അമ്മയുടെ പ്രേതചിരി കേട്ട് അന്ന് പേടിച്ചു; മനുഷ്യര്‍ ചെയ്യുന്നത് പോലെയുള്ള പെര്‍ഫെക്ഷന്‍ ഇപ്പോഴും 'എ.ഐ'ക്ക് ഇല്ല: രവീണ രവി
Malayalam Cinema
അമ്മയുടെ പ്രേതചിരി കേട്ട് അന്ന് പേടിച്ചു; മനുഷ്യര്‍ ചെയ്യുന്നത് പോലെയുള്ള പെര്‍ഫെക്ഷന്‍ ഇപ്പോഴും 'എ.ഐ'ക്ക് ഇല്ല: രവീണ രവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 15th March 2026, 7:17 pm

മലയാളികള്‍ക്ക് സുപരിചിതയായ നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് രവീണ രവി. അമല പോള്‍ എമി ജാക് സണ്‍, സാമന്ത തുടങ്ങിയ സൂപ്പര്‍ താരങ്ങള്‍ക്ക് നിരവധി സിനിമകളിലായി ഡബ്ബ് ചെയ്ത രവീണ പോപ്പുലര്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ശ്രീജ രവിയുടെ മകള്‍ കൂടിയാണ്.

ഒരു കിദായ്ന്‍ കരുണൈ മനു എന്ന തമിഴ് ചിത്രത്തിലൂടെ നടിയായി അരങ്ങേറ്റം കുറിച്ച രവീണ ലവ്, ടുഡേ, മാമന്നന്‍ തുടങ്ങിയ മികച്ച സിനിമകളുടെ ഭാഗമായി. അടുത്തിടെ പുറത്തുവന്ന വള എന്ന മലയാള സിനിമയിലും രവീണ പ്രധാനവേഷത്തിലെത്തിയിരുന്നു.

ഇപ്പോഴിതാ അമ്മയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ശ്രീജ രവിയെ കുറിച്ച് സംസാരിക്കുകയാണ് രവീണ. അമ്മ ഡബ്ബ് ചെയ്ത ഭൂരിഭാഗം സിനിമകളും ഇഷ്ടമാണെന്നും ഒരിക്കല്‍ ശബ്ദം കേട്ട് പേടിച്ചിട്ടുണ്ടെന്നും നടി പറയുന്നു.

‘ആകാശഗംഗയിലെ അമ്മയുടെ പ്രേതചിരി കേട്ടിട്ടാണ്, ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ പേടിച്ചത്. റോമ, കാവ്യ മാധവന്‍, ശാലിനി തുടങ്ങിയവര്‍ക്ക് നല്‍കിയ ശബ്ദവും ഏറെ ഇഷ്ടമാണ്. പക്ഷേ, എന്റെ ഏക്കാല ത്തെയും വലിയ ഇഷ്ടം അമ്മയുടെ കുട്ടി ശബ്ദമാണ്. ആ കൊഞ്ചല്‍ വര്‍ത്തമാനം.’മാളൂട്ടി’ എങ്ങനെ മറക്കാനാ. ഇപ്പോള്‍ എ.ഐയുടെ കടന്നുവരവില്‍ ചെറിയ ആശങ്കയുണ്ട്.

നമ്മുടെയൊക്കെ പണി പോകുമോയെന്ന സംശയമുണ്ട്. പക്ഷേ, മനുഷ്യര്‍ ചെയ്യുന്നത് പോലെയുള്ള പെര്‍ഫെക്ഷന്‍ ഇപ്പോഴും എ.ഐ.യ്ക്ക് ഇല്ല എന്നതാണ് ആശ്വാസം. അധികം വൈകാതെ അത് വരുമായിരിക്കും. അതുകൊണ്ട് ഈ മേഖലയിലെ ഏറ്റവും മികച്ച ആളാകണമെന്നതാണ് എന്റെ ആഗ്രഹം. നമ്മുടെ തലയില്‍ എന്തൊക്കെ വലിയ പ്രശ്നങ്ങളുണ്ടായാലും അതു സ്റ്റുഡിയോയുടെ വാതില്‍ക്കല്‍ വച്ചേ ക്കണം,’ രവീണ രവി പറയുന്നു.

മലയാളത്തില്‍ വള, ആസാദി എന്ന ചിത്രങ്ങളിലെ പ്രധാന കഥാപാത്രങ്ങള്‍ ചെയ്തിരുന്നുവെന്നും തമിഴില്‍ ‘ക്രിമിനല്‍’ എന്ന സിനിമ റിലീസാകാനുണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു. ശരത് കുമാറാണ് പ്രധാനവേഷം ചെയ്യുന്നതെന്നും രവീണ പറഞ്ഞു

45 വര്‍ഷകാലമായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റാണ് ശ്രിജ രവി. മാതു, ചാര്‍മിള, ശാലിനി, സുനിത, നയന്‍താര, കാവ്യമാധവന്‍ തുടങ്ങി നിരവധി നായികമാര്‍ക്ക് ശബ്ദം നല്‍കിയ അവര്‍ മാളൂട്ടി മുതല്‍ അനവധി സിനിമകളില്‍ കുട്ടികള്‍ക്കായും ഡബ്ബ് ചെയ്തു. രണ്ടായിരത്തിലേറെ സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയ ശബ്ദങ്ങളിലൊന്നായി മാറിയ ശ്രീജയ്ക്ക് ഈ രംഗത്ത് 50 വര്‍ഷത്തിലേറെ പരിചയ സമ്പത്തുണ്ട്.

Content Highlight: Daughter Raveena Ravi about Sreeja Ravi