2027ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് പ്ലാനിങ്ങില്‍ അദ്ദേഹം ഉണ്ട്: ഡിവില്ലിയേഴ്‌സ്
Sports News
2027ല്‍ ഇന്ത്യയുടെ ഏകദിന ലോകകപ്പ് പ്ലാനിങ്ങില്‍ അദ്ദേഹം ഉണ്ട്: ഡിവില്ലിയേഴ്‌സ്
ശ്രീരാഗ് പാറക്കല്‍
Monday, 5th January 2026, 8:59 pm

2026 ടി-20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഉള്‍പ്പെടുത്താത്തതിനെ കുറിച്ച് സംസാരിച്ച് ഇതിഹാസ താരം എ.ബി ഡി വില്ലിയേഴ്‌സ്. ടി-20 ലോകകപ്പില്‍ അവസരം നഷ്ടമായ നിര്‍ഭാഗ്യവാന്മാരില്‍ ഒരാളാണ് സിറാജെന്ന് ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന സ്‌ക്വാഡില്‍ ഇടം നേടിയ സിറാജ് 2027ലെ ഏകദിന ലോകകപ്പ് പദ്ധതികളിലും ഉണ്ടെന്ന് ഡിവില്ലിയേഴ്‌സ് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് സിറാജ് -Photo: newsbytes.com

‘സിറാജിനെ ഏകദിന ടീമില്‍ ഇടം നേടിയിട്ടുണ്ട്, എന്നിരുന്നാലും ടി-20 ലോകകപ്പില്‍ അവസരം നഷ്ടമായ നിര്‍ഭാഗ്യവാന്മാരില്‍ ഒരാളാണ് അദ്ദേഹം. ബുംറയും അര്‍ഷ്ദീപും ടീമില്‍ ഉണ്ട്. ഹര്‍ഷിത്തിന് ബാറ്റിങ്ങും വശമുണ്ട്. അപ്പോള്‍ നിങ്ങള്‍ക്ക് മൂന്ന് സീമര്‍മാരുണ്ട്.

സിറാജ് ഒരു പൂര്‍ണ സീം ബൗളര്‍ മാത്രമായതിനാലാണ് നിങ്ങള്‍ ഹര്‍ഷിതിനെ തെരഞ്ഞെടുത്തതെന്ന് ഞാന്‍ കരുതുന്നു. അതിനാല്‍ സിറാജ് നിര്‍ഭാഗ്യവാനാണ്, പക്ഷേ 2027ലെ ഏകദിന ലോകകപ്പ് പദ്ധതികളില്‍ അദ്ദേഹം ഉണ്ട്,’ ഡിവില്ലിയേഴ്‌സ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു .

ഇന്ത്യക്കുവേണ്ടി 47 ഏകദിന മത്സരങ്ങള്‍ കളിച്ച സിറാജ് 73 വിക്കറ്റുകളാണ് ഇതുവരെ സ്വന്തമാക്കിയത്. 24.7 എന്ന മികച്ച ആവറേജും താരത്തിനുണ്ട്. അതേസമയം ടെസ്റ്റ് ക്രിക്കറ്റില്‍ 45 മത്സരങ്ങളില്‍ നിന്നും 139 വിക്കറ്റാണ് താരത്തിന്റെ പേരിലുള്ളത്. ടി-20യില്‍ 16 മത്സരങ്ങളാണ് താരത്തിന് ഇതുവരെ കളിക്കാന്‍ സാധിച്ചത് 14 വിക്കറ്റുകളും സിറാജ് കുട്ടി ക്രിക്കറ്റില്‍ നിന്ന് സ്വന്തമാക്കി.

ന്യൂസിലാന്‍ഡിന് എതിരെയുള്ള ഏകദിന ടീം

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, വിരാട് കോഹ്ലി, കെ.എല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍* (വൈസ് ക്യാപ്റ്റന്‍), വാഷിങ്ടണ്‍ സുന്ദര്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ്, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), നിതീഷ് കുമാര്‍ റെഡ്ഡി, അര്‍ഷ്ദീപ് സിങ്, യശസ്വി ജെയ്‌സ്വാള്‍

*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം

Content Highlight: De Villiers Talking About Indian Seamer Muhammed Siraj

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