പര്‍ദ്ദ; അനുപമയുടെ സീക്വന്‍സ് എടുക്കുമ്പോള്‍ സംവിധായകന്‍ കരഞ്ഞു: ദര്‍ശന രാജേന്ദ്രന്‍
Malayalam Cinema
പര്‍ദ്ദ; അനുപമയുടെ സീക്വന്‍സ് എടുക്കുമ്പോള്‍ സംവിധായകന്‍ കരഞ്ഞു: ദര്‍ശന രാജേന്ദ്രന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 22nd August 2025, 2:59 pm

ചുരുങ്ങിയ സിനിമകള്‍കൊണ്ട് തന്നെ വലിയ ജനപ്രീതി നേടിയ നടിയാണ് ദര്‍ശന രാജേന്ദ്രന്‍. ചെറിയ വേഷങ്ങളിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ദര്‍ശന പിന്നീട് നായികാവേഷങ്ങളിലും തിളങ്ങി. ദര്‍ശനയുടേതായി ഇന്ന് തിയേറ്ററുകളില്‍ എത്തിയ തെലുങ്ക് സിനിമയാണ് പര്‍ദ്ദ. അനുപമയാണ് സിനിമയില്‍ മറ്റൊരു വേഷം കൈകാര്യം ചെയ്യുന്നത്. പ്രവീണ്‍ കാന്ദ്രെഗുലയാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ഇപ്പോള്‍ മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ പര്‍ദ്ദ സിനിമയെ കുറിച്ചും സെറ്റിലെ സ്ത്രീകളുടെ സാന്നിധ്യത്തെ കുറിച്ചും സംസാരിക്കുകയാണ് ദര്‍ശന.

‘സിനിമയുടെ അണിയറയില്‍ ഒരു സ്ത്രീ ഉണ്ടെന്ന് എടുത്ത് പറയരുതെന്ന് എനിക്ക് ആഗ്രഹമുണ്ട്. അത് സിനിമയുടെ ഒരു ഭാഗമായി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ അങ്ങനെയല്ല. സെറ്റില്‍ ഒരു ഫീമേയ്ല്‍ ലീഡും ബാക്കിയെല്ലാരും പുരുഷന്‍മാരും ആയിരിക്കും. ഞങ്ങള്‍ എല്ലാവരും ഇപ്പോള്‍ അതിനോട് യൂസ്ഡായി,’ ദര്‍ശന പറയുന്നു.

സംവിധായകന്റെ വളരെ പേഴ്‌സണലായിട്ടുള്ള ഒരു യാത്ര കൂടിയായിരുന്നു പര്‍ദ്ദ എന്ന സിനിമയെന്നും നടി പറയുന്നു.

‘സിനിമയില്‍ ഒരു സീക്വന്‍സില്‍ മഞ്ഞിലായിരുന്നു തങ്ങള്‍ ഷൂട്ട് ചെയ്തത്. കുറേ ബുദ്ധിമുട്ടിയാണ് മലയുടെ മുകളിലേക്ക് എത്തിയത്. ഒരു സീനില്‍ അനുപമയേ ഡയറക്ട് ചെയ്യുമ്പോള്‍ സംവിധായകന്‍ പറഞ്ഞു, ഈസിനിമ എന്റെ പേഴ്‌സണലായിട്ടുള്ള ഒരു യാത്രയാണ്. ഇത്രയും ചെറിയ ഒരു നാട്ടില്‍ നിന്ന് വന്ന് ഇങ്ങനെ മലയുടെ പുറത്ത് നില്‍ക്കാന്‍ പറ്റുമെന്നും മഞ്ഞ് കാണാന്‍ കഴിയുമെന്നൊന്നും ഞാന്‍ വിചാരിച്ചിട്ടില്ല’ എന്ന്. അങ്ങനെ പറഞ്ഞുകൊണ്ട് അദ്ദേഹം കരഞ്ഞു,’ ദര്‍ശന കൂട്ടിച്ചേര്‍ത്തു.

content highlight: Darshana talks about the movie Pardha and the presence of women on the set