നാണക്കേടില്‍ റുവാണ്ടന്‍ താരങ്ങളെയും മറികടന്നു; ആഗ്രഹിക്കാത്ത ലിസ്റ്റില്‍ ഒന്നാമാനായി ഏഷ്യാ കപ്പ് വിന്നിങ് ക്യാപ്റ്റന്‍
Asia Cup
നാണക്കേടില്‍ റുവാണ്ടന്‍ താരങ്ങളെയും മറികടന്നു; ആഗ്രഹിക്കാത്ത ലിസ്റ്റില്‍ ഒന്നാമാനായി ഏഷ്യാ കപ്പ് വിന്നിങ് ക്യാപ്റ്റന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th September 2025, 12:43 pm

 

കഴിഞ്ഞ ദിവസം പാകിസ്ഥാനോട് പരാജയപ്പെട്ടതോടെ ശ്രീലങ്കയുടെ ഏഷ്യാ കപ്പ് മോഹങ്ങള്‍ അവസാനിച്ചിരിക്കുകയാണ്. സൂപ്പര്‍ ഫോറിലെ രണ്ടാം മത്സരവും പരാജയപ്പെട്ടതോടെയാണ് ലങ്കയുടെ യാത്ര ഏതാണ്ട് അവസാനിച്ചത്.

സൂപ്പര്‍ ഫോറില്‍ ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുത്ത മുന്‍ നായകന്‍ ദാസുന്‍ ഷണക പാകിസ്ഥാനെതിരെ പാടെ നിരാശപ്പെടുത്തിയിരുന്നു. ബംഗ്ലാ കടുവകള്‍ക്കെതിരെ വെടിക്കെട്ട് പുറത്തെടുത്ത ഷണക പാകിസ്ഥാനെതിരെ പാടെ മങ്ങി. ഗോള്‍ഡന്‍ ഡക്കായാണ് താരം പുറത്തായത്. ഹുസൈന്‍ താലത്തിന്റെ പന്തില്‍ മുഹമ്മദ് ഹാരിസ് ക്യാച്ച് നല്‍കിയായിരുന്നു താരത്തിന്റെ മടക്കം.

ദാസുന്‍ ഷണക

 

ഇതോടെ ഒരു അനാവശ്യ നേട്ടവും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്താകുന്ന താരമെന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇത് 14ാം തവണയാണ് താരം പൂജ്യത്തിന് മടങ്ങുന്നത്.

അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം തവണ പൂജ്യത്തിന് പുറത്തായ താരങ്ങള്‍

(താരം – ടീം – ഇന്നിങ്‌സ് – എത്ര തവണ ഡക്കായി എന്നീ ക്രമത്തില്‍)

ദാസുന്‍ ഷണക – ശ്രീലങ്ക – 102 – 14*

കെവിന്‍ ഇറകോസെ – റുവാണ്ട – 56 – 13

സാപ്പി ബിമെന്‍യിമാന – റുവാണ്ട – 58 – 13

മാര്‍ട്ടിന്‍ അകേയസു – റുവാണ്ട – 79 – 13

സൗമ്യ സര്‍ക്കാര്‍ – ബംഗ്ലാദേശ് – 86 – 13

പോള്‍ സ്‌റ്റെര്‍ലിങ് – അയര്‍ലന്‍ഡ് – 13

ദാസുന്‍ ഷണകയുടെ 14 ഡക്കുകള്‍

  • vs പാകിസ്ഥാന്‍ – മിര്‍പൂര്‍ – 2016 മാര്‍ച്ച് 16
  • vs ഓസ്‌ട്രേലിയ – അഡ്‌ലെയ്ഡ് – 2017 ഫെബ്രുവരി 22
  • vs ഇന്ത്യ – കൊളംബോ – 2017 സെപ്റ്റംബര്‍ 6
  • vs പാകിസ്ഥാന്‍ – അബുദാബി – 2017 ഒക്ടോബര്‍ 26
  • vs ബംഗ്ലാദേശ് – കൊളംബോ – 2018 മാര്‍ച്ച് 10
  • vs ബംഗ്ലാദേശ് – കൊളംബോ – 2018 മാര്‍ച്ച് 16
  • vs ന്യൂസിലാന്‍ഡ് – പല്ലേക്കലെ – 2019 സെപ്റ്റംബര്‍ 3
  • vs ഓസ്‌ട്രേലിയ – കൊളംബോ – 2022 ജൂണ്‍ 7
  • vs അഫ്ഗാനിസ്ഥാന്‍ – ദുബായ് – 2022 ഓഗസ്റ്റ് 27
  • vs യു.എ.ഇ – ഗീലോങ് – 2022 ഒക്ടോബര്‍ 18
  • vs നെതര്‍ലന്‍ഡ്‌സ് – ഗ്രോസ് ഐലറ്റ് – 2024 ജൂണ്‍ 16
  • vs ഇന്ത്യ – പല്ലേക്കലെ – 2024 ജൂലൈ 27
  • vs ഇന്ത്യ – പല്ലേക്കലെ – 2028 ജൂലൈ 28
  • vs പാകിസ്ഥാന്‍ – ദുബായ് – 2025 സെപ്റ്റംബര്‍ 23*

മത്സരത്തില്‍ അഞ്ച് വിക്കറ്റിനായിരുന്നു പാകിസ്ഥാന്റെ വിജയം. ലങ്ക ഉയര്‍ത്തിയ 134 റണ്‍സിന്റെ വിജയലക്ഷ്യം 12 പന്ത് ശേഷിക്കെ സല്‍മാന്‍ അലി ആഘയുടെ സംഘം മറികടക്കുകയായിരുന്നു.

തുടര്‍ച്ചയായ അഞ്ച് പരാജയങ്ങള്‍ക്ക് ശേഷം ശ്രീലങ്കയ്‌ക്കെതിരായ പാകിസ്ഥാന്റെ ആദ്യ വിജയം കൂടിയായിരുന്നു ഇത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലങ്ക കാമിന്ദു മെന്‍ഡിസിന്റെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് തകര്‍ച്ചയില്‍ നിന്നും കരകയറിയത്. 44 പന്ത് നേരിട്ട താരം 50 റണ്‍സ് നേടി മടങ്ങി. 19 പന്തില്‍ 20 റണ്‍സടിച്ച ക്യാപ്റ്റന്‍ ചരിത് അസലങ്കയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

ഒടുവില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ ലങ്ക 133ന് പോരാട്ടം അവസാനിപ്പിച്ചു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഷഹീന്‍ ഷാ അഫ്രിദിയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ ഹുസൈന്‍ താലത്തും ഹാരിസ് റൗഫുമാണ് ലങ്കയുടെ പതനം വേഗത്തിലാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ മുഹമ്മദ് നവാസ് (24 പന്തില്‍ പുറത്താകാതെ 38), ഹുസൈന്‍ താലത്ത് (30 പന്തില്‍ പുറത്താകാതെ 32) എന്നിവരുടെ കരുത്തില്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

 

Content Highlight: Dasun Shanaka tops the list of players who have been dismissed for ducks most times in T20 Internationals