മകൾ ജീവനൊടുക്കില്ല, കുഞ്ഞിന് വേണ്ടിയെല്ലാം സഹിച്ചു: ഷാർജയിൽ മരണപ്പെട്ട അതുല്യയുടെ പിതാവ്
Kerala
മകൾ ജീവനൊടുക്കില്ല, കുഞ്ഞിന് വേണ്ടിയെല്ലാം സഹിച്ചു: ഷാർജയിൽ മരണപ്പെട്ട അതുല്യയുടെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 20th July 2025, 8:29 am

കൊല്ലം: ഷാർജയില്‍ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ ശേഖറിന്റെ ഭർത്താവിനെതിരെ ആരോപണവുമായി പിതാവ് രാജശേഖരൻ പിള്ള. മകൾ ഒരിക്കലും ജീവനൊടുക്കില്ലെന്നും കുഞ്ഞിനുവേണ്ടിയാണ് ജീവിച്ചതെന്നും അതുല്യയുടെ പിതാവ് പറയുന്നു. അതുല്യ ഭര്‍ത്താവ് സതീഷില്‍ നിന്നും നേരിട്ടത് കടുത്ത പീഡനമാണെന്നും രാജശേഖരൻ പിള്ള പറയുന്നു.

മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച രാജശേഖരന്‍ പിള്ള സതീഷ് മദ്യപാനിയായിരുന്നുവെന്നും അക്രമാസക്തനായിരുന്നെന്നും പറയുന്നു. മകൾ അവളുടെ കുഞ്ഞിന് വേണ്ടി എല്ലാം സഹിക്കുകയായിരുന്നുവെന്നും രാജശേഖരന്‍ കൂട്ടിച്ചേർത്തു.

വിവാഹം കഴിഞ്ഞ് കുറച്ചുനാളുകള്‍ കഴിഞ്ഞത് മുതല്‍ക്കെ അതുല്യ ഭർത്താവിൽ നിന്നും മാനസിക, ശാരീരിക പീഡനം നേരിട്ടിരുന്നുവെന്ന് പിതാവ് പറഞ്ഞു. ഒന്നര വര്‍ഷത്തിന് ശേഷം സതീഷിനെതിരെ പരാതി നല്‍കിയിരുന്നുവെങ്കിലും കൗണ്‍സിലിങിന് ശേഷം അതുല്യ സതീഷിനൊപ്പം പോവുകയായിരുന്നു.

‘ഇന്നലെ പിറന്നാള്‍ പാര്‍ട്ടി കഴിഞ്ഞ് മുറിയിലേക്ക് പോയതാണ് അതുല്യ. അതിന് ശേഷമാണ് പ്രശ്‌നം ഉണ്ടായതെന്നാണ് കരുതുന്നത്. അവൻ മദ്യപിച്ച് പ്രശ്നം ഉണ്ടാക്കിയിട്ടുണ്ടാകണം. മദ്യപിച്ച് കഴിഞ്ഞാൽ അവൻ വൈലന്റ് ആകും. ഒരു കാര്യവുമില്ലാതെ ആക്രമിക്കും. അവർ മദ്യപിച്ചാൽ ഒരു സൈക്കോ ആണ്. പക്ഷേ അവൾ ആത്മഹത്യ ചെയ്യില്ല. അവൾക്ക് കുഞ്ഞിനെ അത്രയേറെ ഇഷ്ടമാണ്.

കല്ല്യാണം കഴിഞ്ഞ് ഒരു വർഷം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്നങ്ങൾ തുടങ്ങിയിരുന്നു. അതുല്യ ഗർഭിണിയായിരിക്കുമ്പോൾ അവളെ സതീഷ് ആക്രമിച്ചു. ഭയന്നുപോയ അതുല്യ അവിടെ നിന്നും വീട്ടിലേക്ക് വന്നു. പിന്നാലെ കേസ് കൊടുത്തിരുന്നു. കൗണ്‍സിലിങ്ങിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയായിരുന്നു. പിന്നീട് ഇവൻ കരഞ്ഞ് കാലുപിടിച്ച് അവളെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു.

19 വയസിലായിരുന്നു അവളെ വിവാഹം കഴിച്ച് അയച്ചത്. വിവാഹം കഴിഞ്ഞതിന് ശേഷം അവൻ എന്റെ കുഞ്ഞിന് സ്വസ്ഥത നൽകിയിട്ടില്ല.
ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു, പക്ഷേ അവൾ എല്ലാം സഹിക്കുകയായിരുന്നു. പെണ്‍കുഞ്ഞില്ലേ, അതിനാല്‍ കോംപ്രമൈസ് ചെയ്ത് പോവുകയായിരുന്നു. അടികൊണ്ടാലും ഇടികൊണ്ടാലും സഹിച്ചങ്ങ് പോകും,’ പിതാവ് പറഞ്ഞു.

സതീഷ് മർദിക്കുന്നതിന്റെയും ശരീരത്തിലേറ്റ മുറിവുകളുടെയും ദൃശ്യങ്ങള്‍ അതുല്യ സഹോദരിക്ക് അയച്ച് നല്‍കിയിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ചവറ തെക്കുംഭാഗം പൊലീസ് സതീഷിനെതിരെ കേസെടുത്തിട്ടുമുണ്ട്. കഴിഞ്ഞ വർഷമായിരുന്നു അതുല്യ ഷാർജയിലേക്ക് പോയത്. ഒരു വര്‍ഷമായി ഇരുവരും ഷാര്‍ജയിലായിരുന്നു താമസം.

ഇന്നലെ (ശനിയാഴ്ച) സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു അതുല്യ. ഇന്നലെ രാത്രിയുണ്ടായ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനാണ് സതീഷ്. ദമ്പതികളുടെ ഏക മകള്‍ ആരാധിക (10) അതുല്യയുടെ മാതാപിതാക്കൾക്കൊപ്പം നാട്ടിലാണുള്ളത്. അതുല്യയുടെ ഏക സഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്ളാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്. ഷാര്‍ജ ഫോറന്‍സിക് വിഭാഗത്തിലുള്ള നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുവരും.

സംഭവത്തിൽ സതീഷിനെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി ചവറ തെക്കുംഭാഗം പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റം, സ്ത്രീധന നിരോധന നിയമം, ആത്മഹത്യാപ്രേരണക്കുറ്റം തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. അമ്മയുടെയും അച്ഛന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

 

Content Highlight: Daughter wouldn’t have ended her life, endured everything for her child: Father of Atulya, who died in Sharjah