നിരാഹാരസമരത്തിനിടെ ഡയറിയും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന് ദയാബായി; 'സംഘാടകര്‍ പറഞ്ഞതിനാല്‍ പരാതി നല്‍കിയില്ല'
Kerala News
നിരാഹാരസമരത്തിനിടെ ഡയറിയും പണവുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്ന് ദയാബായി; 'സംഘാടകര്‍ പറഞ്ഞതിനാല്‍ പരാതി നല്‍കിയില്ല'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th December 2022, 9:19 am

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം നടത്തുന്നതിനിടെ സമരപ്പന്തലില്‍ നിന്നും ഡയറിയും പണവും മറ്റ് ചില രേഖകളുമടങ്ങിയ തന്റെ ബാഗ് മോഷണം പോയതായി സാമൂഹിക പ്രവര്‍ത്തക ദയാബായി.

നിരാഹാരസമരത്തിനിടെ പൊലീസ് തന്നെ ആശുപത്രിയിലേക്ക് മാറ്റിയ സമയത്താണ് ബാഗ് നഷ്ടപ്പെട്ടതെന്നും ദയാബായി ആരോപിച്ചു.

കഴിഞ്ഞ ഒക്ടോബര്‍ 12ന് ബാഗ് നഷ്ടപ്പെട്ടുവെന്നും സംഘാടകര്‍ പറഞ്ഞതിനാലാണ് പരാതി നല്‍കാതിരുന്നതെന്നും ദയാബായി പറഞ്ഞു. പൊലീസ് ആശുപത്രിയിലേക്ക് മാറ്റിയ സമയത്ത് പണമടങ്ങിയ ബാഗ് സമരപ്പന്തലില്‍ ഉണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി.

70,000 രൂപയോളം നഷ്ടപ്പെട്ടുവെന്നാണ് ഇവര്‍ പറയുന്നത്. കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്ക് വേണ്ടി ഒരു സെന്ററും തനിക്ക് ഒരു വീടും നിര്‍മിക്കുന്നതിന് സ്വരൂപിച്ച് വെച്ച തുകയില്‍ ഉള്‍പ്പെട്ടതാണ് നഷ്ടപ്പെട്ട പണമെന്നും അവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. അവാര്‍ഡ് തുകയായി ലഭിച്ച 50,000 രൂപ ഉള്‍പ്പെട്ട പണമാണ് നഷ്ടപ്പെട്ടത്.

പണത്തേക്കാളും നഷ്ടപ്പെട്ട രേഖകളാണ് തിരിച്ച് കിട്ടേണ്ടതെന്നും ഒരുപാട് പേരുടെ ഫോണ്‍ നമ്പറുകളടക്കം എഴുതിവെച്ച ഡയറിയാണ് നഷ്ടപ്പെട്ടതെന്നും അതിന് തന്റെ ജീവനേക്കാള്‍ വിലയുണ്ടെന്നും ദയാബായി പറഞ്ഞു.

ആശുപത്രിയിലേക്ക് തന്നെ മാറ്റിയ പൊലീസിന് തന്റെ വസ്തുക്കള്‍ സംരക്ഷിക്കേണ്ട ഉത്തരവാദിത്തമുണ്ടെന്നും ആശുപത്രി വിട്ട സമയത്ത് അവിടെ അടക്കാനുള്ള പണം പോലും കയ്യിലുണ്ടായിരുന്നില്ലെന്നും അവര്‍ പ്രതികരിച്ചു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 12ന് വൈകീട്ട് നാല് മണിയോടെയായിരുന്നു പൊലീസെത്തി ദയാബായിയെ സമരപ്പന്തലില്‍ നിന്നും ആശുപത്രിയിലേക്ക് മാറ്റിയത്.

കാസര്‍ഗോഡ് ജില്ലയിലെ ആരോഗ്യ പ്രശ്‌നങ്ങളും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങളും പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ദയാബായി സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാരസമരം ആരംഭിച്ചത്.

സമരത്തിനിടെ പൊലീസിന്റെ ഭാഗത്ത് നിന്നും മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും അവര്‍ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.

Content Highlight: Daya Bai alleges that she lost her bag which includes diary and money from the protest site before tvm secretariate