കല്‍പ്പറ്റ: വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എയ്ക്ക് എതിരെ കേസെടുത്ത് വിജിലന്‍സ്. പ്രാഥമികാന്വേഷണത്തിന് ശേഷമാണ് കേസെടുത്തത്. എം.എല്‍.എക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.
അര്‍ബന്‍ ബാങ്കിലെ നിയമന കോഴ വിവാദവും എന്‍.എം വിജയന്റെ ആത്മഹത്യയുമാണ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എക്കെതിരെ അന്വേഷണം നടക്കാന്‍ കാരണമായത്.
നിയമന വിവാദത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളാണ് എന്‍.എം വിജയനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇക്കാര്യം സ്ഥിരീകരിക്കുന്ന ആത്മഹത്യാക്കുറിപ്പും മരണത്തിന് ശേഷം പത്ത് ദിവസം കഴിഞ്ഞ് കുടുംബം പുറത്തുവിട്ടിരുന്നു.
കേസിലെ സാമ്പത്തിക ഇടപാടുകള്‍ വിജിലന്‍സ് അന്വേഷിച്ചുവരികയായിരുന്നു. നേരത്തെ, വയനാട് ജില്ലാ വിജിലന്‍സ് ഡി.വൈ.എസ്.പി ഷാജി വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം സംസ്ഥാന വിജിലന്‍സിന് അന്വേഷണ റിപ്പോര്‍ട്ട് കൈമാറിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവില്‍ കേസ് എടുത്തിരിക്കുന്നത്.
അതേസമയം, ഏറെ വിവാദങ്ങള്‍ക്ക് ശേഷം എന്‍.എം വിജയന്റെ പേരില്‍ ബത്തേരി അര്‍ബന്‍ ബാങ്കിലുണ്ടായിരുന്ന 63 ലക്ഷത്തിന്റെ കുടിശിക കെ.പി.സി.സി നേതൃത്വം അടച്ചുതീര്‍ത്തിരുന്നു. 69 ലക്ഷമായിരുന്നു ബാധ്യത. പലിശയിളവിന് ശേഷമുള്ള തുകയാണ് കെ.പി.സി.സി അടച്ചുതീര്‍ത്തത്.
വിജയന്റെ മരണശേഷം സാമ്പത്തിക ബാധ്യത പരിഹരിക്കുമെന്ന് വാക്കാലും രേഖയാലും ഉറപ്പ് നല്‍കിയിട്ടും പാലിക്കാതിരുന്ന കെ.പി.സി.സി നേതൃത്വത്തിനെതിരെയും ടി. സിദ്ധീക്ക് എം.എല്‍.എക്കെതിരെയും കുടുംബം പരസ്യപ്രതികരണം നടത്തിയിരുന്നു. കുടിശിക തീര്‍ത്തില്ലെങ്കില്‍ സത്യാഗ്രഹമിരിക്കുമെന്നും കുടുംബം പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പ്രശ്‌നത്തിന് പരിഹാരമുണ്ടായത്.
സഹകരണ ബാങ്കുകളില്‍ നിയമനം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. ഈ ബാധ്യത തീര്‍ക്കാനായി എന്‍.എം വിജയന്‍ വീടും സ്ഥലും പണയപ്പെടുത്തിയിരുന്നു.
ഈ ബാധ്യത പിന്നീട് തനിക്ക് മേല്‍മാത്രം വന്നു ചേര്‍ന്നതോടെ ഭിന്നശേഷിക്കാരനായ മകനോടൊപ്പം അദ്ദേഹം ജീവനൊടുക്കുകയായിരുന്നു. 2024 ഡിസംബര്‍ 24ന് വിഷം കഴിച്ചനിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇരുവരും 27ന് മരിച്ചു.
തന്റേത് വ്യക്തിപരമായ കടമല്ലെന്നും മരണത്തിന് പിന്നില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ, അന്നത്തെ ഡി.സി.സി അധ്യക്ഷന്‍ എന്‍.ഡി അപ്പച്ചന്‍, കെ.കെ ഗോപിനാഥന്‍ എന്നിവരാണെന്നും ആത്മഹത്യാക്കുറിപ്പില്‍ പറഞ്ഞിരുന്നു. ഇവര്‍ക്കെതിരെ സെപ്റ്റംബറില്‍ പൊലീസ് കേസെടുക്കുകയും പ്രതി ചേര്‍ക്കുകയും ചെയ്തിരുന്നു.
Content Highlight: Death of Wayanad DCC treasurer: Vigilance registers case against MLA IC Balakrishnan