ഐ.പി.എല്‍ 2025ന്റെ ആദ്യ ക്വാളിഫയര്‍ കളിക്കാന്‍ പോകുന്ന ടീം ആരാണെന്ന് ഇന്ന് വ്യക്തമാകും. ലഖ്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ നേരിടാനൊരുങ്ങുകയാണ്.
ഈ മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് വിജയിക്കുകയോ മത്സരം ഉപേക്ഷിപ്പെടുകയോ ചെയ്താല്‍ ബെംഗളൂരു പഞ്ചാബിനൊപ്പം ആദ്യ ക്വാളിഫയര്‍ മത്സരം കളിക്കും. അഥവാ ടീം പരാജയപ്പെടുകയാണെങ്കില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റന്‍സാകും ആദ്യ ക്വാളിഫയറിന് യോഗ്യത നേടുക.
ആദ്യ ക്വാളിഫയറില്‍ ഇടം നേടുന്ന ടീമുകള്‍ക്ക് ഫൈനലിലെത്താന്‍ രണ്ട് അവസരം ലഭിക്കും എന്ന കാരണത്താലാണ് പോയിന്റ് പട്ടികയിലെ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നിര്‍ണായകമാകുന്നത്.
ആദ്യ ക്വാളിഫയറില്‍ വിജയിക്കുന്ന ടീമിന് നേരിട്ട് ഫൈനലില്‍ പ്രവേശിക്കാം. എന്നാല്‍ തോല്‍ക്കുന്ന ടീമിന് മറ്റൊരു അവസരവും ലഭിക്കും.
പട്ടികയിലെ മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഇടം നേടിയ ടീമുകള്‍ തമ്മില്‍ നടക്കുന്ന എലിമിനേറ്റര്‍ പോരാട്ടത്തിലെ വിജയികളെ രണ്ടാം ക്വാളിഫയറില്‍ ആദ്യ ക്വാളിഫയര്‍ പരാജയപ്പെട്ട ടീം നേരിടും. ഇതില്‍ വിജയിക്കുന്ന ടീമാകും ഫൈനല്‍ കളിക്കുക.
എന്നാല്‍ ഈ അഡ്വാന്റേജ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും ലഭിക്കുന്ന ടീമിന് ലഭിക്കില്ല. എലിമിനേറ്റര്‍, രണ്ടാം ക്വാളിഫയര്‍, ഫൈനല്‍ എന്നിങ്ങനെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ഈ ടീമുകള്‍ക്ക് കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കൂ.
എന്നാല്‍ ഇത്തരത്തില്‍ എലിമിനേറ്റര്‍ കളിച്ച് കിരീടമുയര്‍ത്തിയ ഒരു ടീമും ക്യാപ്റ്റനും ഐ.പി.എല്ലിന്റെ ചരിത്രത്തിലുണ്ട്. ഇത്തരത്തില്‍ ചാമ്പ്യന്‍മാരായ ഐ.പി.എല്‍ ചരിത്രത്തിലെ ഏക ടീം. 2016ല്‍ സണ്‍റൈസേഴ്സിനെ കിരീടമണിയിച്ച ഡേവിഡ് വാര്‍ണറാണ് അസാധ്യമെന്ന് തോന്നിച്ചതിനെ സാധ്യമാക്കി മാറ്റിയത്.
ചിത്രത്തിന് കടപ്പാട്: സ്‌പോര്‍ട്‌സ് കീഡ
ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ എലിമിനേറ്റര്‍ കളിച്ചെത്തി കിരീടം നേടിയ ഏക നായകനാണ് ഡേവിഡ് വാര്‍ണര്‍.
സീസണില്‍ 14 മത്സരത്തില്‍ നിന്നും 16 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് സണ്‍റൈസേഴ്സ് ഫിനിഷ് ചെയ്തത്. ഒന്നാം സ്ഥാനത്ത് ഗുജറാത്ത് ലയണ്‍സും രണ്ടാം സ്ഥാനത്ത് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുമാണ് ഇടം നേടി നാലാം സ്ഥാനത്താകട്ടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും.
ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ലയണ്‍സിനെ നാല് വിക്കറ്റിന് തോല്‍പിച്ച് കോഹ്‌ലിപ്പട കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തു.
