കോഴിക്കോട്: മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദനെ വര്‍ഗീയവാദിയായി ചിത്രീകരിക്കാന്‍ നടക്കുന്ന ശ്രമങ്ങളിൽ ഇടപെടൽ നടത്തിയ മാധ്യമപ്രവർത്തകർക്ക് മറുപടിയുമായി ഡിജിറ്റൽ ക്രിയേറ്റർ സജി മാർക്കോസ്.
വി.എസിനെ വർഗീയവാദിയായി ചിത്രീകരിക്കാൻ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും എന്നാൽ വി.എസ് ഒരു മുസ്‌ലിം വിരുദ്ധനായ രാഷ്ട്രീയക്കാരനായിരുന്നു എന്ന നിരീക്ഷണത്തിൽ എത്തുന്നത് ശരിയല്ലെന്ന് മാധ്യമപ്രവർത്തകനായ സി.ദാവൂദ് പറഞ്ഞിരുന്നു. എന്നാൽ ഇന്ത്യയിലെ തീവ്ര വലതുപക്ഷം ഏറ്റവും വലിയ പ്രൊപ്പഗാണ്ടക്കായി അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റ് വിജയകരമായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
കൂടാതെ മലപ്പുറത്തെ ജനങ്ങൾ ആകെ തീവ്രവാദികളാണെന്ന് പണ്ട് വി.എസുമായി താൻ നടത്തിയ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞിരുന്നില്ലെന്ന് ആ അഭിമുഖം നടത്തിയ മാധ്യമപ്രവർത്തകനായ മുൻ മാധ്യമം ലേഖകന്‍ ആയ എം.സി.എ. നാസര്‍ വെളിപ്പെടുത്തിയിരുന്നു. എൻ.ഡി.എഫ് എന്ന സഘടനയെക്കുറിയിച്ച് ചോദിച്ച ചോദ്യത്തിന് വി.എസ് നൽകിയ ഉത്തരമാണ് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ മാറ്റി പ്രചരിപ്പിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സജി മാർക്കോസിന്റെ കുറിപ്പ് വന്നത്.
നാസർ ഭായ്ക്കും സി. ദാവൂദ് സായ്‌വിനും എന്ന് തുടങ്ങിയ കുറിപ്പിൽ എം.സി.എ നാസര്‍ ഇതുവരെ മൗനം പാലിച്ചത് ശരിയായില്ലെന്നും പറയുന്നു.
‘നാസർ ഭായ് നിങ്ങൾ ഇപ്പോഴെങ്കിലും ഇത് തുറന്ന് പറഞ്ഞതിന് നന്ദി. പക്ഷേ, ഇന്നലെ വരെ മൗനമായിരുന്നത് അങ്ങേയറ്റം മോശമായിപ്പോയി.
ഒരു നൂറ്റാണ്ട് ജീവിച്ചിരുന്നു വി.എസ്. തുറന്ന പുസ്തകമായിരുന്നു വി. എസിന്റെ ജീവിതം. പക്ഷേ അദ്ദേഹം അവഹേളിക്കപ്പെട്ടു. അനർഹമായ പട്ടങ്ങൾ ചാർത്തിക്കൊടുക്കപ്പെട്ടു. അതിനു നിങ്ങളുടെ മൗനം കാരണമായിട്ടുണ്ട്. വി. എസ് ഒരുകാലത്തും ഇസ്‌ലാമോഫോബിക് ആയിരുന്നില്ല എന്ന സത്യം നിങ്ങൾക്ക് നന്നായി അറിയാമായിരുന്നു. വി. എസിന്റെ സൂര്യശോഭയ്ക്ക് അത്തരം ആക്ഷേപങ്ങൾക്ക് ഒരു ചെറിയ പോറൽ പോലും ഏൽപ്പിക്കാനുമാകില്ല,’ അദ്ദേഹം പറഞ്ഞു.
എം.സി.എ. നാസറിന്റെ മൗനം സാധാരണ മുസ്‌ലിങ്ങളുടെ ഇടയിൽ ഉണ്ടാക്കിയ ആശയക്കുഴപ്പവും തെറ്റിധാരണയും ഭയവും നിരാശയും ചെറുതല്ലെന്ന് സജി മാർക്കോസ് വിമർശിച്ചു.
