ജസ്റ്റിസ് എസ്. ഈശ്വര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹരജി പരിഗണിച്ചത്. 2005ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശത്തിലെ വ്യവസ്ഥയാണ് ഇപ്പോള്‍ നിലനില്‍ക്കുകയെന്ന് ജസ്റ്റിസ് എസ്. ഈശ്വരന്‍ ചൂണ്ടിക്കാട്ടി.
10 ആണ്മക്കള്‍ക്ക് തുല്യമാണ് ഒരു മകളെന്നും പെണ്‍കുട്ടികളില്‍ സമൃദ്ധിയുടെ ദേവത കുടികൊള്ളുന്നുണ്ടെന്നും വിധി പ്രസ്താവിക്കുന്നതിനിടെ കോടതി പറഞ്ഞു. എന്നാല്‍ പെണ്മക്കളുടെ പിന്തുടര്‍ച്ചാവകാശത്തില്‍ ഇത് കാണാറില്ലെന്നും കോടതി നിരീക്ഷിച്ചു.
2005ലെ കേന്ദ്ര ഭേദഗതിക്ക് ശേഷമാണ് സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യമായ അവകാശം ലഭിച്ചത്. 1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം ഭേദഗതി ചെയ്തുകൊണ്ടായിരുന്നു ഈ മാറ്റം.
നിലവില്‍ 2004 ഡിസംബര്‍ 20ന് ശേഷം മരിച്ച ഹിന്ദുകുടുംബങ്ങളിലെ പൂര്‍വികരുടെ സ്വത്തില്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തെ വിവാഹിതരമായ പെണ്‍മക്കള്‍ക്ക് പൂര്‍വികസ്വത്തില്‍ തുല്യ അവകാശമുണ്ടായിരുന്നില്ല. 1975ലെ കേരള കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്നും നാലും ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമ ഭേദഗതിയിലെ സെക്ഷന്‍ ആറിന് വിരുദ്ധമാണെന്നും അതിനാല്‍ ഇവ നിലനില്‍ക്കില്ലെന്നും കോടതി നിരീക്ഷിച്ചു.
കൂട്ടുകുടുംബ നിരോധന നിയമത്തിലെ സെക്ഷന്‍ മൂന്ന് പൂര്‍വികസ്വത്തില്‍ വ്യക്തികള്‍ക്കുള്ള അവകാശത്തെ വിലക്കുന്നുവെന്നും സെക്ഷന്‍ നാല് ഹിന്ദു അവിഭക്ത കുടുംബങ്ങളിലുള്ളവര്‍ക്ക് സ്വത്തുക്കളില്‍ കൂടാവകാശമുണ്ടെന്നുമാണ് പറയുന്നത്.
2005ല്‍ സുപ്രധാനമായ ഒരു ഭേദഗതി ഉണ്ടായിട്ടും പല സാഹചര്യങ്ങളിലും 1975ലെ കേരള കൂട്ടുകുടംബ വ്യവസ്ഥ നിര്‍ത്തലാക്കല്‍ നിയമത്തിലെ വകുപ്പുകള്‍ ഉപയോഗിച്ച് നിയമലംഘനങ്ങള്‍ നടക്കാറുണ്ടെന്നും കോടതി നിരീക്ഷിച്ചു.
Content Highlight: Daughters have equal rights in ancestral property in Hindu families: Highcourt