ഗസയിലെ പാരാമെഡിക്കുകളുടെ മരണം; ഇസ്രഈലിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി
World News
ഗസയിലെ പാരാമെഡിക്കുകളുടെ മരണം; ഇസ്രഈലിന്റെ അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 21st April 2025, 9:31 am

ഗസ: ഗസയില്‍ 15ഓളം പാരാമെഡിക്കുകള്‍ ഇസ്രഈല്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഇസ്രഈല്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് ഫലസ്തീന്‍ റെഡ് ക്രസന്റ് സൊസൈറ്റി.

ഇസ്രഈലിന്റെ റിപ്പോര്‍ട്ട് നുണകളാല്‍ നിറഞ്ഞതും അസ്വീകാര്യവുമാണെന്ന് പറഞ്ഞ റെഡ് ക്രസന്റ് സൊസൈറ്റി റിപ്പോര്‍ട്ട് പരിഗണിക്കില്ലെന്നും വ്യക്തമാക്കി.

കൊലപാതകങ്ങളെ ന്യായീകരിക്കാനും ഫീല്‍ഡ് കമാന്‍ഡ് പിഴവിലേക്ക് പഴിചാരി യഥാര്‍ത്ഥ വസ്തുതകളെ മറച്ചുവെക്കാനുമാണ് റിപ്പോര്‍ട്ട് ലക്ഷ്യമിടുന്നതെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

പാരാമെഡിക്കല്‍ ജീവനക്കാരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിരവധി ഉത്തരവുകള്‍ ലംഘിക്കപ്പെട്ടെന്നും കൊലപാതകങ്ങള്‍ സൈന്യത്തിന്റെ പ്രൊഫഷണല്‍ പരാജയമാണെന്നും ഇസ്രഈല്‍ സൈന്യം സമ്മതിക്കുന്നതുമായിരുന്നു ഇസ്രഈലിന്റെ റിപ്പോര്‍ട്ട്. പാരാമെഡിക്കല്‍ ജീവനക്കാര്‍ ഹമാസ് പ്രവര്‍ത്തകരാണെന്ന് തെറ്റിദ്ധരിച്ചാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

‘ഈ റിപ്പോര്‍ട്ട് നുണകള്‍ നിറഞ്ഞതാണ്. ഇത് അംഗീകരിക്കാനാവില്ല. കാരണം ഇത് കൊലപാതകത്തെ ന്യായീകരിക്കുന്നതാണ്. യാഥാര്‍ത്ഥ്യം ഇതില്‍ നിന്ന് വ്യത്യസ്തമായിരിക്കുമ്പോള്‍ ഫീല്‍ഡ് കമാന്‍ഡിലെ പിഴവാണെന്ന് കാണിച്ച് കൊലപാതകത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞ് മാറുകയാണ്,’ റെഡ് ക്രസന്റ് വക്താവ് നെബാല്‍ ഫര്‍സാഖ് പറഞ്ഞു.

സന്നദ്ധപ്രവര്‍ത്തകരുടെ മരണത്തില്‍ ഇസ്രഈല്‍ പ്രതിരോധ സേനയാണ് (ഐ.ഡി.എഫ്) അന്വേഷണം നടത്തിയത്. ആക്രമണത്തില്‍ ഉള്‍പ്പെട്ട യൂണിറ്റിന്റെ ഡെപ്യൂട്ടി കമാന്‍ഡറെ പിരിച്ചുവിടുമെന്നും ഐ.ഡി.എഫ് പറഞ്ഞിരുന്നു.

മാര്‍ച്ച് 23ന് തെക്കന്‍ ഗസയിലെ റഫയില്‍ ടെല്‍ അല്‍ സുല്‍ത്താനില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ വ്യോമാക്രമണത്തില്‍ പരിക്കേറ്റവരെ രക്ഷിക്കാനെത്തിയ സന്നദ്ധ പ്രവര്‍ത്തകരെയാണ് ഇസ്രഈല്‍ വെടിവെച്ച് കൊന്നത്. റെഡ് ക്രസന്റ്, ഫലസ്തീന്‍ സിവില്‍ ഡിഫന്‍സ്, ഐക്യരാഷ്ട്ര സഭ എന്നിവിടങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് കൊലപ്പെട്ടത്.

തുടര്‍ന്ന് ഇവര്‍ ഉപയോഗിച്ചിരുന്നതായി കരുതുന്ന ആംബുലന്‍സുകള്‍ ഉള്‍പ്പെടെ ഇസ്രഈല്‍ സൈന്യം കുഴികുത്തി മൂടി. ഒടുവില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വെട്ടിയ കുഴിയില്‍ നിന്നാണ് രക്ഷാപ്രവര്‍ത്തകരെ യു.എന്‍ അധികൃതര്‍ കണ്ടെത്തിയത്. 2017ന് ശേഷം റെഡ് ക്രോസ് അല്ലെങ്കില്‍ റെഡ് ക്രസന്റ് തൊഴിലാളികള്‍ക്ക് നേരെ നടന്ന ഏറ്റവും വലിയ ആക്രമണമാണ് ഇത്.

Content Highlight: Death of paramedics in Gaza; Palestine Red Crescent Society rejects Israeli investigation report