നോക്ക് ഔട്ടില്‍ കൊല്‍ക്കത്തയെ നേരിടാനിറങ്ങിയ സണ്‍റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്ത് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സ് നേടി. യുവരാജ് സിങ്ങിന്റെയും മോയ്സസ് ഹെന്‌റിക്സിന്റെയും ഇന്നിങ്സുകളാണ് ടീമിന് മോശമല്ലാത്ത സ്‌കോര്‍ സമ്മാനിച്ചത്.
163 റണ്‍സ് ലക്ഷ്യമിട്ട് ബാറ്റ് വീശിയ കൊല്‍ക്കത്തയെ ഭുവനേശ്വര്‍ കുമാറും ഹെന്‌റിക്സും ചേര്‍ന്ന് പിടിച്ചുകെട്ടി. ഒടുവില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ കെ.കെ.ആര്‍ 140ന് പോരാട്ടം അവസാനിപ്പിച്ചു.
മോയ്സസ് ഹെന്‌റിക്സ്
ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട റെയ്നയുടെ ഗുജറാത്ത് ലയണ്‍സിനെയാണ് രണ്ടാം ക്വാളിഫയറില്‍ ഉദയസൂര്യന്‍മാര്‍ക്ക് നേരിടാനുണ്ടായിരുന്നത്. ദല്‍ഹിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഡേവിഡ് വാര്‍ണര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ആരോണ്‍ ഫിഞ്ചിന്റെ അര്‍ധ സെഞ്ച്വറിയുടെയും ബ്രണ്ടന്‍ മക്കെല്ലം, ദിനേഷ് കാര്‍ത്തിക് എന്നിവരുടെ ഇന്നിങ്സിന്റെയും കരുത്തില്‍ ലയണ്‍സ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 162ലെത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സണ്‍റൈസേഴ്സിന് തുടക്കത്തിലേ പിഴച്ചു. ശിഖര്‍ ധവാനെ പൂജ്യത്തിന് നഷ്ടമായി. ഹെന്‌റിക്സിനെ 11ന് പുറത്താക്കിയ ഗുജറാത്ത് യുവരാജ് സിങ്ങിനെ എട്ടിനും ദീപക് ഹൂഡയെ നാലിനും ബെന്‍ കട്ടിങ്ങിനെ എട്ട് റണ്‍സിനും പവലിയനിലേക്ക് തിരിച്ചയച്ചു.
ഒരുവശത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും മറുവശത്ത് ഡേവിഡ് വാര്‍ണര്‍ ഉറച്ചുനിന്നു. വാര്‍ണറിന്റെ ബാറ്റില്‍ നിന്നും പിറവിയെടുത്ത ബൗണ്ടറികള്‍ സ്‌കോര്‍ ബോര്‍ഡിന്റെ ജിവന്‍ കെടാതെ കാത്തു.
ഒടുവില്‍ 19ാം ഓവറിലെ രണ്ടാം പന്തില്‍ രാജകീയമായി സണ്‍റൈസേഴ്സ് മത്സരവും ഒപ്പം ഫൈനലിലെ സ്ഥാനവും സ്വന്തമാക്കി. 58 പന്തില്‍ 11 ബൗണ്ടറിയുടെയും മൂന്ന് സിക്സറിന്റെയും അകമ്പടിയോടെ പുറത്താകാതെ 93 റണ്‍സടിച്ച ഡേവിഡ് വാര്‍ണര്‍ ടീമിനെ കലാശപ്പോരാട്ടത്തിന് യോഗ്യരാക്കി.
എട്ടാം നമ്പറില്‍ കളത്തിലിറങ്ങി മൂന്ന് സിക്സറടക്കം 11 പന്തില്‍ പുറത്താകാതെ 27 റണ്‍സ് നേടിയ ബിപുല്‍ ശര്‍മക്കും ഈ വിജയത്തിന്റെ ക്രെഡിറ്റ് അവകാശപ്പെട്ടതാണ്.
