തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സിന്‍ഡിക്കേറ്റ് യോഗം ചേരുന്നതില്‍ വൈസ് ചാന്‍സലര്‍മാര്‍ക്കുള്ള അധികാരം നിയന്ത്രിക്കാന്‍ പുതിയ വ്യവസ്ഥ കൂട്ടിച്ചേര്‍ക്കുന്നതിനുള്ള കരട് ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. 15 സര്‍വകലാശാലകളുടെയും നിയമങ്ങളില്‍ ഭേദഗതി നിര്‍ദേശിക്കുന്ന കരട് ബില്ലിനാണ് മന്ത്രിസഭ യോഗം അംഗീകാരം നല്‍കിയത്. ഈ സമ്മേളന കാലത്ത് തന്നെ ബില്ല് സഭയില്‍ കൊണ്ടുവരുമെന്നാണ് സൂചന.
സിന്‍ഡിക്കേറ്റ് യോഗം വിളിക്കാന്‍ താത്കാലിക വി.സിമാര്‍ വിസമ്മതിക്കുന്ന പശ്ചാത്തലത്തിലാണ് നിയമനിര്‍മാണം. കേരള സര്‍വകലാശാലയില്‍ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാറിന്റെ സസ്‌പെന്‍ഷനില്‍ സിന്‍ ഡിക്കേറ്റ് യോഗം വിളിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നെങ്കിലും വി.സി യോഗം വൈകിപ്പിക്കുന്നതിനിടെയാണ് സര്‍ക്കാര്‍ ബില്ല് കൊണ്ടുവരുന്നത്.
മൂന്നിലൊന്ന് അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഏഴ് ദിവസത്തിനകം വൈസ് ചാന്‍സലര്‍ സിന്‍ഡിക്കേറ്റ് യോഗം വിളിച്ചുചേര്‍ക്കണമെന്ന വ്യവസ്ഥ ഈ കരട് നിയമത്തില്‍ ഉള്‍പ്പെടുന്നു. രണ്ട് മാസത്തിലൊരിക്കല്‍ നിര്‍ബന്ധമായി സിന്‍ഡിക്കേറ്റ് യോഗം ചേരണമെന്ന വ്യവസ്ഥയും ഉണ്ട്.
ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെറെ പരിധിയില്‍ വരാത്ത ആരോഗ്യ, കാര്‍ഷിക, ഫിഷറീസ്, വെറ്ററിനറി ഉള്‍പ്പെടെയുള സര്‍വകലാശാലകളുടെ സിന്‍ഡിക്കേറ്റ്/ഗവേണിങ് കൗണ്‍സിലുകള്‍ക്കും ഇത് ബാധകമാക്കുന്ന രീതിയിലാണ് ഭേദഗതി.
നിലവിലെ സര്‍വകലാശാലാ നിയമങ്ങള്‍ സിന്‍ഡിക്കേറ്റ് യോഗങ്ങള്‍ ചേരുന്നതിന് കൃത്യമായ സമയപരിധി നിശ്ചയിക്കുന്നില്ല. എങ്കിലും, സര്‍വകലാശാലാ ചട്ടങ്ങള്‍ (സ്റ്റാറ്റിയൂട്ട്) പ്രകാരം, രണ്ടുമാസത്തിലൊരിക്കല്‍ യോഗം ചേരണം എന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, വൈസ് ചാന്‍സലര്‍ക്ക് യോഗം ചേരുന്നത് രണ്ടുമാസം വരെ നീട്ടാനുള്ള അധികാരമുണ്ട്. കൂടാതെ, സിന്‍ഡിക്കേറ്റ് യോഗം ചേരേണ്ട തീയതിയും സമയവും തീരുമാനിക്കാനുള്ള അധികാരം വി.സിക്കാണ്. ഈ സാഹചര്യത്തില്‍, വി.സിയുടെ അധികാരം നിയന്ത്രിക്കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ ബില്‍.