ലോകകപ്പിലെ 'കറുത്ത കുതിരകള്‍' അവരാണ്; തെരഞ്ഞെടുപ്പുമായി ബെക്കാം
2026 FIFA World Cup
ലോകകപ്പിലെ 'കറുത്ത കുതിരകള്‍' അവരാണ്; തെരഞ്ഞെടുപ്പുമായി ബെക്കാം
Sudev A
Sunday, 7th June 2026, 12:53 pm

ലോകം മുഴുവന്‍ ഒരു കാല്‍പന്തിലേക്ക് ചുരുങ്ങാന്‍ ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പാണുള്ളത്. മെക്സിക്കോ, കാനഡ, യു.എസ്.എ എന്നിവര്‍ സംയുക്തമായി ആതിഥേയത്വമുരളുന്ന 2026 ലോകകപ്പിന് ജൂണ്‍ 11ന് തുടക്കമാകും. ഇത്തവണ ലോകകപ്പില്‍ കിരീടത്തിനായി മാറ്റുരക്കുന്നത് 48 രാജ്യങ്ങളാണ്.

ചരിത്രത്തിലെ തന്നെ ഏറ്റവുമധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന ലോകകപ്പ് എന്ന ഖ്യാതിയോടെത്തുന്ന ടൂര്‍ണമെന്റ് ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാന്‍ ഒരുപാട് മികച്ച നിമിഷങ്ങള്‍ സമ്മാനിക്കുമെന്ന് ഉറപ്പാണ്.

ഇപ്പോള്‍ ഈ ലോകകപ്പിലെ കറുത്ത കുതിരകള്‍ ആരായിരിക്കുമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇംഗ്ലണ്ട് ഇതിഹാസം ഡേവിഡ് ബെക്കാം. ഏഷ്യന്‍ വമ്പന്മാരായ ജപ്പാനെയാണ് ബെക്കാം ശക്തമായ സംഘമെന്ന് വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് വീണ്ടുമൊരു ലോകകപ്പ് നേടേണ്ട സമയമാണിതന്നെനും ഇംഗ്ലീഷ് ഇതിഹാസം വ്യക്തമാക്കി. എ.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബെക്കാം.

‘ഞാന്‍ എപ്പോഴും ഇംഗ്ലണ്ടിനെയാണ് പിന്തുണക്കുക. കാരണം ഇംഗ്ലണ്ട് അവസാനമായി ലോകകപ്പ് നേടിയിട്ട് 60 വര്‍ഷമായി. അതിനാല്‍ അവര്‍ വീണ്ടും ലോകകപ്പ് നേടേണ്ട സമയമാണിതെന്ന് ഞാന്‍ കരുതുന്നു. പക്ഷെ ലോകകപ്പ് ഒരിക്കലും എളുപ്പമുള്ള മത്സരമല്ല. ഓരോ ടൂര്‍ണമെന്റിലും ആരും പ്രതീക്ഷിക്കാത്ത ഒരു ടീമോ താരമോ മികച്ച പ്രകടനം നടത്താറുണ്ട്. ജപ്പാന്‍ ടീം ഇപ്പോള്‍ വളരെ ശക്തമായ ഒരു സംഘമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് അവര്‍ ഇത്തവണത്തെ അപ്രതീക്ഷിത വിജയികളായി മാറാന്‍ സാധ്യതയുണ്ട്,’ ഡേവിഡ് ബെക്കാം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും മികച്ച ടീമാണ് ജപ്പാന്‍. ഫിഫ റാങ്കിങ്ങില്‍ 18ാം സ്ഥാനത്തുള്ള ജപ്പാന്‍ ഏഷ്യന്‍ വന്‍കരയില്‍ നിന്നും യോഗ്യത നേടിയ ആദ്യ ടീമാണ്. തുടര്‍ച്ചയായ എട്ടാം ലോകകപ്പ് കളിക്കാനാണ് ജപ്പാന്‍ എത്തുന്നത്.

1998ലാണ് ജപ്പാന്‍ ആദ്യമായി ലോകകപ്പില്‍ അരങ്ങേറ്റം കുറിക്കുന്നത്. 2018 റഷ്യന്‍ ലോകകപ്പില്‍ കൊളംബിയയെ വീഴ്ത്തിയ ജപ്പാന്‍ 2022 ഖത്തര്‍ ലോകകപ്പില്‍ വമ്പന്‍ അട്ടിമറി നടത്തി ശ്രദ്ധ നേടി. കഴിഞ്ഞ ലോകകപ്പില്‍ മരണ ഗ്രൂപ്പെന്ന് വിശേഷിക്കപ്പെട്ട ഗ്രൂപ്പ് ഇ-യില്‍ സ്‌പെയ്‌നിനെയും ജര്‍മനിയെയും ആണ് ജപ്പാന്‍ തകര്‍ത്തത്.

നാല് വര്‍ഷങ്ങള്‍ക്ക് ശേഷവും ജപ്പാന്റെ പോരാട്ടവീര്യത്തിന് യാതൊരു കുറവും വന്നിട്ടില്ല. സമീപകാലങ്ങളില്‍ നടന്ന സൗഹൃദ മത്സരങ്ങളില്‍ ബ്രസീലിനെയും ഇംഗ്ലണ്ടിനെയും വീഴ്ത്തി ജപ്പാന്‍ ഫുട്‌ബോള്‍ ലോകത്തെ വീണ്ടും ഞെട്ടിച്ചിരുന്നു.

ജപ്പാൻ ഫുട്ബോൾ ടീം

ഇതുവരെ ലോകകപ്പില്‍ ഗ്രൂപ്പ് എഫി-ലാണ് ജപ്പാന്‍ പോരാട്ടത്തിനിറങ്ങുന്നത്. നെതര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, ടുണീഷ്യ എന്നീ ടീമുകളാണ് ജപ്പാനൊപ്പം കിരീടത്തിനായി മാറ്റുരക്കുന്നത്. ജൂണ്‍ 15ന് ഡച്ച് പടക്കെതിരെയാണ് ഏഷ്യന്‍ വമ്പന്മാരുടെ ആദ്യ മത്സരം. അട്ടിമറികള്‍ കൊണ്ട് അത്ഭുതങ്ങള്‍ തീര്‍ക്കുന്ന ജപ്പാന്‍ ഇത്തവണയും ഞെട്ടിക്കുമോയെന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

Content Highlight: David Beckham talks Japan team strength in 2026 FIFA world cup

 

 

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.