ഇന്ത്യന്‍ മണ്ണില്‍ താണ്ഡവമാടി ഡാരില്‍ മിച്ചല്‍; ഡിവില്ലിയേഴ് വാഴുന്ന ലിസ്റ്റില്‍ മാസ് എന്‍ട്രി!
Sports News
ഇന്ത്യന്‍ മണ്ണില്‍ താണ്ഡവമാടി ഡാരില്‍ മിച്ചല്‍; ഡിവില്ലിയേഴ് വാഴുന്ന ലിസ്റ്റില്‍ മാസ് എന്‍ട്രി!
ശ്രീരാഗ് പാറക്കല്‍
Wednesday, 14th January 2026, 11:03 pm

ഇന്ത്യയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ന്യൂസിലാന്‍ഡ് വിജയിച്ചത്. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 284 റണ്‍സിന്റെ വിജയലക്ഷ്യം 15 പന്ത് അവശേഷിക്കെയാണ് കിവീസ് മറികടന്നത്. ഇതോടെ മൂന്ന് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ ഇരുവരും 1-1 എന്ന നിലയിലാണ്.

ഡാരില്‍ മിച്ചലിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയത്. 117 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 131* റണ്‍സ് നേടി പുറത്താകാതെയാണ് കിവീസിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ ഇന്ത്യന്‍ മണ്ണില്‍ ഒരു സൂപ്പര്‍ റെക്കോഡ് സ്വന്തമാക്കാനും ഡിരില്‍ മിച്ചലിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യയില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമാകാനാണ് മിച്ചലിന് സാധിച്ചത്. ഈ നേട്ടത്തില്‍ പ്രോട്ടിയാസ് ഇതിഹാസം എ.ബി. ഡിവില്ലിയേഴ്‌സാണ് ഒന്നാം സ്ഥാനത്തുള്ളത്.

ഇന്ത്യയില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന താരം, സെഞ്ച്വറി, ഇന്നിങ്‌സ്

എ.ബി. ഡിവില്ലിയേഴ്‌സ് – 5 – 11

ഡാരില്‍ മിച്ചല്‍ – 3 – 7

ക്വിന്റണ്‍ ഡി കോക്ക് – 3 – 12

സല്‍മാന്‍ ബട്ട് – 3 – 12

ക്രിസ് ഗെയ്ല്‍ – 3 – 13

റിക്കി പോണ്ടിങ് – 3 – 25

മത്സരത്തില്‍ ഡാരിലിന് പുറമെ വില്‍ യങ് 98 പന്തില്‍ 87 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. 32 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്പായിരുന്നു ഡാരില്‍ മിച്ചലിന് പിന്തുണ നല്‍കിയത്. ഇന്ത്യയ്ക്ക് വേണ്ടി ഹര്‍ഷിത് റാണ, പ്രസിദ്ധ് കൃഷ്ണ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

അതേസമയം കെ.എല്‍. രാഹുല്‍ നടത്തിയ പോരാട്ടത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. പുറത്താകാതെ 92 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 53 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലും ഗില്‍ അര്‍ധ സെഞ്ച്വറി നേടിയരുന്നു. അതേസമയം സൂപ്പര്‍ താരം രോഹിത് ശര്‍മ 24 റണ്‍സും വിരാട് കോഹ്‌ലി 23 റണ്‍സും നേടിയിരുന്നു.

ന്യൂസിലാന്‍ഡിനായി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റ് നേടിയ ക്രിസ് ക്ലാര്‍ക്കാണ്. കൈല്‍ ജാമിസണ്‍, സാക്കറി ഫോള്‍ക്‌സ്, ജെയ്ഡന്‍ ലിനോക്‌സ്, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Daryl Mitchell In Wonderful Record Achievement In ODI In India

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