അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്ന പെണ്‍മക്കളുടെ കാല് തല്ലിയൊടിക്കണം: പ്രഗ്യാ സിങ് ഠാക്കൂര്‍
India
അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്ന പെണ്‍മക്കളുടെ കാല് തല്ലിയൊടിക്കണം: പ്രഗ്യാ സിങ് ഠാക്കൂര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 19th October 2025, 6:48 pm

ഭോപ്പാല്‍: പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീട്ടില്‍ പോകുന്നത് തടയാന്‍ കടുത്ത നടപടികളെടുക്കണമെന്ന് മാതാപിതാക്കളോട് ആഹ്വാനം ചെയ്ത് മുന്‍ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂര്‍.

പെണ്‍മക്കള്‍ അഹിന്ദുക്കളുടെ വീടുകളിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണം. പറഞ്ഞത് അനുസരിക്കുന്നില്ലെങ്കില്‍ കാലുകള്‍ തല്ലി ഒടിക്കണമെന്നും ആവശ്യമെങ്കില്‍ മര്‍ദിക്കണമെന്നും പ്രഗ്യാ സിങ് മതപരമായ ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചു.

നിങ്ങള്‍ പറയുന്നത് പെണ്‍മക്കള്‍ അനുസരിക്കാതെ ഒരു അഹിന്ദുവിന്റെ വീട്ടില്‍ പോയാല്‍ അവളുടെ കാലുകള്‍ തല്ലിയൊടിക്കണം. അതിനായി നിങ്ങളുടെ മനസിനെ ശക്തിപ്പെടുത്തണമെന്ന് പ്രഗ്യ പറഞ്ഞു .ഈ മാസം ആദ്യം ഭോപ്പാലില്‍ നടന്ന മതസമ്മേളനത്തില്‍ നിന്നുള്ള പ്രഗ്യയുടെ പ്രസംഗം കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡിയയിലടക്കം ചര്‍ച്ചയായത്.

മൂല്യങ്ങള്‍ പാലിക്കാത്ത, മാതാപിതാക്കളെ അനുസരിക്കാത്ത, മുതിര്‍ന്നവരെ ബഹുമാനിക്കാത്ത, വീട്ടില്‍ നിന്ന് ഓടിപ്പോകാന്‍ തയ്യാറെടുക്കുന്ന പെണ്‍കുട്ടികളോട് കൂടുതല്‍ ജാഗ്രത കാണിക്കണം. പെണ്‍മക്കളെ വീടിന് പുറത്തുപോകാന്‍ സമ്മതിക്കരുത്; തല്ലണം. സമാധാനിപ്പിക്കുകയും സ്‌നേഹിക്കുകയും ചെയ്ത് അവരോട് കാര്യങ്ങള്‍ വിശദീകരിക്കണം. എന്നിട്ടും ഫലമില്ലെങ്കില്‍ ശകാരിച്ച് അവരെ തടഞ്ഞുനിര്‍ത്തണമെന്ന് പ്രഗ്യാ സിങ് മാതാപിതാക്കളോട് പറഞ്ഞു.

‘മൂല്യങ്ങള്‍ അനുസരിക്കാത്ത പെണ്‍കുട്ടികളും മാതാപിതാക്കളുടെ വാക്ക് കേള്‍ക്കാത്തവരും ശിക്ഷയ്ക്ക് അര്‍ഹരാണ്. കുട്ടികളുടെ ക്ഷേമത്തിനായി നിങ്ങള്‍ക്ക് അവരെ ഉപദ്രവിക്കേണ്ടി വന്നാല്‍ മടിച്ചു നില്‍ക്കരുത്. പിന്നോട്ട് പോകരുത്. മാതാപിതാക്കളുടെ ഈ പ്രവര്‍ത്തികളെല്ലാം നമ്മുടെ മക്കളുടെ നന്മയ്ക്ക് വേണ്ടിയാണ്. അവരെ കഷ്ണങ്ങളായി മരിക്കാന്‍ അനുവദിക്കില്ല’, പ്രഗ്യാ സിങ് ഫേസ്ബുക്ക് വീഡിയോയില്‍ പറയുന്നു.

മിശ്ര വിവാഹങ്ങള്‍ക്കെതിരായുള്ള പ്രഗ്യയുടെ പരാമര്‍ശങ്ങള്‍ വിവാദമായതോടെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പി മനപൂര്‍വം വിദ്വേഷ പ്രചാരണം നടത്തുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. എന്തിനാണ് ഇത്രയധികം ഒച്ചപ്പാടുണ്ടാക്കുന്നതെന്നും വിദ്വേഷം പ്രചരിപ്പിക്കുന്നതെന്നും കോണ്‍ഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത ചോദിച്ചു.

അതേസമയം, മാലേഗാവ് സ്‌ഫോടനക്കേസിലടക്കം പ്രതിയായിരുന്ന പ്രഗ്യാ സിങ് ഠാക്കൂര്‍ മുമ്പും വിദ്വേഷ പ്രസംഗങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. നേരത്തെ, പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയതിന് 2019 ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഗ്യയെ പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു.

ഇക്കഴിഞ്ഞ ജൂലൈയില്‍ മാലേഗാവ് കേസില്‍ പ്രഗ്യാ സിങ് ഉള്‍പ്പെടെയുള്ള ഏഴ് പ്രതികളെ എന്‍.ഐ.എ കോടതി വെറുതെവിട്ടിരുന്നു. തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടി മുഴുവന്‍ പ്രതികളേയും മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി വെറുതെവിടുകയായിരുന്നു.

Content Highlight: Daughters who go to non-Hindus’ houses, broke their legs: Pragya Singh Thakur