ് ഞങ്ങൾ ചെയ്യേണ്ടത്, താമസിക്കുന്ന വീട്ടിൽ നിന്നും ഇറങ്ങിക്കൊടുക്കണോ. പണം കിട്ടേണ്ട ആളുകൾ കരുതുന്നത് ഞങ്ങളുടെ കൈയിൽ പണം കിട്ടി, ഞങ്ങൾ അത് എന്തോ ചെയ്തു എന്നാണ്,’ പത്മജ ചോദിക്കുന്നു.

2024 ഡിസംബർ 24 ചൊവ്വാഴ്‌ചയാണ് എൻ.എം വിജയനെയും മകനെയും വിഷം കഴിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും മരണപ്പെടുകയായിരുന്നു. ഇതിന് ശേഷം പുറത്തുവന്ന എൻ എം വിജയൻ്റെ ആത്മഹത്യാ കുറിപ്പിൽ കോൺഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം വിജയൻ തിരിമറികൾ നടത്തിയെന്നും പിന്നാലെ കടക്കെണിയിലായെന്നും വെളിവായി.

 

Content Highlight: Debtors come to the house every day, Priyanka Gandhi was not allowed to meet her; NM Vijayan’s family