ബിപുല്‍ ശര്‍മ
2016 മെയ് 29. കിരീടപ്പോരാട്ടത്തിന് ബെംഗളൂരുവിന്റെ സ്വന്തം തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയം വേദിയാകുന്നു. ഒരുവശത്ത് ഡേവിഡ് വാര്‍ണറും സംഘവും. മറുവശത്ത് ഫോമിന്റെ കൊടുമുടി കയറി നില്‍ക്കുന്ന വിരാട് കോഹ്‌ലി. ഒപ്പം എന്തിനും പോന്നവരായി ക്രിസ് ഗെയ്ലും ഡി വില്ലിയേഴ്സും വാട്‌സണും രാഹുലും അടങ്ങുന്ന ബെംഗളൂരു നിരയും.
എന്നാല്‍ 11ാം ഓവറിലെ മൂന്നാം പന്തില്‍ ബെന്‍ കട്ടിങ് സണ്‍റൈസേഴ്സിനാവശ്യമായ ബ്രേക് ത്രൂ സമ്മാനിച്ചു. ഓഫ് സ്റ്റംപിന് പുറത്തെറിഞ്ഞ ഫുള്ളര്‍ ഡെലിവെറിയില്‍ ബാറ്റ് വെച്ച ഗെയ്ലിന് പിഴച്ചു. തേര്‍ഡ് മാനില്‍ ബിപുല്‍ ശര്‍മയുടെ കയ്യിലൊതുങ്ങി ഗെയ്ല്‍ മടങ്ങി. 38 പന്തില്‍ 76 റണ്‍സ് നേടിയാണ് വിന്‍ഡീസ് കരുത്തന്‍ തിരികെ നടന്നത്.
ടീം സ്‌കോര്‍ 140ല്‍ നില്‍ക്കവെ വിരാടും പുറത്തായി. 35 പന്തില്‍ 54 റണ്‍സ് നേടി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡായാണ് ക്യാപ്റ്റന്‍ കൂടാരം കയറിയത്.
ഡി വില്ലിയേഴ്സ് അഞ്ചിനും കെ.എല്‍. രാഹുല്‍, ഷെയ്ന്‍ വാട്സണ്‍ എന്നിവര്‍ 11 റണ്‍സ് വീതവും നേടി മടങ്ങിയതോടെ റോയല്‍ ചലഞ്ചേഴ്‌സ് ഡ്രസ്സിങ് റൂം അപകടം മണത്തു.
18 റണ്‍സടിച്ച സച്ചിന്‍ ബേബി പൊരുതിയെങ്കിലും വിജയിക്കാന്‍ അതൊന്നും പോരാതെ വരികയായിരുന്നു. ഒടുവില്‍ 20ാം ഓവറിലെ അവസാന പന്ത് ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞുതീര്‍ക്കുമ്പോള്‍ എട്ട് റണ്‍സകലെ ബെംഗളൂരു കണ്ണീരോടെ കിരീടമെന്ന മോഹം അടിയറവ് വെച്ചു.
സണ്‍റൈസേഴ്‌സ് കിരീടവുമായി
ബൗളിങ്ങിലും ബാറ്റിങ്ങിലും ഒരുപോലെ തിളങ്ങിയ ബെന്‍ കട്ടിങ് ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടു.
ബെന്‍ കട്ടിങ് പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവുമായി
അതിന് മുമ്പോ ശേഷമോ ഒരു ടീമിന് പോലും എലിമിനേറ്റര്‍ കളിച്ച് കിരീടമുയര്‍ത്താന്‍ സാധിച്ചിട്ടില്ല.
ഈ സീസണില്‍ എലിമിനേറ്റര്‍ കളിക്കുന്ന ആദ്യ ടീം മുംബൈ ഇന്ത്യന്‍സാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാമത് ഏത് ടീമാകും ഈ മത്സരത്തിനെത്തുക? ഗുജറാത്ത് ടൈറ്റന്‍സോ അതോ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവോ? ആരും തന്നെയാകട്ടെ, അസാധ്യമെന്ന് കരുതിയത് ചെയ്തുകാണിച്ച വാര്‍ണറിന്റെ ഉദാഹരണം നിങ്ങള്‍ക്ക് മുമ്പിലുണ്ട്. നിങ്ങളെക്കൊണ്ടും അത് സാധിക്കാതിരിക്കില്ല
Content Highlight: David Warner is the only captain in the history of the IPL to win the title by playing in the Eliminator.