ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിച്ച അബ്രഹ്മണനെതിരെ മേല്‍ ശാന്തിയുടെ വധ ഭീഷണി
Kerala
ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിച്ച അബ്രഹ്മണനെതിരെ മേല്‍ ശാന്തിയുടെ വധ ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 27th September 2017, 3:57 pm

ആലപ്പുഴ: ആലപ്പുഴ ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിച്ച അബ്രാഹ്മണനായ സുധികുമാറിന് വധഭീഷണി. കൊലപ്പെടുത്തുമെന്ന് ക്ഷേത്രത്തിലെ ശാന്തി ചിങ്ങോലി നാരായണന്‍ ഭീഷണിപ്പെടുത്തിയെന്ന ആരോപണവുമായി സുധികുമാര്‍ തന്നെയാണ് രംഗത്തെത്തിയിരിക്കുന്നത്.

ഇതു സംബന്ധിച്ച് സുധികുമാര്‍ കായംകുളം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. സുധി കുമാര്‍ ഇന്ന് കീഴ്ശാന്തിയായി ചുമതലയേല്‍ക്കാനിരിക്കുകയായിരുന്നു. സുധികുമാര്‍ കീഴ്ശാന്തിയാകുന്നതിനെതിരെ ക്ഷേത്രം തന്ത്രി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു.

നേരത്തെ ക്ഷേത്ര പൂജാരിയായിരുന്ന ഈഴവ വിഭാഗത്തില്‍പ്പെട്ട സുധികുമാറിനെ എതിര്‍പ്പുകളെത്തുടര്‍ന്ന് പുറത്താക്കിയിരുന്നു. അബ്രാഹ്മണനായ പൂജാരി പൂജ ചെയ്താല്‍ ദൈവകോപമുണ്ടാകുമെന്ന ക്ഷേത്രം തന്ത്രിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം കമ്മീഷണര്‍ നിയമനം തടഞ്ഞുവെയ്ക്കുകയായിരുന്നു. ഈ നടപടി ദേവസ്വം ബോര്‍ഡ് പുന:പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.


Also Read:  ‘ടീമില്‍ മൊത്തം സ്മിത്തിന്റെ സ്വന്തക്കാര്‍, ക്രിക്കറ്റ് ഓസ്‌ട്രേലിയ മറുപടി പറയണം’; സ്മിത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ താരങ്ങള്‍; കംഗാരുപ്പടയില്‍ വിവാദം പുകയുന്നു


തന്ത്രിക്ക് പിന്തുണയുമായി സംഘപരിവാര്‍ നേതൃത്വത്തിലുള്ള ക്ഷേത്രഭരണസമിതിയായ ശ്രീദേവീവിലാസം ഹിന്ദുമത കണ്‍വന്‍ഷനും രംഗത്തെത്തിയിരുന്നു. ഇവരുടെ എതിര്‍പ്പു പ്രകാരമായിരുന്നു ഭരണസമിതി പ്രമേയം പാസാക്കി ദേവസ്വം ബോര്‍ഡിന് നല്‍കിയിരുന്നത്.

ക്ഷേത്ര ആചാരങ്ങളില്‍ അവസാനവാക്ക് തന്ത്രിയുടേതെന്ന് പറഞ്ഞായിരുന്നു സംഘപരിവാര്‍ നിയന്ത്രണത്തിലുള്ള കമ്മിറ്റി രംഗത്തെത്തിയത്. എന്നാല്‍ ഇതെല്ലാം തള്ളികളഞ്ഞാണ് സുധിര്‍കുമാറിനെ പുനര്‍നിയമിക്കാന്‍ ദേവസ്വംബോര്‍ഡ് തീരുമാനമെടുത്തത്.