മാര്‍വലിനെപ്പോലെ ലോകമെമ്പാടും ആരാധകരുള്ള കോമിക് ഫ്രാഞ്ചൈസിയാണ് ഡി.സി. സിനിമകള്‍, സീരീസ്, കോമിക് എന്നിവയുടെ കാര്യത്തില്‍ മാര്‍വലിനോട് കിടപിടിക്കുന്ന കഥാപാത്രങ്ങള്‍ ഡി.സിക്കുണ്ടെങ്കിലും ബോക്‌സ് ഓഫീസ് പ്രകടനത്തില്‍ മാര്‍വലിനൊപ്പമെത്താന്‍ ഡി.സിക്ക് സാധിക്കാറില്ല. വന്‍ പ്രതീക്ഷയിലെത്തിയ പല ചിത്രങ്ങളും ആരാധകരെ നിരാശരാക്കുകയാണ് പതിവ്.
കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ ജോക്കര്‍ 2 വന്‍ പരാജയമായി മാറിയിരുന്നു. ഡി.സിയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം സൂപ്പര്‍മാനാണ്. 2013 മുതല്‍ സൂപ്പര്‍മാനായി വേഷമിട്ടിരുന്ന ഹെന്റി കാവില്‍ ഡി.സിയില്‍ നിന്ന് പിന്മാറിയതിന് ശേഷമെത്തുന്ന പുതിയ സൂപ്പര്‍മാന്‍ ചിത്രമാണ് ഇത്. മാര്‍വലിനായി നിരവധി ഹിറ്റുകളൊരുക്കിയ ജെയിംസ് ഗണ്ണാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ഡേവിഡ് കോറന്‍സ്വെറ്റാണ് പുതിയ സൂപ്പര്‍മാനായി വേഷമിടുന്നത്. ചെറിയ വേഷങ്ങളിലൂടെ തിളങ്ങിയ ഡേവിഡ് ഡി.സിയുടെ എക്കാലത്തെയും മികച്ച സൂപ്പര്‍ഹീറോയായി വേഷമിടുന്നുവെന്ന വാര്‍ത്ത പലര്‍ക്കും സര്‍പ്രൈസായിരുന്നു. ടീസര്‍, ട്രെയ്‌ലര്‍ റിലീസിന് പിന്നാലെ താരത്തെ അനുകൂലിച്ചും എതിര്‍ത്തും പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
കഴിഞ്ഞദിവസം ചിത്രത്തിന്റെ പ്രീമിയര്‍ ഷോ നടന്നിരുന്നു. മികച്ച അഭിപ്രായമാണ് പ്രീമിയര്‍ ഷോയ്ക്ക് പിന്നാലെ പുറത്തുവരുന്നത്. ഡി.സിയുടെ അതിഗംഭീര തിരിച്ചുവരവാണ് സൂപ്പര്‍മാനിലൂടെയെന്ന് പലരും അഭിപ്രായപ്പെടുന്നു. ജോക്കറിന് ശേഷം അടുത്ത വണ്‍ ബില്യണ്‍ ക്ലബ്ബ് എന്‍ട്രി സൂപ്പര്‍മാനിലൂടെ ഡി.സി. നടത്തുമെന്നാണ് പ്രതീക്ഷകള്‍. ജൂലൈ 11നാണ് ചിത്രത്തിന്റെ റിലീസ്
വില്ലനായി വേഷമിടുന്ന നിക്കോളസ് ഹോള്‍ട്ടിന്റെ പ്രകടനത്തെയും പലരും പ്രശംസിക്കുന്നുണ്ട്. ലക്‌സ് ലൂഥറെന്ന കഥാപാത്രത്തോട് താരം നീതി പുലര്‍ത്തിയെന്നും മികച്ച കഥാപാത്രമാണ് ഇതെന്നുമാണ് പ്രീമിയറിന് ശേഷമുള്ള പ്രതികരണങ്ങള്‍. 225 മില്യണ്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ചിത്രം വന്‍ ഹിറ്റാകുമെന്നാണ് പ്രീമിയറിന് പിന്നാലെ ആരാധകര്‍ അവകാശപ്പെടുന്നത്.
സൂപ്പര്‍മാന് ശേഷം ഡി.സി. ഫാന്‍സ് ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മറ്റൊരു ചിത്രമാണ് ബാറ്റ്മാന്‍ 2. റോബര്‍ട്ട് പാറ്റിന്‍സണ്‍ അവതരിപ്പിക്കുന്ന ബാറ്റ്മാന്റെ രണ്ടാം വരവിനായി മൂന്ന് വര്‍ഷത്തോളമായി ആരാധകര്‍ കാത്തിരിക്കുകയാണ്. മാറ്റ് റീവ്‌സ് ഒരുക്കുന്ന ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയായെന്ന് അടുത്തിടെ ഡി.സി. അറിയിച്ചിരുന്നു. അടുത്ത വര്‍ഷം ഷൂട്ട് ആരംഭിക്കുന്ന ബാറ്റ്മാന്റെ രണ്ടാം ഭാഗം 2027ല്‍ തിയേറ്ററുകളിലെത്തും.
Content Highlight: DC’s Superman Movie got tremendous reports after premiere show