തങ്ങൾ ഒറ്റക്കല്ല എന്ന അവരുടെ തോന്നൽ ഇല്ലാതെ ആക്കിക്കളഞ്ഞില്ലേയെന്നും നിങ്ങൾ ദ്രോഹിച്ചത് അവരെയാണ് അല്ലാതെ വി.എസിനെയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘നിങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകൾ കാണുന്നുണ്ടാവുമല്ലോ. ഇക്കഴിഞ്ഞ രണ്ടു ദിവസമായി വി. എസിനെതിരെ ഏറ്റവും കൂടുതൽ പോസ്റ്റുകൾ ഇട്ടത് സംഘപരിവാർ അല്ല. അത്തരം തെറ്റിദ്ധാരണകൾ പരത്താൻ ഇന്നലെ വരെ താങ്കൾ അടക്കം പാലിച്ച മൗനം കാരണമായി,’ അദ്ദേഹം പറഞ്ഞു.
ഇത് തന്നെയാണ് സി. ദാവൂദിനോടും പറയാനുള്ളതെന്ന് സജി മാർക്കോസ് പറഞ്ഞു. മുമ്പ് ദാവൂദ് മീഡിയാവണ്ണിൽ ചെയ്ത ഒരു പരിപാടിക്കിടെ വി.എസ് മുസ്‌ലിം വിരോധിയല്ലെന്നും അദ്ദേഹത്തിന്റെ പരാമർശങ്ങൾ ഇന്ത്യയിലെ തീവ്ര വലതുപക്ഷം ഏറ്റവും വലിയ പ്രൊപ്പഗാണ്ടക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വീഡിയോയിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴെങ്കിലും പറഞ്ഞത് നന്നായെന്ന് പറഞ്ഞ സജി മാർക്കോസ് അതിലും തനിക്ക് ചില വിയോജിപ്പുകളുണ്ടെന്ന് കൂട്ടിച്ചേർത്തു.
‘ഇന്ത്യയിലെ വലതുപക്ഷം അദ്ദേഹത്തിന്റെ സ്റ്റേറ്റ്മെന്റുകളെ വിജയകരമായി ഉപയോഗിച്ചിട്ടുണ്ട് എന്ന് താങ്കൾ പറയുന്നു. ഉത്തരേന്ത്യൻ സംഘികൾ അദ്ദേഹത്തിന്റെ വാക്കുകൾ ഉപയോഗിച്ചുവെങ്കിൽ, വെട്ടി നുറുക്കി റെഡിയാക്കി, പാകത്തിന് കുക്ക് ചെയ്ത് അവർക്ക് കൊടുത്തത് ആരാണ്? സംഘപരിവാർ അത് പതിവ് പോലെ വിളമ്പി. ഇത് പറയാൻ ഒരു കാരണമുണ്ട്. വി. എസ് മുസ്‌ലിം വിരുദ്ധനായിരുന്നു എന്ന നിലയിൽ ധാരാളം പേരുടെ പോസ്റ്റുകൾ കാണുന്നു. അത്തരം തെറ്റിധാരണ ഉണ്ടാകാൻ ആരാണ് കാരണക്കാർ? നോർത്ത് ഇന്ത്യൻ സംഘികൾ അവരുടെ പണി ചെയ്തു. അവർക്ക് അതെ അറിയൂ.
പക്ഷേ, വി. എസ് തന്റെ ജീവിതകാലത്ത് അങ്ങനെ ആയിരുന്നില്ല എന്ന സത്യം പറയേണ്ടത് ഒന്നാമത് നിങ്ങൾ ആയിരുന്നില്ലേ? താങ്കളുടെ ഈ വീഡിയോയിലെ പ്രസ്താവനകൾ വളരെ താമസിച്ചു പോയി ദാവൂദ്. ഇപ്പോൾ പറത്തിവിടപ്പെട്ട തൂവലുകൾ തിരികെപ്പിടിക്കാനാകില്ല. അത് നൂറും അറുപത്തും മുപ്പതും മേനി ആയി വിളയുന്നുണ്ട്. എങ്കിലും ഈ വീഡിയോയും എഫ്.ബി പോസ്റ്റും കാണുമ്പോൾ സന്തോഷമുണ്ട്,’ അദ്ദേഹം പറഞ്ഞു.
Content Highlight: Dear Dawood, if the North Indian Sanghis used his words, who cut them up, prepared them, cooked them to perfection, and gave them to them?