39ാം വയസില്‍ 14,000!!! വിരാടും രോഹിത്തുമടക്കം ഒറ്റ ഇന്ത്യന്‍ പോലുമില്ല; തോറ്റ മത്സരത്തിലും ചരിത്രമെഴുതി വാര്‍ണര്‍
Sports News
39ാം വയസില്‍ 14,000!!! വിരാടും രോഹിത്തുമടക്കം ഒറ്റ ഇന്ത്യന്‍ പോലുമില്ല; തോറ്റ മത്സരത്തിലും ചരിത്രമെഴുതി വാര്‍ണര്‍
ആദര്‍ശ് എം.കെ.
Saturday, 17th January 2026, 10:56 am

ടി-20 ഫോര്‍മാറ്റില്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമായി ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് വീരന്‍ ഡേവിഡ് വാര്‍ണര്‍. കഴിഞ്ഞ ദിവസം ബിഗ് ബാഷ് ലീഗിലെ സിഡ്‌നി നാട്ടങ്കത്തിലാണ് വാര്‍ണര്‍ ഈ ചരിത്ര നേട്ടത്തിലെത്തിയത്. മത്സരത്തില്‍ താരം സെഞ്ച്വറി നേടിയിരുന്നു.

കഴിഞ്ഞ ദിവസം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന സിഡ്‌നി സിക്‌സേഴ്‌സ് – സിഡ്‌നി തണ്ടര്‍ മത്സരത്തില്‍ സെഞ്ച്വറിയുമായാണ് വാര്‍ണര്‍ തിളങ്ങിയത്. സിക്‌സേഴ്‌സിനെതിരെ 82 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് വാര്‍ണര്‍ 14,000 എന്ന മാജിക്കല്‍ നമ്പറിലെത്തിയത്.

ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് മാത്രം താരമാണ് വാര്‍ണര്‍. ക്രിസ് ഗെയ്ല്‍ (14,562), കെയ്‌റോണ്‍ പൊള്ളാര്‍ഡ് (14,482), അലക്‌സ് ഹെയ്ല്‍സ് (14,449) എന്നിവര്‍ മാത്രമാണ് റെക്കോഡ് നേട്ടത്തില്‍ മുമ്പിലുള്ളത്.

കരിയറിലെ 431ാം ടി-20 ഇന്നിങ്‌സിലാണ് വാര്‍ണര്‍ 14,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. 37.11 ശരാശരിയിലും 140.64 സ്‌ട്രൈക് റേറ്റിലുമാണ് താരം ബാറ്റ് വീശുന്നത്. പത്ത് സെഞ്ച്വറിയും 115 അര്‍ധ സെഞ്ച്വറിയുമാണ് ഷോര്‍ട്ടര്‍ ഫോര്‍മാറ്റില്‍ താരത്തിന്റെ പേരിലുള്ളത്.

ഡേവിഡ് വാര്‍ണര്‍. Photo: cricket.com.aus/x.com

1432 ഫോറുകളും 498 സിക്‌സറുകളും ടി-20യില്‍ അടിച്ചെടുത്ത വാര്‍ണര്‍ 500 ടി-20 സിക്‌സറുകളെന്ന മറ്റൊരു നാഴികക്കല്ലിനും തൊട്ടടുക്കല്‍ എത്തിയിരിക്കുകയാണ്.

ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന് പുറമെ ഓസ്ട്രേലിയ എ, ദല്‍ഹി ക്യാപിറ്റല്‍സ്, ദല്‍ഹി ഡെയര്‍ഡെവിള്‍സ്, ദുബായ് ക്യാപിറ്റല്‍സ്, ഡുര്‍ഹാം, കറാച്ചി കിങ്സ്, ലണ്ടന്‍ സ്പിരിറ്റ്, മിഡില്‍സെക്സ്, ന്യൂ സൗത്ത് വെയ്ല്‍സ്, നോര്‍ത്തേണ്‍ ഡിസ്ട്രിക്റ്റ്സ്, സിയാറ്റില്‍ ഓര്‍ക്കാസ്, സെന്റ് ലൂസിയ സ്റ്റാര്‍സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, സിഡ്നി സിക്സേഴ്സ്, സിഡ്നി തണ്ടര്‍, സില്‍ഹെറ്റ് സിക്സേഴ്സ് ടീമുകള്‍ക്കായും താരം ബാറ്റ് വീശി.

സണ്‍റൈസേഴ്സ് ഹൈദരാബാദ് ജേഴ്സിയില്‍

അതേസമയം, ചരിത്രമെഴുതിയ മത്സരത്തില്‍ വിജയിക്കാന്‍ മാത്രം താരത്തിന് സാധിച്ചില്ല. സെഞ്ച്വറിയുമായി ഒറ്റയാള്‍ പോരാട്ടം നടത്തിയെങ്കിലും മറുവശത്ത് സ്മിത്തിന്റെ സെഞ്ച്വറി കരുത്തില്‍ സിക്‌സേഴ്‌സ് വിജയിക്കുകയായിരുന്നു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തണ്ടര്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സ് നേടി. ഇതില്‍ 110 റണ്‍സും വാര്‍ണറിന്റെ ബാറ്റില്‍ നിന്നുമാണ് പിറവിയെടുത്തത് എന്നതും ശ്രദ്ധേയമാണ്. 26 റണ്‍സ് നേടിയ നിക് മാഡിസണ്‍ ആണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിക്‌സേഴ്‌സ് സ്റ്റീവ് സ്മിത്തിന്റെ വെടിക്കെട്ടില് 16 പന്ത് ശേഷിക്കെ വിജയം പിടിച്ചെടുക്കുകയായിരുന്നു.

 

Content Highlight: David Warner completes 14,000 T20 runs

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.