2026 ടി – 20 ലോകകപ്പില്‍ ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ട് സൗത്ത് ആഫ്രിക്ക ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായിരിക്കുകയാണ്. ഒന്നാം സെമി ഫൈനലില്‍ ഒമ്പത് വിക്കറ്റിന്റെ തോല്‍വിയാണ് ടീം വഴങ്ങിയത്.
🚨 MATCH RESULT 🚨
A memorable campaign draws to a close for #TheProteas in the ICC Men’s T20 World Cup 2026. 🇿🇦🏆
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പ്രോട്ടിയാസ് ബാറ്റര്‍മാര്‍ക്ക് കാലിടറിയിരുന്നു. മാര്‍ക്കോ യാന്‍സന്റെ അര്‍ധ സെഞ്ച്വറി കരുത്തില്‍ 169 റണ്‍സ് ഉയര്‍ത്തിയിരുന്നു. ഇത് പിന്തുടര്‍ന്ന കിവീസ് വിജയലക്ഷ്യം അനായാസം മറികടക്കുകയായിരുന്നു.
ഫിന്‍ അലന്റെ സെഞ്ച്വറി മുന്നില്‍ പ്രോട്ടിയാസ് മുട്ടുകുത്തിയപ്പോള്‍ ഡേവിഡ് മില്ലറിനെ ഒരു നിര്‍ഭാഗ്യം കൂടിയാണ് തേടിയെത്തിയിരിക്കുന്നത്. തന്റെ 12ാമത്തെ ഐ.സി.സി ടൂര്‍ണമെന്റിലാണ് താരത്തിന് കിരീടമില്ലാതെ മടങ്ങേണ്ടി വന്നത്. 2013മുതല്‍ മില്ലര്‍ പ്രോട്ടിയാസിനായി ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍ ഇറങ്ങുന്നുണ്ട്. എന്നാല്‍, ഇവയിലെല്ലാം താരത്തിന് കണ്ണീരോടെ മടങ്ങേണ്ടി വന്നു.
മില്ലര്‍ 2013 ചാമ്പ്യന്‍സ് ട്രോഫിയിലാണ് ആദ്യമായി ഒരു ഐ.സി.സി ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങിയത്. അന്ന് സെമി ഫൈനലില്‍ അര്‍ധ സെഞ്ച്വറി നേടി താരം കളം നിറഞ്ഞിട്ടും പ്രോട്ടിയാസ് പരാജയപ്പെട്ടു. അടുത്ത വര്‍ഷം ടി – 20 ലോകകപ്പിലാണ് ബാറ്റര്‍ മത്സരത്തിനിറങ്ങിയത്.
ലോകകപ്പ് തോൽവിയിൽ നിരാശനായിരിക്കുന്ന ഡേവിഡ് മില്ലർ. Photo: ICC.com
ഇവിടെയും സെമി ഫൈനലില്‍ തോറ്റ് മടങ്ങാനായിരുന്നു പ്രോട്ടിയാസിന്റെയും മില്ലറിന്റെയും വിധി. പിന്നാലെ 2015ല്‍ നടന്ന ഏകദിന ലോകകപ്പിലും 36 കാരന്‍ സൗത്ത് ആഫ്രിക്കക്ക് ഒപ്പമുണ്ടായിരുന്നു. ടൂര്‍ണമെന്റും വര്‍ഷവും മാറി വന്നിട്ടും മില്ലറിനെ ഭാഗ്യം തുണച്ചില്ല. സെമി ഫൈനലില്‍ തന്നെയായിരുന്നു ഇത്തവണയും തോല്‍വി വഴങ്ങേണ്ടി വന്നത്.
2016ല്‍ വീണ്ടുമൊരു ടി – 20 ലോകകപ്പെത്തി. അപ്പോഴും പതിവ് പോലെ മില്ലര്‍ പ്രോട്ടിയാസ് കുപ്പായത്തില്‍ കളിക്കളത്തിലെത്തി. അന്ന് പക്ഷേ, ടീമിന് സൂപ്പര്‍ 10ല്‍ തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തൊട്ടടുത്ത വര്‍ഷം ചാമ്പ്യന്‍സ് ട്രോഫിയില്‍ എത്തിയപ്പോഴും മില്ലറിന് നിരാശ തന്നെയായിരുന്നു ഫലം.
പിന്നീട് ഒരു ഐ.സി.സി ടൂര്‍ണമെന്റ് നടക്കുന്നത് രണ്ട് വര്‍ഷങ്ങള്‍ക്കിപ്പുറം 2019ലാണ്. അന്നത്തെ ഏകദിന ലോകകപ്പില്‍ മുന്‍ വര്‍ഷങ്ങളിലേത് പോലെ മില്ലറുമുണ്ടായിരുന്നു പ്രോട്ടിയാസിനൊപ്പം. ടൂര്‍ണമെന്റില്‍ സൗത്ത് ആഫ്രിക്ക ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായിരുന്നു.
2025 ചാമ്പ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെയുള്ള മത്സരത്തിനിടെ ഡേവിഡ് മില്ലർ. Photo: ICC/x.com
അതിന് ശേഷം 2021ലും 2022ലും ടി – 20 ലോകകപ്പുകളെത്തി. ഇരു ടൂര്‍ണമെന്റുകളിലും സൂപ്പര്‍ 12 വരെ മാത്രമേ സൗത്ത് ആഫ്രിക്കയ്ക്ക് മുന്നേറാന്‍ സാധിച്ചുള്ളൂ. അതിനാല്‍ തന്നെ മില്ലറിന് ഒരു കപ്പെന്ന മോഹം ഉപേക്ഷിക്കേണ്ടി വന്നു.
പിന്നീട് അടുത്ത മൂന്ന് വര്‍ഷങ്ങളിലും ഓരോ ഐ.സി.സി. ടൂര്‍ണമെന്റുകള്‍ അരങ്ങേറി. എന്നാല്‍, ഇവയിലൊന്നും ടീമിന് കിരീടം നേടാനായില്ല. 2023 ഏകദിന ലോകകപ്പില്‍ സെമി ഫൈനലിലാണ് കാലിടറിയെങ്കില്‍ 2024 ടി – 20 ലോകകപ്പില്‍ ഫൈനലിലാണ് ടീം തോല്‍വി വഴങ്ങിയത്.
2025ല്‍ എത്തിയ ചാമ്പ്യന്‍സ് ട്രോഫിയിലും പ്രോട്ടിയാസ് സെമി ഫൈനലില്‍ കണ്ണീരണിഞ്ഞു, ഒപ്പം മില്ലറും. ഇപ്പോള്‍ വീണ്ടും ഒരു ടി – 20 ലോകകപ്പിലും കിരീടമെന്ന മോഹം ബാക്കി വെച്ച് പ്രോട്ടിയാസിനും മില്ലര്‍ക്കും മടങ്ങേണ്ടി വന്നിരിക്കുന്നു. ഇതിനിടയില്‍ സൗത്ത് ആഫ്രിക്ക ഐ.സി.സി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്ട്രേലിയയെ തകര്‍ത്ത് ജേതാക്കളായിരുന്നു. എന്നാല്‍, ടീമിലില്ലാത്തതിനാല്‍ മില്ലറിന് ആ നേട്ടത്തിന്റെ ഭാഗമാവാന്‍ സാധിച്ചില്ല.
Content Highlight: David Miller and South Africa’s performance in ICC Tournaments